

ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താനും ഭക്ഷണത്തില്‍നിന്ന് കാല്‍സ്യം ആഗിരണം ചെയ്യാനും വിറ്റാമിന്‍ ഡി സഹായിക്കുന്നു. പേശികളുടെ പ്രവര്‍ത്തനത്തിനും രോഗപ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനാല്‍ ഇതിനെ 'സണ്‍ഷൈന്‍ വിറ്റാമിന്‍' എന്നും വിളിക്കാറുണ്ട്. എന്നാല്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തത്, ഭക്ഷണക്രമം, ചില ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറയാം.

വിട്ടുമാറാത്ത ക്ഷീണം
ആവശ്യത്തിന് ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടോ?. വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ട് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാം.
എല്ലുകളിലും പേശികളിലും വേദന
എല്ലുകളിലും പേശികളിലും തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് ഗുരുതരമാകുമ്പോള്‍ എല്ലുകളുടെ ആരോഗ്യം ദുര്‍ബലപ്പെടാനും പേശികള്‍ക്ക് വേദന അനുഭവപ്പെടാനും സാധ്യതയുണ്ട്.
പേശികളുടെ ബലക്കുറവ്
പടികള്‍ കയറുമ്പോഴോ കസേരയില്‍നിന്ന് എഴുന്നേല്‍ക്കുമ്പോഴോ സാധാരണയേക്കാള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ പേശികളുടെ ആരോഗ്യവും ശ്രദ്ധിക്കണം. വിറ്റാമിന്‍ ഡിയുടെ കുറവ് പേശികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.

ഇടയ്ക്കിടെ അസുഖങ്ങള്‍ വരുന്നത്
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ സാധാരണ പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ ഡി പങ്കുവഹിക്കുന്നു. ഇതിന്റെ അളവ് കുറവായിരിക്കുന്നത് ചില അണുബാധകളുടെ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കാം.
മുടികൊഴിച്ചില്‍
മുടി അമിതമായി കൊഴിയുന്നത് ചിലരില്‍ വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കാം. അതേസമയം ഇരുമ്പിന്റെ കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മാനസിക സമ്മര്‍ദം തുടങ്ങിയവയും മുടികൊഴിച്ചിലിന് കാരണമാകാം.
മുറിവുകള്‍ ഉണങ്ങാന്‍ വൈകുന്നത്
ചര്‍മത്തിന്റെ ആരോഗ്യവും കോശങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങളും ശരീരത്തിലെ പോഷകങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് മുറിവുകള്‍ ഉണങ്ങുന്ന പ്രക്രിയയെ ബാധിച്ചേക്കാം. മുറിവുകള്‍ ഉണങ്ങാന്‍ പതിവിലധികം സമയമെടുക്കുന്നുണ്ടെങ്കില്‍ വൈദ്യപരിശോധന തേടണം.
മാനസികാവസ്ഥയിലെ മാറ്റങ്ങള്‍
വിറ്റാമിന്‍ ഡിയുടെ അളവ് കുറവായിരിക്കുന്നതും വിഷാദലക്ഷണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എങ്കിലും മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടു മാത്രമാണെന്ന് പറയാനാവില്ല. അതുകൊണ്ട് ഡോക്ടറുടെ സഹായം തേടാവുന്നതാണ്.

സുരക്ഷിതമായ രീതിയില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കും. കൂടാതെ മത്തി പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, പാല്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഭക്ഷണങ്ങളിലെ വിറ്റാമിന്‍ ഡിയുടെ അളവ് ഉല്‍പ്പന്നത്തിനനുസരിച്ച് വ്യത്യാസപ്പെടാം. അമിതമായി വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം രക്തപരിശോധന നടത്താം. കുറവ് സ്ഥിരീകരിച്ചാല്‍ ആവശ്യമായ അളവില്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കാം. സ്വയം ഗുളികകള്‍ കഴിക്കുന്നത് ഒഴിവാക്കണം.
ശ്രദ്ധിക്കുക
ക്ഷീണം, ശരീരവേദന, മുടികൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രം കണ്ട് വിറ്റാമിന്‍ ഡിയുടെ കുറവാണെന്ന് ഉറപ്പിക്കാനാവില്ല. ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം.
Content Highlights :Vitamin D is essential for the health of bones and muscles. Low levels of this nutrient in the body can lead to various health problems. Let’s look at some signs that can help identify this.