അയോധ്യാ സന്ദര്‍ശനത്തിനൊരുങ്ങി അഖിലേഷ് യാദവ്; കര്‍സേവകരെ ഇല്ലാതാക്കിയവര്‍ ആദ്യം മാപ്പുപറയണമെന്ന് യോഗി

അയോധ്യയിലെ ദീപാവലി ആഘോഷമായ 'ദീപോത്സവി'ല്‍ സംസാരിക്കവെയാണ് അഖിലേഷിനെ അടക്കം ലക്ഷ്യമിട്ടുകൊണ്ട് യോഗി വിമര്‍ശനമുന്നയിച്ചത്.

അയോധ്യാ സന്ദര്‍ശനത്തിനൊരുങ്ങി അഖിലേഷ് യാദവ്; കര്‍സേവകരെ ഇല്ലാതാക്കിയവര്‍ ആദ്യം മാപ്പുപറയണമെന്ന് യോഗി
dot image

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന്റെ ഡിസംബറിലെ അയോധ്യ രാമക്ഷേത്ര സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയെയും ഭഗവാന്‍ ശ്രീരാമനെയും തുടര്‍ച്ചയായി അവഗണിച്ചവരും കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരും ക്ഷേത്രനഗരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആദ്യം മാപ്പുപറയണമെന്നാണ് യോഗിയുടെ പരാമര്‍ശം.

അയോധ്യയിലെ ദീപാവലി ആഘോഷമായ 'ദീപോത്സവി'ല്‍ സംസാരിക്കവെയാണ് അഖിലേഷിനെ അടക്കം ലക്ഷ്യമിട്ടുകൊണ്ട് യോഗി വിമര്‍ശനമുന്നയിച്ചത്.

UP CM Yogi Adithyanath
യോഗി ആദിത്യനാഥ്

'അയോധ്യയെ രക്തരൂക്ഷിതമാക്കിയവര്‍ ഇന്ന് അയോധ്യ സന്ദര്‍ശിക്കാനെത്തുകയാണ്. അവര്‍ രാമഭക്തരോടും സന്യാസിമാരോടും തങ്ങളുടെ പ്രവൃത്തികളില്‍ ആദ്യം മാപ്പുപറയണം. ഭഗവാന്‍ ശ്രീരാമന്‍ സര്‍വചരാചരങ്ങളെയും സംരക്ഷിക്കുന്നവനാണ്, അദ്ദേഹം എല്ലാവരോടും ക്ഷമിക്കും. അയോധ്യ ഇന്ന് ത്രേതായുഗത്തിന്റെ ഓര്‍മകള്‍ക്ക് ജീവന്‍ നല്‍കുകയാണ്. ഒരുകാലത്ത് ശ്രീരാമന്റെ പേര് വിളിച്ചതിന് ആളുകള്‍ ലാത്തിച്ചാര്‍ജിനും വെടിവെപ്പിനും ഇരയായ, അവഗണിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന അതേ നഗരം ഇന്ന് പുരാതന പ്രതാപം വീണ്ടെടുത്ത് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുകയാണ്, ' യോഗി ആദിത്യനാഥ് പറഞ്ഞു.

Also Read:

1990ലെ സംഭവം ഉയര്‍ത്തിക്കാട്ടിയാണ് യോഗി ആദിത്യനാഥ് അഖിലേഷിനെതിരെ വിമര്‍ശനമുന്നയിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന പ്രക്ഷോഭം ശക്തമായിരിക്കെ, പള്ളിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച കര്‍സേവകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. അന്ന് അഖിലേഷ് യാദവിന്റഎ പിതാവായ മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയായിരുന്നു ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത്. അഖിലേഷ് യാദവിന്റെ പിതാവാണ് മുലായം സിങ് യാദവ്.

