

യുഎഇയിലെ ക്രിക്കറ്റ് പ്രേമികൾക്കായി ആദ്യമായി ബിഗ് കമ്മ്യൂണിറ്റി ടൂർണമെന്റുമായി ബിഗ് ടിക്കറ്റ്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയികൾക്ക് ഒരു ലക്ഷം ദിർഹം സമ്മാനം ലഭിക്കും. രജിസ്ട്രേഷനോ മത്സരത്തിൽ പങ്കെടുക്കുന്നതിനോ ഫീസ് ഈടാക്കില്ല. ബിഗ് ടിക്കറ്റ് റാഫിൾ ടിക്കറ്റ് വാങ്ങേണ്ടതുമില്ല.
എട്ട് ഓവർ ടെന്നീസ് ബോൾ ക്രിക്കറ്റ് ഫോർമാറ്റിലാണ് മത്സരം. അബുദാബി, ദുബായ്, ഷാർജ, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കും. 18 വയസ്സ് പൂർത്തിയായ യുഎഇ നിവാസികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ക്യാപ്റ്റൻ ഉൾപ്പെടെ 16 അംഗങ്ങളുള്ള ടീമുകൾക്കാണ് രജിസ്റ്റർ ചെയ്യാനാകുക. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നവംബർ 30 വരെ അപേക്ഷിക്കാം. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം ഡിസംബർ ഒന്നിന് ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ പരമാവധി 32 ടീമുകളെ തിരഞ്ഞെടുക്കും. ഓരോ മേഖലയെയും പ്രതിനിധീകരിച്ച് എട്ട് ടീമുകൾ വീതമായിരിക്കും ഉണ്ടാകുക. തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ വിവരങ്ങൾ ഡിസംബർ മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റിന്റെ ലൈവ് ഡ്രോ ഷോയിൽ പ്രഖ്യാപിക്കും.
പ്രാദേശിക മത്സരങ്ങളോടെയാണ് ടൂർണമെന്റിന് തുടക്കമാകുക. ഓരോ മേഖലയിലെയും വിജയികളായി എത്തുന്ന നാല് ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്ന രണ്ട് ടീമുകൾ ഫൈനലിൽ കിരീടത്തിനായി മത്സരിക്കും. മത്സരങ്ങളും നിയമങ്ങളും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ മേൽനോട്ടത്തിലായിരിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഔദ്യോഗിക ജഴ്സികളും ലഭിക്കും. ടൂർണമെന്റിൽ ആകെ അഞ്ച് സമ്മാന വിഭാഗങ്ങളാണുള്ളത്. ചാമ്പ്യന്മാർക്ക് ഒരു ലക്ഷം ദിർഹവും റണ്ണറപ്പിന് 25,000 ദിർഹവും ലഭിക്കും. നാല് മേഖലകളിലെയും വിജയികൾക്ക് 10,000 ദിർഹം വീതവും സമ്മാനമായി നൽകും. പ്രാദേശിക മത്സരത്തിലെ സമ്മാനത്തുകയും മൊത്തത്തിലുള്ള ചാമ്പ്യൻഷിപ്പ് സമ്മാനവും ഒരുമിച്ച് ലഭിക്കുന്നതിനാൽ കിരീടം നേടുന്ന ടീമിന് ആകെ 1.10 ലക്ഷം ദിർഹം സ്വന്തമാക്കാം.
നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടാത്ത ടീമുകൾക്കും സമ്മാനം നേടാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്തെങ്കിലും ടീമുകളുടെ തിരഞ്ഞെടുപ്പിൽ ഇടംനേടാത്തവർക്ക് സൗജന്യ ക്രിക്കറ്റ് കിറ്റുകൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 13ന് ഷാർജയിലാണ് ആദ്യ പ്രാദേശിക മത്സരങ്ങൾ. ഡിസംബർ 20ന് അബുദാബിയിലും 27ന് ദുബായിലും മത്സരങ്ങൾ നടക്കും. വടക്കൻ എമിറേറ്റുകളിലെ മത്സരങ്ങൾ ജനുവരി മൂന്നിന് നടക്കും. ഫൈനലിസ്റ്റുകളെ അന്നുതന്നെ നടക്കുന്ന ലൈവ് ഡ്രോ ഷോയിൽ പ്രഖ്യാപിക്കും. ജനുവരി 17ന് ദുബായിലാണ് ഫൈനൽ മത്സരം. യുഎഇയിലെ വിവിധ മേഖലകളിൽ പ്രാദേശിക ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുകയും കളിക്കാർക്ക് വലിയ വേദിയിൽ കഴിവ് തെളിയിക്കാൻ അവസരമൊരുക്കുകയുമാണ് ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് ബിഗ് ടിക്കറ്റ് അറിയിച്ചു. ടീമായി കളിക്കാനും സ്വന്തം മേഖലയെ പ്രതിനിധീകരിക്കാനും വലിയ സമ്മാനത്തുകയ്ക്കായി മത്സരിക്കാനും ഇതിലൂടെ അവസരം ലഭിക്കും.
Content Highlights: Big Ticket has launched a UAE community cricket tournament, offering a Dh100,000 prize to the winning team.