

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ വൈശാലിയില്‍ ആറുവരി 'നിതീഷ് സേതു' ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കകം പാലത്തില്‍ ആര്‍ജെഡി പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്‍ഡിഎയുടെ പോസ്റ്ററുകളും ബാനറുകളും വലിച്ചുകീറിയ പ്രവര്‍ത്തകര്‍ ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആര്‍ജെഡി പതാകകളുമായി എത്തിയ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വലിയ സംഘം ആളുകള്‍ ബൈക്കുകളിലെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ഏകദേശം 40 മിനിറ്റോളം പ്രതിഷേധം തുടര്‍ന്നു. ഇതോടെ ബിജെപിയും ആര്‍ജെഡിയും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം ശക്തമായി.
വികസന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നതിന് പകരം ആര്‍ജെഡി രാഷ്ട്രീയ നാടകങ്ങള്‍ നടത്തുകയാണെന്ന് ബിജെപി വക്താവ് നീരജ് കുമാര്‍ ശര്‍മ ആരോപിച്ചു. സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രതിപക്ഷം പോസ്റ്ററുകള്‍ കീറുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് പാലങ്ങളും വികസനവുമാണെന്നും രാഷ്ട്രീയ തര്‍ക്കങ്ങളല്ലെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തെ ന്യായീകരിച്ച് ആര്‍ജെഡി എംപി സുധാകര്‍ സിങ് ഞായറാഴ്ച രംഗത്തെത്തി. പാലം നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്നും പേര് മാറ്റുന്നതിനായി കോടികള്‍ ചെലവഴിച്ച് വീണ്ടും ചടങ്ങ് നടത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. ബാനറുകളും പോസ്റ്ററുകളും തെറ്റായ രീതിയില്‍ സ്ഥാപിച്ചതായും പ്രതിഷേധം ന്യായമാണെന്നും സിങ് പറഞ്ഞു.

4,280 കോടി രൂപ ചെലവില്‍ നിര്‍മിച്ച 9.76 കിലോമീറ്റര്‍ നീളമുള്ള നിതീഷ് സേതു കച്ചി ദര്‍ഗയെയും ബിദുപൂരിനെയും ബന്ധിപ്പിക്കുന്നു. നവംബര്‍ 21ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പാലം വടക്കന്‍ ബിഹാറിനും തെക്കന്‍ ബിഹാറിനും ഇടയിലെ ഗതാഗത ബന്ധം മെച്ചപ്പെടുത്തും. മഹാത്മാ ഗാന്ധി സേതുവിലെ ഗതാഗതക്കുരുക്കും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. പാലത്തിന് നിതീഷ് കുമാറിന്റെ പേര് നല്‍കിയതിനെതിരെ തേജസ്വി യാദവ് രംഗത്തെത്തി. പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ പേര് നല്‍കേണ്ടിയിരുന്ന പാലത്തിന് നിതീഷ് കുമാറിന്റെ പേര് നല്‍കിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഗുരു ഗോബിന്ദ് സിങ്ങിന്റെ പേര് നിര്‍ദേശിച്ച് നേരത്തെ ബിഹാര്‍ നിയമസഭയില്‍ സ്വകാര്യ അംഗ പ്രമേയം അവതരിപ്പിച്ചിരുന്നുവെന്നും സര്‍ക്കാര്‍ രാഷ്ട്രീയ താല്പര്യങ്ങള്ക്കായി നിലപാട് മാറ്റിയെന്നും തേജസ്വി ആരോപിച്ചു.
തെരഞ്ഞെടുപ്പിന് ഏകദേശം 18 മാസം മുന്‍പ് നിതീഷ് കുമാര്‍ പാലം ഉദ്ഘാടനം ചെയ്തിരുന്നുവെന്നും തേജസ്വി അവകാശപ്പെട്ടു. പാലം നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കെന്താണെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയും എന്‍ഡിഎ സര്‍ക്കാരും നിര്‍മാണത്തിനായി നല്കിയ സാമ്പത്തിക സഹായം വ്യക്തമാക്കണമെന്നും തേജസ്വി വെല്ലുവിളിച്ചു. പാലത്തിന്റെ പേരിനെച്ചൊല്ലിയ വിവാദത്തില്‍ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി. ഗുരു ഗോബിന്ദ് സിങ്ങിന്റെ പേരിടാനുള്ള മുന്‍ നിര്‍ദേശം പിന്‍വലിച്ചത് അംഗീകരിക്കാനാവില്ലെന്നും സിഖ് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും മന്ത്രി ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് പാലത്തിന് ഗുരുവിന്റെ പേര് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് നിയമസഭാ സ്പീക്കര്‍ കുല്‍താര്‍ സിങ് സന്ധ്വാനും വ്യക്തമാക്കി. തഖ്ത് ശ്രീ പട്ന സാഹിബിന് സമീപമുള്ള പാലത്തിന് ഗുരുവിന്റെ പേര് നല്‍കേണ്ടതായിരുന്നുവെന്ന് എഎപി വക്താവ് കുല്‍ദീപ് സിങ് ധാലിവാളും പറഞ്ഞു. വിഷയത്തില്‍ സിഖ് സംഘടനകള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Hours after Prime Minister Narendra Modi inaugurated the six-lane Nitish Setu in Vaishali, Bihar, RJD workers staged a protest on the bridge, tearing down NDA posters and banners and raising slogans in support of Lalu Prasad Yadav and Tejashwi Yadav. Videos circulating on social media show party workers carrying flags and removing posters, while a large group arrived on motorcycles. Police personnel present at the site struggled to control the situation, with the protest reportedly lasting around 40 minutes, intensifying the political confrontation between the BJP and RJD.