'IIT വിദ്യാർത്ഥികളെപ്പോലെ ITI വിദ്യാർഥികൾക്കും തുല്യ ആദരവ് നൽകണം, AI കാലത്ത് അവർക്ക് പ്രാധാന്യമേറും': മോദി

നിര്‍മിതബുദ്ധിയെക്കുറിച്ച് ലോകമെമ്പാടും വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, കൈത്തൊഴിലും പ്രായോഗിക നൈപുണ്യവുമുള്ള ഒരു വ്യക്തിയുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു

'IIT വിദ്യാർത്ഥികളെപ്പോലെ ITI വിദ്യാർഥികൾക്കും തുല്യ ആദരവ് നൽകണം, AI കാലത്ത് അവർക്ക് പ്രാധാന്യമേറും': മോദി
dot image

ലഖ്‌നൗ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തൊഴിലവസരങ്ങളെ ബാധിക്കുമെന്ന ആശങ്കകള്‍ ശക്തമാകുന്നതിനിടെ, സര്‍ട്ടിഫിക്കറ്റുകള്‍ക്കപ്പുറം തൊഴില്‍ നൈപുണ്യവും പ്രായോഗിക പരിചയവുമുള്ള തൊഴിലാളികള്‍ക്ക് ഭാവിയില്‍ കൂടുതല്‍ ആദരവും പ്രാധാന്യവും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലഖ്‌നൗവിലെ ഇന്ദിരാ ഗാന്ധി പ്രതിഷ്ഠാനില്‍ നടന്ന അഞ്ചാമത് ദേശീയ നൈപുണ്യ ബിരുദദാന ചടങ്ങില്‍ (5th National Skill Convocation Ceremony) സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മിതബുദ്ധിയെക്കുറിച്ച് ലോകമെമ്പാടും വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, കൈത്തൊഴിലും പ്രായോഗിക നൈപുണ്യവുമുള്ള ഒരു വ്യക്തിയുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

AI

'എഐയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, എന്നാല്‍ നൈപുണ്യമുള്ള ഒരാളുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഓര്‍ക്കുക. കാലം മാറുകയാണ്. കേവലം സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരേക്കാള്‍ നൈപുണ്യമുള്ള വ്യക്തികള്‍ക്ക് ഭാവിയില്‍ കൂടുതല്‍ ആദരവ് ലഭിക്കും,' അദ്ദേഹം പറഞ്ഞു. സാങ്കേതിക രംഗത്തെ ഉന്നത ബിരുദധാരികളെപ്പോലെ തന്നെ തൊഴിലധിഷ്ഠിത പരിശീലനം നേടിയ ഐടിഐ വിദ്യാര്‍ത്ഥികളെയും സമൂഹം അതേ ആദരവോടെ കാണണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Also Read:

'ഐഐടി (IIT) വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന അതേ ആദരവ് ഐടിഐ (ITI) വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കണം. വന്‍കിട കമ്പനികളില്‍ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുള്ള രണ്ടും മൂന്നും പേര്‍ മാത്രമായിരിക്കാം ഉള്ളത്, എന്നാല്‍ ആ കമ്പനിക്ക് കരുത്ത് നല്‍കാനും അത് മുന്നോട്ട് കൊണ്ടുപോകാനും 200 മുതല്‍ 300 വരെ ഐടിഐ പരിശീലനം ലഭിച്ച ആളുകള്‍ ആവശ്യമാണ്. ഐഐടിയായാലും ഐടിഐ ആയാലും എന്നെ സംബന്ധിച്ചിടത്തോളം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിന്റെ സമ്പത്തും കരുത്തും ഭാവിയും,' പ്രധാനമന്ത്രി പറഞ്ഞു.

Narendra Modi
നരേന്ദ്ര മോദി

ഇന്ത്യയുടെ പരമ്പരാഗത നൈപുണ്യ അടിത്തറ വിദേശ അധിനിവേശക്കാരും ബ്രിട്ടീഷുകാരും തകര്‍ത്ത രീതിയെക്കുറിച്ചും പ്രധാനമന്ത്രി ചടങ്ങില്‍ സംസാരിച്ചു. ഇന്ത്യയിലെ കരകൗശല വിദഗ്ധരുടെ നൈപുണ്യമാണ് രാജ്യത്തെ സമൃദ്ധവും മഹത്തരവുമാക്കുന്നതെന്ന് മനസ്സിലാക്കിയ വിദേശ അധിനിവേശക്കാര്‍, ശില്പികളുടെയും കരകൗശല വിദഗ്ധരുടെയും വിരലുകള്‍ മുറിച്ചുമാറ്റിക്കൊണ്ട് രാജ്യത്തിന്റെ നൈപുണ്യ മേഖലയെ നശിപ്പിക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷ് ഭരണാധികാരിയായ തോമസ് ബാബിംഗ്ടണ്‍ മെക്കാളെ (Thomas Babington Macaulay) ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ച വിദ്യാഭ്യാസ സമ്പ്രദായം, നമ്മുടെ നൈപുണ്യാധിഷ്ഠിത വ്യവസ്ഥയെ കേവലം ക്ലര്‍ക്കുമാരെ സൃഷ്ടിക്കുന്ന ഒന്നാക്കി മാറ്റിയെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷവും ക്ലറിക്കല്‍ ജോലികള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്ഥിതി തുടരുകയും നൈപുണ്യ വികസനവും പരമ്പരാഗത കരകൗശല മേഖലകളും പിന്നാക്കം പോവുകയും ചെയ്തു. കാലക്രമേണ, ഒരു 'പേപ്പര്‍ ക്ലര്‍ക്ക്' ആകുന്നത് വലിയ അന്തസ്സിന്റെ വിഷയമായി മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:

ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരി, യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പാഠക് എന്നിവരും മറ്റ് പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Content Highlight: Prime Minister Narendra Modi has said that skilled workers with practical experience will command greater respect and importance in the future amid growing concerns over AI-driven job losses. Speaking at the fifth National Skill Convocation Ceremony in Lucknow, he emphasised that ITI students deserve the same social recognition as IIT graduates. Modi highlighted the importance of vocational training in strengthening industries and criticised the historical marginalisation of India's traditional skills and craftsmanship under colonial rule. He also argued that India's post-independence education system continued to prioritise clerical jobs over practical skills and traditional occupations.

dot image
To advertise here,contact us
dot image