Akhilesh Yadav
അഖിലേഷ് യാദവ്

അന്നത്തെ വെടിവെപ്പില്‍ 15 പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ബിജെപി, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), മറ്റ് ഹിന്ദുത്വ സംഘടനകള്‍ എന്നിവര്‍ അവകാശപ്പെടുന്നത്. രാമക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട സമീപകാല വിവാദം ഉയര്‍ത്തിക്കാട്ടി അഖിലേഷ് യോഗിക്ക് മറുപടിയും നല്‍കി. സംഭാവന മോഷണത്തിലെ സത്യവും കെട്ടുകഥയും എപ്പോള്‍ വേര്‍തിരിക്കുമെന്നാണ് അയോധ്യയിലെ ജനങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ? മോഷണത്തിന് പിന്നിലെ പ്രധാന പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം എക്‌സിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

അയോധ്യ രാമക്ഷേത്രം

ബിജെപി വര്‍ഗീയത വളര്‍ത്തുകയാണെന്ന് അഖിലേഷ് യാദവ് ആവര്‍ത്തിച്ചു. അതേസമയം, 2019ലെ സുപ്രീം കോടതി വിധിയോടെ അയോധ്യാ തര്‍ക്കത്തിന് പരിഹാരമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുവരെ അഖിലേഷ് രാമക്ഷേത്രം സന്ദര്‍ശിച്ചിട്ടില്ല. ഇറ്റാവയിലെ സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ കേദാരേശ്വര്‍ ധാം ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായശേഷം മാത്രമേ രാമക്ഷേത്രം സന്ദര്‍ശിക്കൂ എന്നതടക്കമുള്ള വിവിധ കാരണങ്ങളാണ് അദ്ദേഹം ഇതിന് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ക്ഷേത്രത്തിന്റെ നിര്‍മാണം ഇപ്പോള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

ഡിസംബര്‍ 12ന് കനൗജില്‍ നിന്നുള്ള ലോക്സഭാംഗം അഖിലേഷ് യാദവും ഭാര്യയും മെയിന്‍പുരി എം പിയുമായ ഡിംപിള്‍ യാദവും രാമക്ഷേത്രത്തിലും ഹനുമാന്‍ഗഢിലും ദര്‍ശനം നടത്തുമെന്ന് എസ്പി നേതാവ് പവന്‍ പാണ്ഡെ നേരത്തെ അറിയിച്ചിരുന്നു. 2027 ഫെബ്രുവരിയോടെ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോധ്യ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പാണ്ഡെയെ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് പാണ്ഡെ സംഘടിപ്പിച്ച ഭാഗവത കഥയില്‍ പങ്കെടുക്കാന്‍ അഖിലേഷ് അയോധ്യയിലെത്തിയിരുന്നെങ്കിലും ക്ഷേത്രം സന്ദര്‍ശിച്ചിരുന്നില്ല.

Also Read:

അഖിലേഷ് യാദവ് അവസരം കാണുമ്പോഴാണ് പ്രാര്‍ഥനയ്ക്കായി പോകുന്നതെന്നും സനാതന ധര്‍മത്തെ നിരന്തരം അപമാനിക്കുന്നതില്‍നിന്ന് അദ്ദേഹം വിട്ടുനില്‍ക്കണമെന്നും ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ പങ്കജ് ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് എസ്പി അയോധ്യ വിഷയം ഉന്നയിക്കുന്നതെന്ന് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയും ആരോപിച്ചു. അയോധ്യയില്‍ ആരാണ് മത്സരിക്കേണ്ടതെന്നതിനെച്ചൊല്ലി ഒരു മാസമായി തുടരുന്ന വാക്‌പോരിന് പിന്നാലെയാണ് അഖിലേഷിന്റെ ക്ഷേത്രസന്ദര്‍ശന പ്രഖ്യാപനം. ഒക്ടോബര്‍ എട്ടിന് അയോധ്യയിലെത്തിയപ്പോള്‍ ക്ഷേത്രനഗരത്തില്‍നിന്ന് തന്നെ മത്സരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഖിലേഷ് വെല്ലുവിളിച്ചിരുന്നു.

Content Highlight: Uttar Pradesh Chief Minister Yogi Adityanath has criticised Samajwadi Party chief Akhilesh Yadav over his planned December visit to the Ram Temple in Ayodhya. Yogi said those who repeatedly neglected Ayodhya and Lord Shri Ram, and those responsible for opening fire on kar sevaks during the 1990 Ram Temple movement, must apologise before entering the temple town. He made the remarks while addressing the Deepotsav celebrations in Ayodhya, targeting Akhilesh and his political predecessors over their stance during the Ram Janmabhoomi movement.

dot image
To advertise here,contact us
dot image