

ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്ന് സോണിയ ഗാന്ധി. ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരയുടെ തെറ്റായിരുന്നുവെന്നും അഭിമുഖത്തിൽ സോണിയ തുറന്നുപറയുന്നുണ്ട്. പിന്നീട് ഇന്ദിരയ്ക്കും അതേ അഭിപ്രായമുണ്ടായിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും സോണിയ അഭിപ്രായപ്പെടുന്നുണ്ട്. ആത്മകഥയായ ‘Belonging: A Journey of Love’ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയന്’ നൽകിയ അഭിമുഖത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.
അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന് രാജീവ് ഗാന്ധി ഇന്ദിര ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സോണിയയുടെ വെളിപ്പെടുത്തൽ. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിലപാടിലായിരുന്നു സഞ്ജയ് ഗാന്ധിയെന്നും സോണിയ വ്യക്തമാക്കി. ഒരു കുടുംബസദ്യയ്ക്കിടെ പ്രതിപക്ഷം അമ്മയെ തകർക്കുമെന്നും അവരെ തടയണമെന്നും സഞ്ജയ് വാദിച്ചതായും സോണിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സഞ്ജയിയെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പിന്നീട് സംഭവിച്ച പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും സോണിയയെ ഉദ്ധരിച്ച് ഗാർഡിയൻ വ്യക്തമാക്കുന്നുണ്ട്.
ഇന്ദിര ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ഖേദമുണ്ടായിരുന്നുവെന്ന സൂചനയും അഭിമുഖത്തിൽ സോണിയ ഗാന്ധി നൽകുന്നുണ്ട് 'മിസിസ് ഗാന്ധി ഉള്ളിൽ ഒരു ജനാധിപത്യവാദിയായിരുന്നു എന്നാണ് ഞാൻ എപ്പോഴും കരുതുന്നത്. പലരും ഇതുകേട്ട് ചിരിച്ചേക്കാം. എന്നാൽ അടിയന്തരാവസ്ഥയുടെ കാലത്ത് അവർക്ക് ഒരിക്കലും മനഃസമാധാനമുണ്ടായിരുന്നില്ലെന്നാണ് എന്റെ വിശ്വാസം. ആ തീരുമാനം അവരുടെ മനസ്സിൽ വലിയ ഭാരമായി നിലനിന്നിരുന്നു' എന്നായിരുന്നു സോണിയയുടെ പ്രതികരണം.
1975ലായിരുന്നു ഇന്ദിരാഗാന്ധി തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വിവാദപരമായ അടിയന്തരാവസ്ഥ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തത്. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ നീക്കങ്ങളും നിലനിൽക്കെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിര തീരുമാനിച്ചച്. രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നായിരുന്നു വിശദീകരണം. എന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരുന്നു. ഭരണഘടനാ വ്യവസ്ഥകൾ മരവിപ്പിക്കപ്പെട്ടു. പൗരാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടു. മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. വിചാരണപോലുമില്ലാതെ നിരവധി പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും തടവിലാക്കി. ഏതാണ്ട് രണ്ടുവർഷത്തോളം നീണ്ടുനിന്ന അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടമായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിനെതിരായ വിമർശനങ്ങളിൽ ഇന്നും ഈ കാലം പ്രധാന ആയുധമാണ്.
Sonia Gandhi reveals that Rajiv Gandhi opposed the declaration of Emergency in 1975, while his brother Sanjay Gandhi supported the decision made during Indira Gandhi's tenure as Prime Minister