

'ഭൗമ'യിലെ ഈശോ എന്ന പോലീസുകാരന്‍, 'ചെവിട്ടോര്‍മ്മ'യിലെ കിടപ്പുരോഗിയായ വര്‍ക്കിച്ചന്‍ എന്ന വയോധികന്‍… ഒരു കാലത്ത് വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ദിലീഷ് പോത്തന്‍ അടുത്തിടെയായി ശ്രദ്ധേയ വേഷങ്ങളിലാണ് ഓരോ സിനിമയിലും എത്തുന്നത്.
ഇപ്പോഴിതാ താരത്തിന്റെ കരിയറില്‍ തന്നെ ഏറെ വ്യത്യസ്തമായ കഥാപാത്രമായി കിടപ്പു രോഗിയായ ഒരു വൃദ്ധന്റെ വേഷത്തില്‍ ദിലീഷ് പോത്തന്‍ എത്തുന്ന 'ചെവിട്ടോര്‍മ്മ' ഐഎഫ്എഫ്‌കെയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അതോടൊപ്പം ദിലീഷ് പോത്തന്‍ കേന്ദ്ര കഥാപാത്രമായെത്തിയ 'ഭൗമ' എന്ന സിനിമയിലെ ഈശോ എന്ന കഥാപാത്രത്തിന്റെ പ്രകടനവും തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റെജിന്‍ എസ്. ബാബുവാണ് 'ഭൗമ' സംവിധാനം ചെയ്തിരിക്കുന്നത്.
'ഭൗമ'യിലെ ക്ലൈമാക്‌സ് രംഗങ്ങളിലുള്‍പ്പെടെ ഈശോ എന്ന കഥാപാത്രമായി ദിലീഷ് പോത്തന്‍ ജീവിക്കുകയായിരുന്നു. ഗോഥിക് ഹൊറര്‍ ത്രില്ലറായി എത്തിയിരിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്റെ അഭിനയമികവ് എടുത്തുപറയേണ്ടതാണ്. മിസ്റ്ററി ത്രില്ലറായെത്തിയ ചിത്രത്തില്‍ ചില പ്രധാന രഹസ്യങ്ങളുടെ ചുരുളഴിയുന്നത് ദിലീഷ് പോത്തന്റെ കഥാപാത്രത്തിലൂടെയാണ്.
സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ വിവിധ തലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം 'ചെവിട്ടോര്‍മ്മ'യിലും ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് എത്തുന്നത്. ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസ് ഒരുക്കിയിരിക്കുന്ന 'ചെവിട്ടോര്‍മ്മ' ബുസാനില്‍ വിന്‍ഡോ റ്റു ഏഷ്യന്‍ സിനിമ എന്ന വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.
ഓസ്‌ട്രേലിയന്‍ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അണ്‍കോംബ്ഡ് ബുദ്ധ, എസ് ഫോര്‍ സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസറും സ്‌ക്രിപ്റ്റ് എഡിറ്ററുമായ സ്റ്റീഫന്‍ സക്കറിയാസിന്റെ നേതൃത്വത്തില്‍ ലോകന്‍ രവി, ജേക്കബ് സക്കറിയാസ്, ആദിത്യ ഗ്രോവര്‍, ഹര്‍ഷ് അഗര്‍വാള്‍, സാജന്‍ ബാലന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാര്‍ ആണ് ഭൗമ നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights: Dileesh Pothan explores various facets of acting! 'Chevittormma' heads to IFFK, while the character 'Eesho' from 'Bhouma' receives an excellent response.