'ഭ്രാന്തൻ പട്ടി കടിച്ചവരെപ്പോലെ'; കോൺഗ്രസിലെ വിമത എംഎൽഎമാർക്കെതിരെ രേവന്ത് റെഡ്ഡിയുടെ വിവാദ പ്രസ്താവന

ഉന്നത പദവികളിലിരിക്കുന്ന നേതാക്കൾ മാന്യമായി സംസാരിക്കണമെന്നും ഭാഗ്യം കൊണ്ട് മാത്രം മുഖ്യമന്ത്രിയായവർ അധികാരത്തിൻ്റെ അഹങ്കാരം കാണിക്കരുതെന്നും എംഎൽഎ രാജ്ഗോപാൽ റെഡ്ഡി കുറ്റപ്പെടുത്തി

'ഭ്രാന്തൻ പട്ടി കടിച്ചവരെപ്പോലെ'; കോൺഗ്രസിലെ വിമത എംഎൽഎമാർക്കെതിരെ രേവന്ത് റെഡ്ഡിയുടെ വിവാദ പ്രസ്താവന
Revanth Reddy
dot image

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം പരസ്യമായ വാക്പോരിലേക്ക്. സർക്കാരിനെ പരസ്യമായി വിമർശിക്കുന്ന സ്വന്തം പാർട്ടിയിലെ എംഎൽഎമാരെ 'ഭ്രാന്തൻ പട്ടി കടിച്ചവർ' എന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിശേഷിപ്പിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ മുനുഗോഡ് എംഎൽഎ കോമട്ടിറെഡ്ഡി രാജഗോപാൽ റെഡ്ഡി ഉൾപ്പെടെയുള്ള നേതാക്കൾ രൂക്ഷമായ ഭാഷയിലാണ് തിരിച്ചടിച്ചത്.

നവംബർ 19 ന് സിദ്ദിപേട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് പേരെടുത്തു പറയാതെ വിമത എംഎൽഎമാർക്കെതിരെ രേവന്ത് റെഡ്ഡി ആഞ്ഞടിച്ചത്. 'ഇന്നലെയും മിനിഞ്ഞാന്നും നമ്മുടെ സ്വന്തം ആളുകളിൽ ചിലർ, മൈക്കിലൂടെ സർക്കാരിൻ്റെ എല്ലാ മോശം കാര്യങ്ങളും വിളിച്ചുപറയുകയും, എന്‍റെ വീട്ടിൽ വന്ന് നല്ല കാര്യങ്ങൾ ചെവിയിൽ മന്ത്രിക്കുകയും ചെയ്യുന്നു. ഭ്രാന്തൻ പട്ടി കടിച്ച ഇത്തരം ചില ഭ്രാന്തന്മാർ പാർട്ടിയിലുണ്ടാകും' രേവന്ത് റെഡ്ഡി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ എംഎൽഎമാർ സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെ കടുത്ത മറുപടി നൽകി. ഉന്നത പദവികളിലിരിക്കുന്ന നേതാക്കൾ മാന്യമായി സംസാരിക്കണമെന്നും ഭാഗ്യം കൊണ്ട് മാത്രം മുഖ്യമന്ത്രിയായവർ അധികാരത്തിൻ്റെ അഹങ്കാരം കാണിക്കരുതെന്നും എംഎൽഎ രാജ്ഗോപാൽ റെഡ്ഡി കുറ്റപ്പെടുത്തി. 'അഴിമതി നിറഞ്ഞതും ദുഷിച്ചതുമായ ഭരണം നടത്തുന്നവരോട് തെലങ്കാനയിലെ ജനങ്ങളും ചരിത്രവും ഒരിക്കലും പൊറുക്കില്ല' രാജഗോപാൽ റെഡ്ഡി കുറിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലമായ കൊടംഗലിനും മറ്റു മന്ത്രിമാരുടെ മണ്ഡലങ്ങൾക്കും വികസന ഫണ്ടുകൾ വാരിക്കോരി നൽകുമ്പോൾ തങ്ങളുടെ മണ്ഡലങ്ങളെ അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫണ്ട് തടഞ്ഞുവെച്ചാൽ മറ്റൊരു 'കുരുക്ഷേത്ര' യുദ്ധം ആരംഭിക്കുമെന്നും രാജഗോപാൽ റെഡ്ഡി മുന്നറിയിപ്പ് നൽകി.

Content Highlights: Telangana Chief Minister Revanth Reddy sparks controversy by comparing Congress rebel MLAs to people bitten by rabid dogs, triggering a sharp response from MLA Komatireddy Raj Gopal Reddy.

dot image
To advertise here,contact us
dot image