'ഡിസംബര്‍ 16ഓടെ ബംഗ്ലാദേശ് പിടിച്ചെടുക്കും'; വിവാദ പ്രസ്താവനയുമായി ബംഗാള്‍ മന്ത്രി

ഇന്ത്യയിലുള്ള മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും അവാമി ലീഗ് അധ്യക്ഷയുമായ ഷെയ്ഖ് ഹസീന തിരികെ പോകുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര ചര്‍ച്ചകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്

'ഡിസംബര്‍ 16ഓടെ ബംഗ്ലാദേശ് പിടിച്ചെടുക്കും'; വിവാദ പ്രസ്താവനയുമായി ബംഗാള്‍ മന്ത്രി
Arjun Singh
dot image

കൊല്‍ക്കത്ത: ഡിസംബര്‍ 16ഓടെ ഇന്ത്യ ബംഗ്ലാദേശിനെ പിടിച്ചെടുക്കുമെന്നും ബംഗ്ലാദേശില്‍ ഹൈന്ദവര്‍ കൊല്ലപ്പെടുന്നതിന് പ്രതികാരം വീട്ടുമെന്നും ബംഗാളിലെ ബിജെപി മന്ത്രി അര്‍ജുന്‍ സിങ്. ചൊവ്വാഴ്ച ഭാട്പാരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. 'ഡിസംബര്‍ 16-ഓടെ ഞങ്ങള്‍ ബംഗ്ലാദേശ് പിടിച്ചെടുക്കും. ഇനി സഹിക്കാന്‍ കഴിയില്ല; ബംഗ്ലാദേശിന്റെ കാര്യത്തില്‍ ഇനി ഒഴികഴിവുകളൊന്നുമില്ല. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെട്ട രീതിക്ക് ഞങ്ങള്‍ തീര്‍ച്ചയായും പ്രതികാരം ചെയ്യും; അതില്‍ യാതൊരു സംശയവുമില്ല,' ബിജെപി നേതാവ് പറഞ്ഞു.

ഇന്ത്യയിലുള്ള മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും അവാമി ലീഗ് അധ്യക്ഷയുമായ ഷെയ്ഖ് ഹസീന തിരികെ പോകുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര ചര്‍ച്ചകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്.

ഷെയ്ഖ് ഹസീന

ഹസീനയെ 'കൈവിലങ്ങണിയിച്ച തടവുകാരിയായി' മാത്രമേ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ അനുവദിക്കൂ എന്നാണ് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍ നേരത്തെ പ്രതികരിച്ചിരുന്നത്. ധാക്കയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ വിദേശ നയതന്ത്രജ്ഞരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആഗ്രഹവും യാഥാര്‍ത്ഥ്യവും രണ്ടും രണ്ടാണ്. ഒരു ഭീകരനെ കുറ്റവാളികളെ കൈമാറുന്ന പ്രക്രിയയിലൂടെയല്ലാതെ തിരികെ വരാന്‍ ഒരിക്കലും അനുവദിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ ഒരു സാധാരണ വാണിജ്യ വിമാന യാത്രികയല്ല. കൈവിലങ്ങണിയിച്ച് കര്‍ശന നിരീക്ഷണത്തില്‍ മാത്രമേ അവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കൂ,' എന്നാണ് ഹുമയൂണ്‍ കബീര്‍ പറഞ്ഞത്. ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്ക് ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ 'ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍' യാത്ര ചെയ്യാന്‍ ഹസീന ആഗ്രഹിക്കുന്നുവെന്ന് ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മല്‍ അലി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

'2024 ഓഗസ്റ്റ് 5-ന് ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശ് വിമാനത്തിലാണ് ഇന്ത്യയിലേക്ക് കൊണ്ടുപോയത് എന്നതിനാല്‍, ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്ക് തിരികെ വരുന്നതിനായി വിമാന സൗകര്യം ഒരുക്കാന്‍ അവര്‍ ഇപ്പോള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു,' ഹസീനയുടെ വക്താവ് പറയുന്നു.

എന്നാല്‍ ഈ ആവശ്യത്തെ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ (ഐസിടി) ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് അമീനുല്‍ ഇസ്‌ലാം 'വെറും ഭ്രാന്ത്' എന്ന് വിശേഷിപ്പിച്ച് തള്ളി. കൂടാതെ, ഹസീന തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റും തടവും നേരിടേണ്ടിവരുമെന്ന് ഞായറാഴ്ച ഒരു ബംഗ്ലാദേശി മന്ത്രി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി; യാത്രയ്ക്കായി വിമാനം ഒരുക്കുന്നതിനെക്കുറിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2009 മുതല്‍ 2024 വരെ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന, പൊതുമേഖലാ ജോലി സംവരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം അവാമി ലീഗ് സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി മാറിയതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭകര്‍ക്കെതിരെയുള്ള നടപടികളുമായി ബന്ധപ്പെട്ട് മാനവരാശിക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ അവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഹസീന നിഷേധിച്ചിട്ടുണ്ട്.

ഓഗസ്റ്റില്‍ നടത്തിയ വെര്‍ച്വല്‍ മാധ്യമ സമ്മേളനത്തിലാണ് ഹസീന ആദ്യമായി മടങ്ങിവരാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. യുകെയിലെ നിയമപ്രതിനിധികള്‍ വഴി പുതിയ പാസ്പോര്‍ട്ടിനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനും അവര്‍ അടുത്തിടെ അപേക്ഷിച്ചിട്ടുണ്ട്. ഹസീനയെ വിട്ടുനല്‍കണമെന്ന് ധാക്ക നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും, അപേക്ഷ പരിശോധനയിലാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.

Content Highlight: BJP leader Arjun Singh has triggered controversy with his claim that India will take over Bangladesh by December 16 and avenge the killings of Hindus in the neighbouring country. The remarks come amid diplomatic tensions between India and Bangladesh over the possible return of former Prime Minister Sheikh Hasina, who has been living in India since fleeing Dhaka in August 2024. Bangladesh's Foreign Affairs Adviser Humayun Kabir has said Hasina would be brought back only as an arrested prisoner under strict security. Meanwhile, Hasina's spokesperson has claimed that she wishes to return to Dhaka on December 16 aboard Biman Bangladesh Airlines. Hasina was sentenced to death by Bangladesh's International Crimes Tribunal over crimes against humanity linked to the crackdown on protesters, charges she has denied.

dot image
To advertise here,contact us
dot image