

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. ഗ്യാനേഷ് കുമാറിന്റെ കാലത്തേക്കാള്‍ മികച്ച വിജയശതമാനം കോണ്‍ഗ്രസ് നിയമിച്ച തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ നേടിയിട്ടുണ്ടെന്നായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ പരാമര്‍ശം. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ യുക്തി അനുസരിച്ച് സോണിയ ഗാന്ധി എന്‍ഡിഎക്ക് വേണ്ടി വോട്ട് ചോരി നടത്തുകയായിരുന്നോ എന്നും ഭണ്ഡാരി പരിഹസിച്ചു.
എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ബിജെപി വക്താവിന്റെ പരിഹാസം. കോണ്‍ഗ്രസ് നേതൃത്വം നല്കിയ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വി എസ് സമ്പത്തിന്റെ കാലത്താണ് എന്‍ഡിഎ മികച്ച വിജയം സ്വന്തമാക്കിയതെന്നാണ് ഇയാളുടെ വാദം.
2012 ജൂണ്‍ 11 മുതല്‍ 2015 ജനുവരി 15 വരെയാണ് ഇന്ത്യയുടെ 18ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സമ്പത്ത് പ്രവര്‍ത്തിച്ചിരുന്നത്.
സമ്പത്തിന്റെ കാലഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 75 ശതമാനവും എന്‍ഡിഎ വിജയിച്ചുവെന്നും എന്നാല്‍ ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് 66 ശതമാനം മാത്രമാണ് ബിജെപിയുടെയും എന്‍ഡിഎയുടെയും വിജയശതമാനമെന്നും പ്രദീപ് ഭണ്ഡാരി അവകാശപ്പെട്ടു.
'മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയിലിരിക്കുമ്പോഴുള്ള എന്‍.ഡി.എയുടെ വിജയശതമാനം, വി എസ് സമ്പത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്തേതിനേക്കാള്‍ കുറവാണ്. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ യുക്തി അനുസരിച്ചാണെങ്കില്‍ സോണിയ ഗാന്ധി ബിജെപിക്ക് വേണ്ടി 'വോട്ട് ചോരി' നടത്തുകയായിരുന്നോ?'' പ്രദീപ് ഭണ്ഡാരി പരിഹസിച്ചു.
2024 മാര്‍ച്ച് 15നാണ് ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ആദ്യം നിയമിച്ചത്. 2025 ഫെബ്രുവരി 19ന് ഇന്ത്യയുടെ 26-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അദ്ദേഹം ചുമതലയേറ്റു.
Content Highlight: BJP national spokesperson Pradeep Bhandari mocked the Congress over its protest against Chief Election Commissioner Gyanesh Kumar. Bhandari claimed that the BJP-led NDA had recorded a higher winning strike rate under an Election Commissioner appointed by the Congress than under Gyanesh Kumar.
He also took a dig at Rahul Gandhi, asking whether Sonia Gandhi had been committing 'Vote Chori' on behalf of the NDA, going by Rahul Gandhi's logic.