

ബെര്‍ലിന്‍: വേതനവര്‍ധനവ് ആവശ്യപ്പെട്ട് വോക്സ് വാഗണ്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ച സമവായത്തിലെത്താതെ പിരിഞ്ഞതോടെ സമരത്തിനൊരുങ്ങി ഇടത് തൊഴിലാളി യൂണിയന്. വടക്കന്‍ ജര്‍മനിയിലെ എംഡനില്‍ വോക്സ്വാഗണ് മാനേജ്മെന്റും ഐജി മെറ്റല്‍ യൂണിയനും തമ്മില്‍ ചൊവ്വാഴ്ച നടന്ന 90 മിനിറ്റ് നീണ്ട ചര്‍ച്ചയാണ് തീരുമാനമാകാതെ അവസാനിച്ചത്. ഇതോടെ ജനുവരി ഒന്ന് മുതല്‍ ശക്തമായ പണിമുടക്കിലേക്ക് കടക്കുമെന്ന് തൊഴിലാളി യൂണിയനായ ഐജി മെറ്റൽ മുന്നറിയിപ്പ് നല്കി. സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന കരാര്‍ കാലാവധി (നോ-സ്ട്രൈക്ക് പിരീഡ്) ഡിസംബര്‍ 31ന് അവസാനിക്കുന്നതോടെയാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാന്‍ യൂണിയന് ഒരുങ്ങുന്നത്. അടുത്ത ഘട്ട ചര്‍ച്ച ഡിസംബര്‍ 15ന് സ്വിക്കാവുവില് നടക്കും.

തൊഴിലാളികളുടെ വേതനത്തില്‍ അഞ്ച് ശതമാനം വര്‍ധനവാണ് യൂണിയന്റെ ആവശ്യം. ചര്‍ച്ചകള്‍ നടന്ന നോര്ഡ്സീഹാലെ വേദിക്ക് പുറത്ത് ഒത്തുകൂടിയ 4,500ഓളം തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട്, കമ്പനിയുടെ ചെലവ് ചുരുക്കല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നതായി യൂണിയന് പ്രതിനിധി തോര്‍സ്റ്റണ്‍ ഗ്രോഗര്‍ പ്രഖ്യാപിച്ചു. 2024ലെ തൊഴില്‍ കരാറിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വോക്സ് വാഗണ്‍ മാനേജ്മെന്റ് തങ്ങളുടെ അമിത ആവശ്യങ്ങളില്‍ നിന്ന് പിന്മാറണമെന്നും തൊഴിലാളികളുടെ വിശ്വാസം പുനഃസ്ഥാപിച്ചില്ലെങ്കില്‍ രൂക്ഷമായ തൊഴില്‍ തര്‍ക്കങ്ങള്‍ നേരിടേണ്ടി വരുമെന്നും വോക്സ് വാഗണ്‍ വര്‍ക്സ് കൗണ്‍സില്‍ (Volkswagen Works Council) ചെയര്‍പേഴ്സണ്‍ ഡാനിയേല കവാലോ മുന്നറിയിപ്പ് നല്കി.
2027, 2028 വര്‍ഷങ്ങളില്‍ വേതനം മരവിപ്പിക്കാനും, അലവന്‍സുകളും ബോണസുകളും റദ്ദാക്കാനും, നിലവിലുള്ള ആഴ്ചയിലെ 35 മണിക്കൂര്‍ ജോലി സമയം എന്നിവ ഉത്പാദന ആവശ്യാനുസരണം മാറ്റാനും മാനേജ്മെന്റ് നീക്കം നടത്തുന്നുണ്ട്. ഈ നിര്‍ദേശം നടപ്പിലായാല്‍ ഉല്‍പ്പാദനം കൂടുമ്പോള്‍ അധിക വേതനം നല്‍കാതെ തൊഴിലാളികള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരികയും, സമയം കുറയുമ്പോള്‍ അതിനനുസരിച്ച് ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്യും.
2024ല്‍ ധാരണയായ 35,000 തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ക്ക് പുറമെ 12,000 തസ്തികകള്‍ കൂടി ഇല്ലാതാക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. താരിഫുകള്‍, ചുരുങ്ങുന്ന ചൈനീസ് മാര്‍ക്കറ്റ്, യൂറോപ്പിലെ കടുത്ത മത്സരം എന്നിവ ചൂണ്ടിക്കാണിച്ച് തൊഴില്‍ ചെലവുകള്‍ ഉടന്‍ കുറയ്ക്കണമെന്നാണ് കമ്പനി പ്രതിനിധി ഫ്രാങ്ക് ഇഷ്നാര് വാദിക്കുന്നത്. എന്നാല്‍ 2030 അവസാനിക്കുന്നത് വരെ നിര്‍ബന്ധിത പിരിച്ചുവിടലുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന തൊഴില്‍ സുരക്ഷാ കരാറുകള്‍ കമ്പനി പാലിക്കണമെന്നാണ് യൂണിയന്റെ ശക്തമായ നിലപാട്.
Content Highlight: Volkswagen's IG Metall workers' union has threatened major strikes from January after wage negotiations with the company ended without an agreement. The union is demanding a five per cent pay rise and has rejected management proposals to freeze wages in 2027 and 2028, scrap allowances and bonuses, and introduce flexible working hours. The dispute also involves plans for additional job cuts beyond the 35,000 reductions agreed in 2024. The union has called on Volkswagen to honour its employment security commitments and warned of escalating industrial action if management fails to address workers' concerns.