സോമനാഥ് കൊറിഡോർ പദ്ധതിയുടെ ഭാഗമായി ദർഗകൾ വ്യാപകമായി പൊളിച്ചുനീക്കുന്നതായി പരാതി;സംരക്ഷിത സ്മാരകങ്ങളും ഭീഷണിയിൽ

പ്രഭാസ് പത്താനിലെ ചരിത്രപ്രസിദ്ധമായ 'പിര്‍ അഹമ്മദ് ഷാ ദര്‍ഗ' പൊളിച്ചുനീക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേട്ട് ഗുജറാത്ത് ഹൈക്കോടതി

സോമനാഥ് കൊറിഡോർ പദ്ധതിയുടെ ഭാഗമായി ദർഗകൾ വ്യാപകമായി പൊളിച്ചുനീക്കുന്നതായി പരാതി;സംരക്ഷിത സ്മാരകങ്ങളും ഭീഷണിയിൽ
dot image

ഗാന്ധിനഗര്‍: പ്രഭാസ് പത്താനിലെ ചരിത്രപ്രസിദ്ധമായ 'പിര്‍ അഹമ്മദ് ഷാ ദര്‍ഗ' പൊളിച്ചുനീക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേട്ട് ഗുജറാത്ത് ഹൈക്കോടതി. ഗിര്‍ സോമനാഥിലെ എട്ടുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് നവംബര്‍ 3, 4 തീയതികളില്‍ വാദം കേട്ടത്. 'സോമനാഥ് കോറിഡോര്‍' പദ്ധതിയുടെ ഭാഗമായി, 2026 ഓഗസ്റ്റ് 19ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഈ ദര്‍ഗ പൊളിച്ചുനീക്കിയത്. 14-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്നതും സുല്‍ത്താന്‍ അഹമ്മദ് ഷായുമായി ബന്ധപ്പെട്ടതുമായ പേര്‍ഷ്യന്‍ ലിഖിതം (1543-ലേതെന്ന് പറയപ്പെടുന്നു), ഒരു പഴയ കവാടം, ദര്‍ഗയുമായി ബന്ധപ്പെട്ട മറ്റ് നിര്‍മ്മിതികള്‍ എന്നിവ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊളിച്ചതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് യാഗ്‌നിക്, വഖഫ് സ്വത്തുക്കള്‍, ഭൂമി ഏറ്റെടുക്കല്‍, സംരക്ഷിത സ്മാരകങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനമാണ് ഈ പൊളിച്ചുനീക്കല്‍ എന്നാണ് വാദിച്ചത്. എല്ലാ ട്രസ്റ്റിമാരുമായും കൂടിയാലോചിക്കാതെ, സര്‍ക്കാര്‍ ആവശ്യത്തിനായി ഈ സ്വത്ത് കൈമാറാന്‍ അനുമതി നല്‍കിയ മുത്തവല്ലിയുടെ നിയമനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ദര്‍ഗ പൊളിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമായ ഓഗസ്റ്റ് 18നാണ് ഗുജറാത്ത് സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഈ കൈമാറ്റത്തിന് അനുമതി നല്‍കിയത്. 1904ലെ നിയമപ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഈ സ്ഥലത്തെയും ലിഖിതത്തെയും സംരക്ഷിതമായി പ്രഖ്യാപിച്ചിരുന്നുവെന്നും, അനധികൃതമായി പൊളിച്ചുനീക്കിയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് എഎസ്‌ഐയില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നുവെന്നും ഹര്‍ജിക്കാര്‍ അവകാശപ്പെട്ടു.

ഗിര്‍ സോമനാഥില്‍ ഇസ്ലാമിക മതപരമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഏറ്റവും പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. 2024 സെപ്റ്റംബറിലാണ് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ബുള്‍ഡോസറുകളും എക്സ്‌കവേറ്ററുകളും പ്രഭാസ് പത്താനിലെത്തിയത്. ഇതിനെത്തുടര്‍ന്ന് വെരാവല്‍ മേഖലയില്‍ ഒമ്പത് ഇസ്ലാമിക മതപരമായ കെട്ടിടങ്ങളും, പ്രധാനമായും മുസ്‌ലീം ഉടമസ്ഥതയിലുള്ള 47 വീടുകളും പൊളിച്ചുനീക്കി. ഏകദേശം 102 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടിയാണിതെന്ന് ജില്ലാ ഭരണകൂടം അവകാശപ്പെട്ടപ്പോള്‍, ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും നടപടിയുടെ നിയമസാധുതയെക്കുറിച്ചും പ്രദേശവാസികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഹാജി മംഗ്രോള്‍ ദര്‍ഗ, പീര്‍ സിലാര്‍ ഷാ ദര്‍ഗ, ഗരീബ് ഷാ ദര്‍ഗ, ജാഫര്‍ മുസഫര്‍ ദര്‍ഗ എന്നിവ പൊളിച്ചുനീക്കിയ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടുന്നു.

