'PDAയ്ക്ക് മാത്രമേ NDAയെ പരാജയപ്പെടുത്താനാകൂ, വിജയസാധ്യതയുള്ള മറ്റ് മണ്ഡലമേതെന്ന് കോണ്‍ഗ്രസ് പട്ടിക നൽകണം': SP

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് ഇരുപാര്‍ട്ടികളുടെയും പൊതു ലക്ഷ്യമെന്നും, മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇരു സഖ്യകക്ഷികളും സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി

'PDAയ്ക്ക് മാത്രമേ NDAയെ പരാജയപ്പെടുത്താനാകൂ, വിജയസാധ്യതയുള്ള മറ്റ് മണ്ഡലമേതെന്ന് കോണ്‍ഗ്രസ് പട്ടിക നൽകണം': SP
രാഹുല്‍ ഗാന്ധി | അഖിലേഷ് യാദവ്
dot image

ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകളില്‍ വിജയസാധ്യതയുള്ള സീറ്റുകളുടെ ലിസ്റ്റ് നല്‍കണമെന്ന് കോണ്‍ഗ്രസിനോട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രണ്ട് വെവ്വേറെ പാര്‍ട്ടികളുടെ പ്രതിനിധികളായല്ല, മറിച്ച് 'ഇന്‍ഡ്യ' (INDIA) മുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി സംയുക്തമായി മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു അഖിലേഷ് നിലപാട് വ്യക്തമാക്കിയത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് ഇരുപാര്‍ട്ടികളുടെയും പൊതു ലക്ഷ്യമെന്നും, മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇരു സഖ്യകക്ഷികളും സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

നേതാക്കള്‍ തമ്മില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അഖിലേഷിന്റെ ഈ പ്രതികരണം. ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് 26 സീറ്റുകള്‍ വാഗ്ദാനം ചെയ്തതായി സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കിയെങ്കിലും, അത്തരമൊരു വാഗ്ദാനം ലഭിച്ചതായി കോണ്‍ഗ്രസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ചര്‍ച്ച ചെയ്ത 26 സീറ്റുകള്‍ക്ക് പുറമെ, ജയസാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് കരുതുന്ന മറ്റ് എല്ലാ മണ്ഡലങ്ങളുടെയും പട്ടിക നല്‍കണമെന്ന് എസ്പി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

Congress SP

'ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്ത, നിങ്ങളുടെ ടീം നല്‍കിയ മുന്‍ഗണനാ പട്ടികയിലെ 26 സീറ്റുകള്‍ക്ക് പുറമെ, സാധ്യതയുള്ള മറ്റ് എല്ലാ സീറ്റുകളും കണ്ടെത്തി ഞങ്ങള്‍ക്ക് അയച്ചുതരിക. അതിനുശേഷം നമ്മള്‍ ഒരുമിച്ചിരുന്ന് ഏതെല്ലാം സീറ്റുകളിലും ഏതെല്ലാം സ്ഥാനാര്‍ത്ഥികളിലുമാണ് വിജയസാധ്യതയുള്ളതെന്ന് വിലയിരുത്തും. ഞങ്ങളുടെ വിലയിരുത്തലിന്റെയും വിജയത്തിന്റെ ഗണിതശാസ്ത്ര സമവാക്യങ്ങളുടെയും അടിസ്ഥാനത്തില്‍, ചില കാരണങ്ങളാല്‍ കോണ്‍ഗ്രസ് പരിഗണിക്കാതിരുന്ന നിരവധി വിജയിക്കാവുന്ന സീറ്റുകളെക്കുറിച്ച് കോണ്‍ഗ്രസിനോട് പറയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും,' അഖിലേഷ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

