

ന്യൂഡൽഹി: കേടായ ബ്രേക്കുമായി ആളൊഴിഞ്ഞ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തിയത് 463 കിലോമീറ്റർ. ജാർഖണ്ഡിലെ ഹതിയയിൽ നിന്ന് ഉത്തർപ്രദേശിലെ ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷൻ വരെയാണ് ബ്രേക്ക് കേടായ ട്രെയിൻ മറ്റ് പാസഞ്ചർ ട്രെയിനുകൾക്ക് വലിയ സുരക്ഷാ ഭീഷണിയുയർത്തി പാഞ്ഞത്. യാത്രയ്ക്കിടെ രണ്ടുതവണ ലോക്കോ പൈലറ്റുമാർ മുന്നറിയിപ്പ് നൽകിയിട്ടും റെയിൽവേ ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന ഗുരുതരമായ വീഴ്ചയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ സോൺ അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ ഒക്ടോബർ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരില്ലാത്ത ഒഴിഞ്ഞ വന്ദേഭാരത് ട്രെയിൻ ഒരു ഗുഡ്സ് ലോക്കോമോട്ടീവ് ഉപയോഗിച്ച് ജാർഖണ്ഡിലെ ഹതിയയിൽ നിന്ന് ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദ്ദേശം. ഇതിനായി വന്ദേഭാരതിന്റെ ബ്രേക്കിംഗ് സംവിധാനം ഗുഡ്സ് ലോക്കോമോട്ടീവിന്റെ ബ്രേക്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കണമായിരുന്നു. എന്നാൽ ഇത് പ്രവർത്തിക്കുന്ന നിലയിലായിരുന്നില്ല. പിന്നീടുള്ള പരിശോധനയിൽ കോച്ചുകളിലെ ബ്രേക്കിംഗ് സംവിധാനം വേർപെടുത്തിയ നിലയിലായിരുന്നു.
യാത്ര ആരംഭിച്ച് റാഞ്ചി എത്തിയപ്പോൾ തന്നെ വന്ദേഭാരതിലെ ബ്രേക്ക് സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന് ആദ്യത്തെ ലോക്കോ പൈലറ്റ് രേഖാമൂലം പരാതിപ്പെട്ടിരുന്നു. എന്നാൽ സെക്ഷൻ കൺട്രോളർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇത് അവഗണിക്കുകയും അതേ അവസ്ഥയിൽ യാത്ര തുടരാൻ അനുവദിക്കുകയുമായിരുന്നു. പിന്നീട് മുരി സ്റ്റേഷനിൽ നിന്ന് ചുമതലയേറ്റെടുത്ത രണ്ടാമത്തെ ലോക്കോ പൈലറ്റും ട്രെയിനിന് മതിയായ ബ്രേക്ക് ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തു. എന്നിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഒടുവിൽ 463 കിലോമീറ്റർ താണ്ടി ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലുള്ള ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പ്രശ്നം ഗൗരവമായി എടുത്തത്. പരിശോധനയിൽ കോച്ചുകളിലെ ബ്രേക്കിംഗ് സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. അതുവരെ ഗുഡ്സ് എൻജിന്റെ ബ്രേക്ക് ഉപയോഗിച്ച് മാത്രമാണ് ട്രെയിൻ ഓടിയത്.
മതിയായ ബ്രേക്കിംഗ് സംവിധാനമില്ലാതെ ഇത്രയും ദൂരം ട്രെയിൻ ഓടിച്ചത് ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് വലിയ ഭീഷണിയാണെന്നും വലിയൊരു അപകടമാണ് വഴിമാറിയതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്താൻ നവംബർ 7-ന് പുറത്തിറക്കിയ ഉത്തരവിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ സോൺ നിർദ്ദേശിച്ചിട്ടുണ്ട്. കോച്ച് മെയിന്റനൻസ് സ്റ്റാഫ്, സെക്ഷൻ- ട്രാക്ഷൻ കൺട്രോളർമാർ, ലോക്കോ പൈലറ്റുമാർ എന്നിവർക്ക് സംഭവത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. നവംബർ 11-ന് അസമിൽ സമാനമായ അനാസ്ഥയെ തുടർന്ന് കൊൽക്കത്ത-സൈരംഗ് എക്സ്പ്രസ് പാളം തെറ്റിയിരുന്നു. ഇതിന് തൊട്ടുമുൻപാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
Content Highlights: An empty Vande Bharat train travelled 463 km with a faulty braking system after railway officials allegedly ignored two warnings from loco pilots. South Eastern Railway has ordered an inquiry.