A dargah in Gir Somnath
ഗിര്‍ സോമനാഥിലെ ഒരു ദർഗ

1924ല്‍ തന്നെ, അന്നത്തെ ജുനഗഡ് സ്റ്റേറ്റിന്റെ റവന്യൂ രേഖകളില്‍ ഹാജി മംഗ്രോള്‍ ഷാ ദര്‍ഗ ഉള്‍പ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ അവകാശപ്പെടുന്നു. ഏറ്റവും പുതിയ ഹര്‍ജിയില്‍, 'കോറിഡോര്‍' പദ്ധതിക്കായി ഭൂമി കൈമാറാന്‍, മുന്‍ ട്രസ്റ്റി സലിംഷ ദദാഷയുടെ കുടുംബത്തിന് മേല്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയതായി പ്രദേശവാസിയായ മലംഗ് ഇസ്മായില്‍ ഹുസൈനും മറ്റുള്ളവരും ആരോപിക്കുന്നു. ഒക്ടോബര്‍ 22ന് ഗോഹെല്‍ ബസീര്‍ കാസം സമര്‍പ്പിച്ച മറ്റൊരു സത്യവാങ്മൂലത്തില്‍, ഭൂമി കൈമാറ്റം അംഗീകരിച്ചവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നുണ്ട്. പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട് കളക്ടറില്‍ നിന്ന് യാതൊരു രേഖകളും ലഭിച്ചിട്ടില്ലെന്ന് ഗുജറാത്ത് പുരാവസ്തു വകുപ്പ് സെപ്റ്റംബര്‍ 8ന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നതായും ബസീര്‍ ചൂണ്ടിക്കാട്ടി. സുതാര്യമായ അന്വേഷണം, രേഖകള്‍ പുറത്തുവിടല്‍, ഉത്തരവാദിത്തം ഉറപ്പാക്കല്‍ എന്നിവയാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്.

സോമനാഥ് ക്ഷേത്രത്തിന് ചുറ്റുമുള്ള ചരിത്രപരവും മതപരവുമായ സാഹചര്യങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഈ തര്‍ക്കം ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി 2012 ഓഗസ്റ്റ് 14നാണ് ഗിര്‍ സോമനാഥ് ജില്ല പ്രഖ്യാപിച്ചത്. പിന്നീട് ജുനഗഢ് ജില്ലയില്‍ നിന്ന് വേര്‍പെടുത്തി, 2013 ഓഗസ്റ്റ് 15ന് ഈ ജില്ല ഔദ്യോഗികമായി നിലവില്‍ വന്നു. വെരാവല്‍, സൂത്രപാഡ, തലാല, ഉന, കോഡിനാര്‍ എന്നിങ്ങനെ തീരപ്രദേശത്തുള്ള അഞ്ച് താലൂക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സോമനാഥിന് ചുറ്റുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി, 'പ്രസാദ്' പദ്ധതി പ്രകാരം 262 കോടി രൂപ കേന്ദ്ര ടൂറിസം മന്ത്രാലയത്തോട് 2017 ഫെബ്രുവരിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 102 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ ആദ്യ ഘട്ടത്തില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ജലശുദ്ധീകരണം, മലിനജല സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം എന്നിവ ഉള്‍പ്പെടുന്നു. ക്ഷേത്രപരിസരത്ത് നിന്ന് ദര്‍ഗകള്‍ നീക്കം ചെയ്യുന്നതിനായി 'സോമനാഥ് ഇടനാഴി' പദ്ധതിയെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് ആരോപണം.

