

കൊല്‍ക്കത്ത: പൊലീസ് എന്‍കൗണ്ടറുകളെ ന്യായീകരിച്ച് പശ്ചിമബംഗാള്‍ മന്ത്രി ദിലീപ് ഘോഷ്. സംസ്ഥാനത്തെ യുപിയോ ഗുജറാത്തോ പോലെ മാറ്റുമെന്നും ബംഗാളില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ബംഗ്ലാദേശിലേക്ക് പോകട്ടെയെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ബംഗാളില്‍ ബിജെപി അധികാരത്തില്‍ എത്തി ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ പൊലീസ് എന്‍കൗണ്ടറുകളില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇതിനെതിരെ രംഗത്തെത്തിയവര്‍ക്കെതിരെ മന്ത്രി ഈ നിലപാട് സ്വീകരിച്ചത്. തുടര്‍ന്ന് യുപി - ഗുജറാത്ത് മോഡലിലേക്ക് മാറുകയാണ് ബംഗാളെന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്കി.
'ഞങ്ങളെ തടയാന്‍ ധൈര്യമുള്ളവര്‍ തടയട്ടെ, പൊലീസ് നടത്തുന്ന ഏറ്റുമുട്ടലുകള്‍ തുടരും. ക്രിമിനലുകള്‍ നിറഞ്ഞ സമൂഹത്തെ ഇല്ലാതാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. പശ്ചിമ ബംഗാളിനെ ബംഗ്ലാദേശായി മാറ്റാനുള്ള ശ്രമങ്ങള്‍ ഒരു സമയത്ത് നടന്നിരുന്നു. ഞങ്ങള്‍ ബംഗാളിനെ യുപിയോ ഗുജറാത്തോ ആക്കിമാറ്റും. ബംഗാളില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പോകട്ടെ, അവര്‍ക്ക് വിസയില്ലാതെ ബംഗ്ലാദേശിലേക്ക് പോകാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കും. ബംഗാള്‍ ഉത്തര്‍പ്രദേശായി മാറുന്നതില്‍ എന്താണ് തെറ്റ്. അത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ബംഗ്ലാദേശിലേക്ക് പോകാം.'- മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി ബംഗാള്‍ വിരുദ്ധവും ബംഗാളി വിരുദ്ധവുമാണെന്നും തൃണമൂല്‍ തുറന്നടിച്ചു. എന്‍കൗണ്ടര്‍ എന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും അത് വളരെ അസാധാരണമായി മാത്രം സംഭവിക്കുന്നതാണെന്നും ടിഎംസി എംഎല്‍എ കുനാല്‍ ഘോഷ് പ്രതികരിച്ചു. അസാധാരണമായ ഒരു സംഭവത്തിന് രാഷ്ട്രീയമായി ഒരു സാധാരാണ കീഴ്വഴക്കമാക്കാന് ശ്രമിച്ചാല്‍ അത് അപകടകരമാണെന്നും ഇതൊരു നിയമമായി മാറാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: A West Bengal minister told those opposing police encounters to go to Bangladesh. The remark was directed at critics of police encounters and has drawn attention amid the debate over the use of such measures