ഛഠ് പൂജയുടെ ഭാഗമായി ബംഗാളില്‍ മാംസ കടകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം; വിമര്‍ശനവുമായി പ്രതിപക്ഷം

പ്രശസ്തമായ ശക്തിപീഠങ്ങളിലൊന്നായ താരപീഠം രാംപുര്‍ഹാട്ടിന് അടുത്താണ് സ്ഥിതി ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം

ഛഠ് പൂജയുടെ ഭാഗമായി ബംഗാളില്‍ മാംസ കടകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം; വിമര്‍ശനവുമായി പ്രതിപക്ഷം
dot image

കൊല്‍ക്കത്ത: ഛഠ് പൂജയോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ നഗരത്തില്‍ ഇന്നും നാളെയും മാംസക്കടകള്‍ അടച്ചിടണമെന്ന നിര്‍ദ്ദേശവുമായി മുനിസിപ്പല്‍ അധികൃതര്‍. കൊല്‍ക്കത്തയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള രാംപുര്‍ഹാട്ടിലെ നഗരസഭാ അധികൃതര്‍ പുറപ്പെടുവിച്ച ഉത്തരവ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. എല്ലാ മാംസക്കട ഉടമകള്‍ക്കും അയച്ച ഉത്തരവില്‍, ഞായറാഴ്ചയും തിങ്കളാഴ്ചയും രാവിലെ 10 മണി വരെ കടകള്‍ അടച്ചിടണമെന്ന് രാംപുര്‍ഹാട്ട് നഗരസഭാ ചെയര്‍മാന്‍ സൗമെന്‍ ഭകത് നിര്‍ദ്ദേശിച്ചു. മറ്റ് ദിവസങ്ങളില്‍ മാംസം വില്‍ക്കുമ്പോള്‍ അത് ചുവന്ന തുണി കൊണ്ട് മൂടി വെക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഛഠ് പൂജ പോലുള്ള ഒരു ആഘോഷത്തിനായി മാംസക്കടകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പ്രശസ്തമായ ശക്തിപീഠങ്ങളിലൊന്നായ താരപീഠം രാംപുര്‍ഹാട്ടിന് അടുത്താണ് സ്ഥിതി ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കൗശികി അമാവാസി, കാളി പൂജ തുടങ്ങിയ മറ്റ് മതപരമായ അവസരങ്ങളില്‍ മാംസക്കടകള്‍ അടച്ചിടാന്‍ ഒരിക്കലും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കട ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. കോടതി സമുച്ചയത്തിന് മുന്നിലുള്ള രണ്ട് കടകളില്‍ മൃഗങ്ങളെ പരസ്യമായി അറുക്കുകയും റോഡരികില്‍ വെച്ച് മാംസം വില്‍ക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളും പതിവായി ഈ റോഡ് ഉപയോഗിക്കാറുണ്ട്. കച്ചവടം നടത്തുമ്പോള്‍, മറയ്ക്കാനായി നിറമുള്ള സ്‌ക്രീനുകളോ ചുവന്ന തുണിയോ ഉപയോഗിക്കണമെന്ന് വ്യാപാരികള്‍ക്ക് നേരത്തെ തന്നെ വാക്കാലുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നതായി നഗരസഭ വിശദീകരിക്കുന്നു.