ഒരു പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസനം, മറ്റ് സമുദായങ്ങളുടെ മതപരമായ അവകാശങ്ങളെയും പൈതൃകത്തെയും ഹനിച്ചുകൊണ്ട് ആകരുതെന്നും പ്രദേശവനാസികള്‍ പറഞ്ഞു. ഒരു രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്. കൂടാതെ, ഈ പൊളിച്ചുമാറ്റലുകളോട് ഗുജറാത്ത് വഖഫ് ബോര്‍ഡ് സ്വീകരിച്ച നിലപാടിനെയും പ്രദേശവാസികൾ ചോദ്യം ചെയ്യുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന, കൈയേറ്റങ്ങള്‍ക്കെതിരായ വിപുലമായ നടപടികള്‍ക്കിടയിലാണ് ഈ വിവാദവും ഉയര്‍ന്നുവരുന്നത്. 2024 ഫെബ്രുവരി 21ന്, അന്നത്തെ ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി ഗുജറാത്ത് നിയമസഭയില്‍ അറിയിച്ചത് പ്രകാരം, സംസ്ഥാനത്തുടനീളം 108 ഇസ്ലാമിക ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റപ്പെട്ടിട്ടുണ്ട്. ഇതിനുമുമ്പ്, 2023 മാര്‍ച്ച് 28ന്, ഗുജറാത്തിലെ 1,600 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശത്തെ സുരക്ഷയും പൊതുക്ഷേമവും മുന്‍നിര്‍ത്തി, ബെറ്റ് ദ്വാരകയിലും ഗാന്ധവിയിലും മുസ്‌ലീം മത്സ്യത്തൊഴിലാളികളുടേതടക്കമുള്ള സ്വത്തുക്കള്‍ പൊളിച്ചുമാറ്റിയ നടപടിയെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ന്യായീകരിച്ചിരുന്നു.

പൊളിച്ചുമാറ്റപ്പെട്ട ദർഗ

തങ്ങളുടെ നിയമപരമായ വെല്ലുവിളി ഏതെങ്കിലും പ്രത്യേക സര്‍ക്കാരിനോ മതത്തിനോ എതിരല്ലെന്നും, മറിച്ച് ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനുമുള്ളതാണെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു. മതിയായ നിയമനടപടികള്‍ പാലിക്കാതെ മതപരവും ചരിത്രപരവുമായ നിര്‍മിതികള്‍ പൊളിച്ചുനീക്കുന്നത്, അതുമൂലം ബാധിക്കപ്പെടുന്ന സമൂഹങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ഇവര്‍ വാദിച്ചു. സംരക്ഷിത നിര്‍മിതികള്‍ അനധികൃതമായി പൊളിച്ചുനീക്കുന്നതിനെതിരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്ന കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്. ദര്‍ഗ കൈമാറ്റം ചെയ്തതിനെക്കുറിച്ചും പൊളിച്ചുനീക്കിയതിനെക്കുറിച്ചും സുതാര്യമായ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഇവര്‍ പറഞ്ഞു.

ഇതോടെ, ഒരു ആരാധനാലയം പൊളിച്ചുനീക്കിയതിലുപരിയായി, വഖഫ് സ്വത്തുക്കളുടെ സംരക്ഷണം, പുരാവസ്തു പൈതൃകങ്ങളുടെ പരിപാലനം, ഭൂമി ഏറ്റെടുക്കലിന്റെ നിയമസാധുത, ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ വന്‍കിട വികസന പദ്ധതികള്‍ ചെലുത്തുന്ന സ്വാധീനം എന്നിങ്ങനെ പല ഗൗരവകരമായ വിഷയങ്ങളിലേക്കും ഈ വിവാദം വ്യാപിച്ചിരിക്കുകയാണ്. ഗുജറാത്ത് തീരപ്രദേശങ്ങളിലെ ഇസ്ലാമിക ആരാധനാലയങ്ങളെയും മുസ്‌ലിം സ്വത്തുക്കളെയും അനധികൃത കൈയേറ്റങ്ങള്‍ ആയി മുദ്രകുത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കുന്നതിനും, സുരക്ഷാപരമായ ആശങ്കകള്‍ പരിഹരിക്കുന്നതിനും പൊതുക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം പൊളിച്ചുനീക്കലുകള്‍ നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Content Highlights: The Gujarat High Court heard petitions filed by eight residents of Gir Somnath on November 3 and 4, challenging the demolition of the historic Pir Ahmed Shah Dargah in Prabhas Patan. The structure was demolished on August 19, 2026, as part of the Somnath Corridor project. The petitioners alleged that a Persian inscription believed to date back to 1543, an old gateway and other structures associated with the dargah were removed without following the required legal procedures.

dot image
To advertise here,contact us
dot image