

യുഎഇയിൽ പ്രമേഹബാധിതരായ ആളുകളുടെ എണ്ണം 2050-ഓടെ 13 ലക്ഷത്തിൽ നിന്ന് 19 ലക്ഷമായി ഉയർന്നേക്കാമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നവംബർ 14ന് ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട കണക്കുകളാണ് യുഎഇയെ നിവാസികളെ ഞെട്ടിപ്പിക്കുന്നത്. രാജ്യത്തെ മുതിർന്നവരിൽ ഏകദേശം അഞ്ചിലൊരാൾക്ക് പ്രമേഹമുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവർഷം ഏകദേശം 900 കോടി ദിർഹത്തിന്റെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. നിലവിലെ നിരക്കിൽ നിന്ന് ഏകദേശം 46 ശതമാനം പ്രമേഹ രോഗികളുടെ വർദ്ധനവാണ് 2050-ഓടെ പ്രവചിക്കപ്പെടുന്നത്.
എന്നാൽ, പ്രതിരോധ പരിപാടികൾ വിപുലീകരിക്കുന്നതിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ വർദ്ധനവ് തടയാൻ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അടുത്ത 15 വർഷത്തിനുള്ളിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിലൂടെ ഏകദേശം 32,000 ജീവനുകൾ രക്ഷിക്കാനും ജനങ്ങൾക്ക് 2.21 ലക്ഷം ആരോഗ്യകരമായ ജീവിതവർഷങ്ങൾ അധികമായി നൽകാനും സാധിക്കും. ഇതിലൂടെ ഏകദേശം 2,000 കോടി ദിർഹത്തിന്റെ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കായികക്ഷമത വർദ്ധിപ്പിക്കുക, രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുക, ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ എളുപ്പമാക്കുന്ന നയങ്ങൾ നടപ്പിലാക്കുക എന്നിവയിലൂടെ ഈ നേട്ടങ്ങൾ കൈവരിക്കാനാകും.
രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിന് പകരം, പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗസാധ്യതകൾ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി 2026–2030 കാലയളവിലേക്കുള്ള പരിഷ്കരിച്ച ദേശീയ പ്രമേഹ-പൊണ്ണത്തടി നിയന്ത്രണ പദ്ധതി യുഎഇ നടപ്പിലാക്കി വരികയാണ്. രോഗസാധ്യത മുൻകൂട്ടി പ്രവചിക്കാൻ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനും പദ്ധതി മുൻഗണന നൽകുന്നു. ഇതിലൂടെ ഉയർന്ന അപകടസാധ്യതയുള്ളവരെ നേരത്തെ കണ്ടെത്താനും കൃത്യസമയത്ത് ഇടപെട്ട് സങ്കീർണ്ണതകൾ കുറയ്ക്കാനും ആരോഗ്യപ്രവർത്തകർക്ക് സാധിക്കും.
അബുദാബിയിലെ 'ഇഫ്ഹാസ്' (IFHAS), എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ 'ഇത്മിനാൻ' (Etmenan) തുടങ്ങിയ നിലവിലുള്ള സ്ക്രീനിംഗ് പദ്ധതികളെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായി പ്രതിരോധ പരിശോധനകൾ ഏകീകരിക്കാനും ശക്തിപ്പെടുത്താനും മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. ഭാവിയിൽ ആരോഗ്യ ഇൻഷുറൻസുമായി ബന്ധിപ്പിച്ച് നിർബന്ധിത പ്രതിരോധ പരിശോധനകൾ നടപ്പിലാക്കാനും ലക്ഷ്യമിടുന്നു. ഗർഭകാല പ്രമേഹം ഉണ്ടായിരുന്ന സ്ത്രീകൾക്കായുള്ള പ്രത്യേക പദ്ധതികൾ, ആരോഗ്യകരമായ ജീവിതശൈലി ക്ലിനിക്കുകൾ, കുട്ടികളിലെ ടൈപ്പ്-1 പ്രമേഹത്തെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയും ഇതിന്റെ ഭാഗമാണ്. നവംബർ 14-ന് ലോക പ്രമേഹ ദിനം ആചരിക്കുമ്പോൾ, നേരത്തെയുള്ള രോഗനിർണ്ണയത്തിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
Content Highlights: Diabetes is a growing health concern in the UAE, where approximately 1.3 million adults are currently living with the condition. This represents around one in five adults. According to the Ministry of Health and Prevention, the number could increase to 1.9 million by 2050 if current trends continue.