

എമിറേറ്റിലെ ടാക്സി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി ടാക്സി കമ്പനികൾക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് സംവിധാനം ഏർപ്പെടുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഉപഭോക്തൃ സംതൃപ്തി, റോഡ് സുരക്ഷ, വാഹനങ്ങളുടെ വൃത്തി, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ അടിസ്ഥാനമാക്കിയാണ് കമ്പനികളെ വിലയിരുത്തുക. മികച്ച പ്രകടനം കാഴ്ചവെച്ച് അഞ്ച് സ്റ്റാർ നേടുന്ന കമ്പനികൾക്ക് ഏഴ് അധിക ടാക്സി പെർമിറ്റുകളും ആർടിഎയുടെ സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനമായി ലഭിക്കും. നാല് സ്റ്റാർ നേടുന്ന കമ്പനികൾക്ക് അഞ്ച് അധിക ടാക്സി പെർമിറ്റുകൾ ലഭിക്കും.
ടാക്സി ഓപ്പറേറ്റർമാർക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കാനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനുമാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. സുസ്ഥിരത, സാങ്കേതികവിദ്യ, ഉത്തരവാദിത്തം, വിശ്വാസ്യത എന്നീ നാല് പ്രധാന തൂണുകളെയും 18 സൂചകങ്ങളെയും അടിസ്ഥാനമാക്കിയാണ് കമ്പനികളുടെ പ്രവർത്തനം വിലയിരുത്തുക. തിരക്കുള്ള സമയങ്ങളിലെ വാഹന ലഭ്യത, ഓൺലൈൻ ബുക്കിംഗുകൾ ഡ്രൈവർമാർ സ്വീകരിക്കുന്ന നിരക്ക്, ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗിനെതിരെയുള്ള പരാതികൾ, യാത്രക്കാരുടെ റേറ്റിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കമ്പനികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി പ്രോത്സാഹനങ്ങൾ നൽകുന്നതിലൂടെ മേഖലയിൽ തുടർച്ചയായ പുരോഗതി ഉറപ്പാക്കാനാണ് ആർടിഎ ശ്രമിക്കുന്നതെന്ന് ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. യാത്രക്കാർക്ക് കമ്പനികളുടെ നിലവാരം നേരിട്ട് മനസ്സിലാക്കുന്നതിനായി ടാക്സികൾക്കുള്ളിലെ സ്മാർട്ട് സ്ക്രീനുകളിലും കമ്പനി ആസ്ഥാനങ്ങളുടെ കവാടങ്ങളിലും റേറ്റിംഗ് വിവരങ്ങൾ പ്രദർശിപ്പിക്കും. മൂന്ന് സ്റ്റാറോ അതിൽ കുറവോ ലഭിക്കുന്ന കമ്പനികളുടെ സേവന നിലവാരം ഉയർത്തുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ (ഇലക്ട്രിക്, ഹൈഡ്രജൻ) എണ്ണം, ഡ്രൈവർമാരുടെ ജോലിസമയത്തിലെ കൃത്യത, അപകട നിരക്കുകൾ, വാഹനങ്ങളുടെ ശുചിത്വം എന്നിവയെല്ലാം സൂക്ഷ്മമായി പരിശോധിക്കും. നിലവിൽ ദുബായ് ടാക്സി കമ്പനി, കാബി ടാക്സി, നാഷണൽ ടാക്സി, അറേബ്യ ടാക്സി, മെട്രോ ടാക്സി എന്നീ അഞ്ച് കമ്പനികളാണ് എമിറേറ്റിൽ സർവീസ് നടത്തുന്നത്. 2025-ലെ കണക്കനുസരിച്ച് ദുബായിലെ 14,346-ലധികം ടാക്സികളിലായി 12 കോടിയിലധികം യാത്രകളിലൂടെ 20.9 കോടിയിലധികം ആളുകളാണ് സഞ്ചരിച്ചത്. 2040-ഓടെ ടാക്സി ശൃംഖല പൂർണ്ണമായും ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളിലേക്ക് മാറ്റാനുള്ള ബൃഹത്തായ പദ്ധതികളും ആർടിഎ നടപ്പിലാക്കിവരികയാണ്.
Content Highlights: Dubai's RTA introduces a five-star rating system for taxi companies, assessing service quality, customer satisfaction, safety, technology and sustainability. Top-rated operators will receive additional taxi permits and official recognition.