Rahul Gandhi | Akhilesh Yadav
രാഹുല്‍ ഗാന്ധി | അഖിലേഷ് യാദവ്

'ലോകസഭാ തിരഞ്ഞെടുപ്പില്‍ 'പിഡിഎ'യ്ക്ക് (പിന്നാക്ക-ദളിത്-ന്യൂനപക്ഷ) നിങ്ങളുടെ സംഘടന നല്‍കിയ പൂര്‍ണ പിന്തുണ എല്ലായ്‌പ്പോഴും പ്രശംസിക്കപ്പെടും, കാരണം ആ പിന്തുണയാണ് ബിജെപിയുടെ വര്‍ഗീയതയെ ഒരുമിച്ച് പരാജയപ്പെടുത്താന്‍ നമ്മെ സഹായിച്ചത്. ഇത്തവണയും ഉത്തര്‍പ്രദേശിലും തുടര്‍ന്ന് കേന്ദ്രത്തിലും ബിജെപിയെ പരാജയപ്പെടുത്താന്‍ നമ്മള്‍ ശക്തി പ്രാപിക്കും. ഈ സന്ദേശം ഓരോ നഗരത്തിലും അയല്‍പക്കത്തും തെരുവിലും ഗ്രാമത്തിലും എത്തിയതായി ഗ്രൗണ്ട് സര്‍വേകള്‍ വ്യക്തമാക്കുന്നു.

ദുരിതമനുഭവിക്കുന്നവരാണ് പിഡിഎ. അതുകൊണ്ടാണ് സംസ്ഥാനത്തുടനീളമുള്ള ഓരോ സമുദായത്തിലെയും എല്ലാ വിഭാഗങ്ങളിലെയും 'പീഡിതരും ദുരിതബാധിതരും അപമാനിതരുമായ' ജനങ്ങള്‍ ബിജെപിക്കെതിരെ അണിനിരന്നത്. കാരണം 'പിഡിഎയ്ക്ക് മാത്രമേ എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ കഴിയൂ' എന്നും പിഡിഎ മാത്രമാണ് മാറ്റം കൊണ്ടുവരിക എന്നും അവര്‍ വിശ്വസിക്കുന്നു,' അഖിലേഷ് കൂട്ടിച്ചേര്‍ത്തു. കൂടാതെ, സഖ്യ സ്ഥാനാര്‍ത്ഥികളെ 'പി.ഡി.എ സ്ഥാനാര്‍ത്ഥികള്‍' ആയി ഉയര്‍ത്തിക്കാട്ടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അതേസമയം, അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയും സമാജ് വാദി പാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബെഹാത്, സഹാറന്‍പൂര്‍, കൈരാന, അമ്രോഹ, ലളിത്പൂര്‍ മണ്ഡലങ്ങളിലാണ് എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതില്‍ നാല് മുസ്‌ലിം സ്ഥാനാര്‍ത്ഥികളും ഒരു യാദവേതര ഒബിസി സ്ഥാനാര്‍ത്ഥിയും ഉള്‍പ്പെടുന്നു.

ആഷു മാലികാണ് സഹാറന്‍പൂരില്‍ നിന്ന് മത്സരിക്കുന്നത്. കൈരാനയില്‍ നിന്ന് നഹിദ് ഹസന്‍, അംറോഹയില്‍ നിന്നും മെഹബൂബ് അലി, ലളിത്പൂറില്‍ നിന്നും ജ്യോതി ലോധിയും ബെഹത്തില്‍ നിന്ന് ഉമര്‍ അലി ഖാനുമാണ് മത്സരിക്കുന്നത്. സഹാറന്‍പൂര്‍, ബെഹാത് എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ അവിടുത്തെ തന്നെ എംഎല്‍എമാരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത് എന്നാണ് എസ്പി പറഞ്ഞത്.

Content Highlight: Samajwadi Party chief Akhilesh Yadav has urged Congress to identify and submit a list of additional winnable constituencies beyond the 26 seats discussed during initial seat-sharing talks for the 2027 Uttar Pradesh Assembly elections. He called for selecting candidates jointly under the INDIA alliance banner rather than as representatives of individual parties, emphasising that the primary objective should be defeating the BJP. Akhilesh also highlighted the PDA (Backward Classes, Dalits and Minorities) coalition, claiming it alone could defeat the NDA. Meanwhile, the SP has announced candidates for five constituencies, including four Muslim candidates and one non-Yadav OBC candidate, some of which are also claimed by Congress.

dot image
To advertise here,contact us
dot image