

ന്യൂഡൽഹി: 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. 2025 ജൂണ് 12ന് ആയിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വ. മോഹന എന്നിവരടങ്ങിയ ബെഞ്ചിനോട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. മനഃപൂർവ്വം കേസന്വേഷണം നീട്ടേണ്ട കാര്യമില്ലെന്നും അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിനാൽ കേസിന്റെ വാദം രണ്ടോ മൂന്നോ ആഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. കോടതി ഇത് അംഗീകരിക്കുകയും വാദം നീട്ടിവയ്ക്കുകയും ചെയ്തു. കേസിലെ നിഗൂഢത ഇപ്പോഴും നിലനിൽക്കുന്നത് വിമാനത്തിന്റെ ഫ്യൂവൽ-കൺട്രോൾ സ്വിച്ചുകളിലാണ്. ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 (AI171) വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ, അതിലെ രണ്ട് എൻജിനുകളുടെയും ഫ്യൂവൽ-കൺട്രോൾ സ്വിച്ചുകൾ റൺ എന്ന നിലയിൽ നിന്ന് കട്ട്ഓഫ് എന്ന നിലയിലേക്ക് മാറിയെന്നും അതുമൂലം രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനവിതരണം നിലച്ചുവെന്നുമാണ് 2025 ജൂലൈയിലെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ.
റിപ്പോർട്ട് പ്രകാരം വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും, വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന 19 പേരും ഉൾപ്പെടെ 260 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. ഇന്ധനവിതരണം എന്തുകൊണ്ട് നിലച്ചു എന്ന് കോക്ക്പിറ്റിലുണ്ടായിരുന്ന പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും സഹപൈലറ്റ് അത് നിഷേധിക്കുന്നതുമായ സംഭാഷണം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൈലറ്റുകളുടെ ശബ്ദം ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
തന്റെ മകനാണ് രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനവിതരണം നിലയ്ക്കാൻ കാരണക്കാരനെന്ന് എഎഐബി (AAIB) ഉദ്യോഗസ്ഥർ ആരോപിച്ചതിനെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഒക്ടോബർ ആദ്യ ആഴ്ച തന്നെ നൽകുമെന്നായിരുന്നു നേരത്തെ ബെഞ്ചിനെ അറിയിച്ചിരുന്നത്. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 (AI171) വിമാനം നിയന്ത്രിച്ചിരുന്നത് പൈലറ്റ്-ഇൻ-കമാൻഡ് ക്യാപ്റ്റൻ സുമീത് സബർവാളും കോ-പൈലറ്റ് ക്യാപ്റ്റൻ ക്ലൈവ് കുന്ദറും ചേർന്നായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം തകർന്നുവീണത്.
Content Highlights: The central government has stated that the investigation into the Air India plane crash in Ahmedabad is nearing completion. The announcement provides an update on the progress of the probe into the aviation disaster.