'നേരത്തെയും ഞങ്ങള്‍ അവരോട് രണ്ടോ മൂന്നോ തവണ പറഞ്ഞിരുന്നു, എന്നാല്‍ ഫലമുണ്ടായില്ല. ഭരണപരമായ നടപടിയുടെ ഭാഗമായി ഇതിനായി ഒരു നോട്ടീസ് നല്‍കിയിട്ടുണ്ട്,' എന്നാണ് സൗമെന്‍ ഭകത് പറഞ്ഞത്. ബിഹാറില്‍ നിന്നുള്ള ജനങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു മതപരമായ ആഘോഷമാണ് 'ഛഠ് പൂജ' എന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ വ്യക്തമാക്കി. ഒരു യോഗത്തിനിടയില്‍, ഈ കടകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് എതിര്‍പ്പുകള്‍ ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭ ഉദ്യോഗസ്ഥര്‍, പൊലീസ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്ക് ശേഷമാണ് നവംബര്‍ 15, 16 തീയതികളില്‍ രാവിലെ 10 മണി വരെ കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. അതിനുശേഷം, നിബന്ധനകള്‍ പാലിച്ചുകൊണ്ട് കടകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കുമെന്നാണ് നിർദ്ദേശം.

ഉത്തരവ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരിനും വഴിവെച്ചിരിക്കുകയാണ്. ബംഗാളിലെ പരമ്പരാഗത ഭക്ഷണശീലങ്ങളിലും സാംസ്‌കാരിക സ്വത്വത്തിലും കൈകടത്തുന്നതിന് തുല്യമാണ് ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. മത്സ്യവും മാംസവും ബംഗാളി ഭക്ഷണരീതിയുടെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും, ഗ്രാമീണ-നഗര പ്രദേശങ്ങളിലെ വിവിധ ആഘോഷങ്ങളിലും അവസരങ്ങളിലും ഇവ ഉപയോഗിക്കാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തി, ഛഠ് പൂജയോടനുബന്ധിച്ച് മാംസ വില്‍പ്പന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതിനെ അവര്‍ ചോദ്യം ചെയ്തു.

തങ്ങളുടെ അയല്‍ക്കാരും സുഹൃത്തുക്കളും വളരെക്കാലമായി യാതൊരു പ്രശ്‌നവുമില്ലാതെ ഛഠ് പൂജ ആഘോഷിച്ചുവരുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മില്‍ട്ടണ്‍ റാഷിദും പറഞ്ഞു. 'ഛഠ് പൂജ ദിവസങ്ങളില്‍ കടകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റിയില്‍ നിന്ന് മൂന്നോ നാലോ മാംസക്കടകള്‍ക്ക് നോട്ടീസ് നല്‍കിയതായി ഇന്നലെയാണ് ഞാന്‍ അറിഞ്ഞത്. മുനിസിപ്പാലിറ്റി ചെയര്‍മാന്‍, അദ്ദേഹം ആ സ്ഥാനത്തിരുന്ന കാലമത്രയും ഛഠ് പൂജ ആഘോഷിച്ചിട്ടുണ്ട്. അതിനുമുമ്പും അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം ഛഠ് പൂജ ആഘോഷിച്ചിരുന്നു. പെട്ടെന്ന്, സര്‍ക്കാര്‍ മാറിയതിന് ശേഷം, ഛഠ് പൂജയോടനുബന്ധിച്ച് മാംസക്കടകള്‍ക്ക് ഇത്തരമൊരു കത്ത് നല്‍കിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ആര് എന്ത് കഴിക്കണം, എവിടെ പോകണം എന്നൊക്കെ ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍ അറിയാവുന്ന കാര്യമാണ്,' റാഷിദ് പറഞ്ഞു.

എന്നാല്‍, ഈ തീരുമാനം ഏതെങ്കിലും ഒരു വിഭാഗത്തിന് എതിരല്ലെന്ന് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. ഛഠ് പൂജയുമായി ബന്ധപ്പെട്ട മതപരമായ വികാരങ്ങളും, കടകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രത്യേക സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

Content Highlights: Municipal authorities in Rampurhat, Birbhum district, West Bengal, have directed meat shops to remain closed until 10 am on Sunday and Monday in connection with Chhath Puja. The order, issued by municipal chairman Soumen Bhakat to all meat shop owners, has triggered a political controversy. It also instructs shopkeepers to cover meat with red cloth when selling it on other days. Rampurhat is located around 200 kilometres from Kolkata.

dot image
To advertise here,contact us
dot image