

കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കും തൊഴിലുടമകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. തൊഴിൽ കരാർ നിലനിൽക്കുന്ന കാലയളവിൽ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാൻ പാടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ശമ്പള വിതരണം കൃത്യമായി നിരീക്ഷിക്കാൻ സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൃത്യമായി ശമ്പളം നൽകുന്നത് നിയമപരമായ ഉത്തരവാദിത്തം മാത്രമല്ല, തൊഴിലാളികളുടെ അവകാശങ്ങളോടുള്ള ആദരവുമാണെന്ന് മാൻപവർ അതോറിറ്റി ചൂണ്ടിക്കാട്ടി. നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി എടുക്കാനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതോറിറ്റിക്ക് പൂർണ്ണ അധികാരമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കരാർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഒരു കാരണവശാലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തൊഴിലുടമകൾക്ക് അനുവാദമില്ല. കൂടാതെ, വായ്പകൾക്കും മറ്റ് കടബാധ്യതകൾക്കുമായി ശമ്പളത്തിൽ നിന്ന് ഈടാക്കാവുന്ന തുകയ്ക്കും കർശനമായ പരിധി നിശ്ചയിച്ചിട്ടുണ്ട്.
അടുത്ത വർഷം ആദ്യം മുതൽ സ്വകാര്യ മേഖലയിൽ വലിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് അതോറിറ്റി. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ 'കുവൈറ്റ് വേജ് പേയ്മെന്റ് സിസ്റ്റം' നിലവിൽ വന്നു. കൃത്യമായി ശമ്പളം നൽകിയെന്ന് കാണിക്കാൻ വ്യാജ രേഖകൾ ഉണ്ടാക്കുന്നതും ശമ്പളം അക്കൗണ്ടിലിട്ട ശേഷം ജീവനക്കാരിൽ നിന്ന് തിരികെ വാങ്ങുന്നതും ഈ പുതിയ സംവിധാനത്തിലൂടെ തടയാൻ സാധിക്കും.
300 ദിനാറിൽ താഴെ ശമ്പളമുള്ള ജീവനക്കാരുടെ അക്കൗണ്ടുകളിലായിരിക്കും പ്രധാനമായും കർശന നിരീക്ഷണം ഉണ്ടാകുക. നിയമലംഘനങ്ങളെ ഉയർന്ന അപകടസാധ്യത, ഇടത്തരം അപകടസാധ്യത, കുറഞ്ഞ അപകടസാധ്യത എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. അക്കൗണ്ടുകളിൽ സംശയാസ്പദമായ എന്തെങ്കിലും ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കഴിഞ്ഞ ആറ് മാസത്തെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് അധികൃതരെ അറിയിക്കാനും സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlights: Kuwait is tightening its enforcement measures against private-sector companies that delay or fail to pay workers' salaries. The Public Authority for Manpower (PAM) is pursuing stricter action, including restricting access to government services and excluding non-compliant companies from government tenders. Separately, PAM has clarified that employers cannot reduce the salary agreed upon in an employment contract while the contract remains in force. These measures aim to strengthen wage protection for expatriate and other private-sector workers.