

ലഖ്നൗ: അസദുദ്ദീന്‍ ഒവൈസിയെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്. പരോക്ഷമായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഈ പ്രദേശത്ത് ഹൈദരാബാദി ബിരിയാണി ആര്‍ക്കും ഇഷ്ടമല്ല. ഇവിടെ ആളുകള്‍ക്ക് ഇഷ്ടം പുലാവും മട്ടണ്‍ ബിരിയാണിയുമാണ്. അതാണ് അവര്‍ കഴിക്കുന്നത് എന്നായിരുന്നും അസം ഖാന്റെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മത്സരിക്കാനുള്ള ഒവൈസിയുടെ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പിന് ഇനിയും ഒരുപാട് സമയമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അതിനെ അവഗണിക്കുകയാണുണ്ടായത്.
ഒവൈസി ഒരു ബാരിസ്റ്ററാണ്, മൗലാനയല്ല. താടി വളര്‍ത്തിയതുകൊണ്ട് മാത്രം ഒരാള്‍ മൗലാനയാകില്ല, അതുപോലെ താടി വളര്‍ത്തിയാല്‍ ഒരാള്‍ സാധുവാകുകയുമില്ല. അസം ഖാന് പറഞ്ഞു. ഒരു മൗലാന ആകണമെങ്കില്‍ 'മൗലവിയത്തില്' ബിരുദം വേണം. ഫത്വ പുറപ്പെടുവിക്കാന്‍ 'മുഫ്തി' എന്ന നിലയിലുള്ള യോഗ്യത വേണം. അദ്ദേഹം ഒരു ബാരിസ്റ്ററാണ് എന്നതാണ് സത്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐഎംഐഎം (AIMIM) തലവനായ ഒവൈസി, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദളിത്-മുസ്ലിം വോട്ട് ബാങ്കില്‍ തങ്ങളുടേതായ ഒരിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ 'ആസാദ് സമാജ് പാര്‍ട്ടി'യുമായി അദ്ദേഹം സഖ്യവും രൂപീകരിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ ഏകദേശം 20 ശതമാനത്തോളം മുസ്ലിങ്ങളും, 20 ശതമാനത്തിലധികം ദളിതരുമാണുള്ളത്. 2022-ലെ തെരഞ്ഞെടുപ്പിലും ഒവൈസിയുടെ എഐഎംഐഎം ഉത്തര്‍പ്രദേശില്‍ മത്സരിച്ചിരുന്നു. ഏകദേശം 100 സീറ്റുകളില്‍ അവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും, ഒരിടത്തും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഒവൈസിയുടെ സാന്നിധ്യത്തെ പ്രതിപക്ഷം അതീവ സംശയത്തോടെയാണ് കാണുന്നത്. അദ്ദേഹത്തെ ബിജെപിയുടെ 'ബി ടീം' എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹം എവിടെയെല്ലാം മത്സരിക്കുന്നുവോ അവിടെയെല്ലാം മുസ്ലീം വോട്ടുകള്‍ ഭിന്നിക്കപ്പെടുകയും, അത് ബിജെപിക്ക് ഗുണകരമായി മാറുകയും ചെയ്യുന്നുവെന്ന് അവര്‍ വാദിക്കുന്നു.
എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നേടാന്‍ കഴിയാത്തത്? അവര്‍ എന്തിന് മുസ്ലിം വോട്ടുകളെ മാത്രം ആശ്രയിക്കുന്നു എന്നാണ് ഈ ആരോപണത്തിന് മറുപടിയായി ഒവൈസിയുടെ ചോദ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്കും, ബിഹാറില്‍ ലാലു യാദവിന്റെ രാഷ്ട്രീയ ജനതാ ദളിനും (ആര്‍ജെഡി) സഖ്യത്തിനുള്ള നിർദേശം നല്‍കിയെങ്കിലും, അവര്‍ അത് തള്ളിക്കളഞ്ഞുവെന്നും എഐഎംഐഎം അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഇത്തവണ, 1987-ലെ ഹാഷിംപുര, മാലിയാന കൂട്ടക്കൊലകളെക്കുറിച്ചും 2013-ലെ മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട്, സമാജ്വാദി പാര്‍ട്ടിക്കും അവരുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനുമെതിരെ ഒവൈസി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഈ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി, മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇവരുടെ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. മുസാഫര്‍നഗര്‍ കലാപത്തിന് ശേഷം, മുസ്ലിം സമുദായത്തില്‍ നിന്ന് 47 എംഎല്‍എമാര്‍ ഉണ്ടായിരുന്നിട്ടും, സമാജ്വാദി പാര്‍ട്ടി മുസ്ലിങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളെ തന്റെ 'സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച'യില്‍ ചേരാന്‍ അദ്ദേഹം ക്ഷണിച്ചു. 'നിങ്ങളെ ഉള്‍ക്കൊള്ളുന്നതിനായി, ഞങ്ങള്‍ക്ക് നഷ്ടം സഹിക്കേണ്ടി വന്നാല്‍ പോലും, വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്,' എന്ന് ഒവൈസി പറഞ്ഞു.
Content Highlights: Samajwadi Party leader Azam Khan indirectly responded to Asaduddin Owaisi's reported plans to contest the upcoming Uttar Pradesh Assembly election. Using a food analogy, Khan remarked that people in his region prefer pulao and mutton biryani over Hyderabadi biryani. Asked about Owaisi's electoral plans, he said there was still considerable time before the election.