

ലണ്ടൻ: സാഹിത്യലോകത്തെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ ബുക്കർ സമ്മാനം ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ എഴുത്തുകാരൻ എം. ജോൺ ഹാരിസണിന്. 'ദ എൻഡ് ഓഫ് എവരിതിങ്' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 50,000 പൗണ്ട് അഥവാ ഏകദേശം 63 ലക്ഷം രൂപ ആണ് സമ്മാനത്തുക. 81-ാം വയസ്സിൽ ഈ നേട്ടം സ്വന്തമാക്കിയതോടെ ബുക്കർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ എഴുത്തുകാരൻ എന്ന ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി. 79-ാം വയസ്സിൽ 'ദ ടെസ്റ്റമെന്റ്സ്' എന്ന കൃതിക്ക് പുരസ്കാരം ലഭിച്ച മാർഗരറ്റ് അറ്റ്വുഡിന്റെ റെക്കോർഡാണ് ഹാരിസൺ തിരുത്തിക്കുറിച്ചത്.
ലണ്ടനിലെ ഓൾഡ് ബില്ലിങ്സ്ഗേറ്റിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചരിത്രകാരിയായ മേരി ബിയേർഡ് അധ്യക്ഷയായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. എഴുത്തുകാരായ റെയ്മണ്ട് ആൻട്രോബസ്, പട്രീഷ്യ ലോക്ക്വുഡ്, നിരൂപക റെബേക്ക ലിയു, സംഗീതജ്ഞൻ ജാർവിസ് കോക്കർ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ.
നിഗൂഢമായ ഐഗെറ്റി എന്ന അന്യഗ്രഹജീവികൾ അധിനിവേശം നടത്തിയ ഇംഗ്ലീഷ് തീരദേശ പട്ടണമായ ഡാൽസ്റ്റൺ-ഓൺ-സീയുടെ പശ്ചാത്തലത്തിലാണ് നോവലിന്റെ കഥ നടക്കുന്നത്. ഫിലിപ്പ് ടെന്നന്റ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ അമ്മായിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. മനുഷ്യനെ അനുകരിക്കാൻ കഴിയുന്ന ഐഗെറ്റി എന്ന അന്യഗ്രഹജീവികളിലൂടെ നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റത്തെക്കുറിച്ചും, അത് ഭാവിയെ എങ്ങനെ ബാധിക്കുമെന്നുമുള്ള ആശങ്കകളുമാണ് അദ്ദേഹം ഈ നോവലിലൂടെ പങ്കുവെക്കുന്നത്. കോവിഡ് മഹാമാരി, ബ്രെക്സിറ്റ് തുടങ്ങിയവയെക്കുറിച്ചും നോവലിൽ സൂചനകളുണ്ട്. കേവലം 198 പേജുകൾ മാത്രമുള്ള ഈ നോവലാണ് അന്തിമപട്ടികയിലുണ്ടായിരുന്ന ആറ് പുസ്തകങ്ങളിൽ ഏറ്റവും ചെറുത്. 2008-ലെ സാമ്പത്തിക മാന്ദ്യമാണ് തന്നെ ഈ നോവലെഴുതാൻ പ്രേരിപ്പിച്ചതെന്ന് ഹാരിസൺ പറഞ്ഞു.
"ജീവിതം മാറിമറിയുന്നതിനെക്കുറിച്ച് എളുപ്പത്തിൽ സംസാരിക്കാനാകും, എന്നാൽ സ്വന്തം ജീവിതത്തിൽ അത് സംഭവിക്കുമ്പോൾ വിചിത്രമായാണ് തോന്നുന്നത്. ഒടുവിൽ ഞാനൊരു യഥാർത്ഥ എഴുത്തുകാരനായി മാറിയത് പോലെ തോന്നുന്നു," പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ജോൺ ഹാരിസൺ പ്രതികരിച്ചു. അരനൂറ്റാണ്ടിലേറെയായി സയൻസ് ഫിക്ഷൻ മേഖലയിൽ സജീവമാണെങ്കിലും ഹാരിസൺ ആദ്യമായാണ് ബുക്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. ഒരു സയൻസ് ഫിക്ഷൻ നോവലിന് ബുക്കർ പുരസ്കാരം ലഭിക്കുന്നതും ഇതാദ്യമായാണ്. 163 പുസ്തകങ്ങളിൽ നിന്നാണ് അന്തിമപട്ടികയിലെ ആറ് പുസ്തകങ്ങളെ തിരഞ്ഞെടുത്തത്.
ഇംഗ്ലണ്ടിലെ റഗ്ബിയിൽ 1945-ലാണ് എം. ജോൺ ഹാരിസണിന്റെ ജനനം. 1971 മുതൽ 1984 വരെ അദ്ദേഹം എഴുതിയ വിർകോണിയം പരമ്പരയും, 2002-ൽ പുറത്തിറങ്ങിയ ലൈറ്റ് എന്ന നോവലും സയൻസ് ഫിക്ഷൻ ലോകത്ത് വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷം ബ്രിട്ടീഷ്-ഹംഗേറിയൻ എഴുത്തുകാരനായ ഡേവിഡ് സലെയുടെ 'ഫ്ലെഷ്' (Flesh) എന്ന നോവലിനായിരുന്നു പുരസ്കാരം ലഭിച്ചത്.
Content Highlights: British science fiction writer M John Harrison wins the 2026 Booker Prize for 'The End of Everything' at 81, becoming the oldest-ever recipient and the first author to win the award for a science fiction novel