ഇമിഗ്രേഷൻ നപടികളിൽ ഇളവുമായി ആഭ്യന്തര മന്ത്രാലയം; പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും മതന്യൂനപക്ഷങ്ങൾക്കും ഇളവ്

പാകിസ്താന്‍ സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ തങ്ങളുടെ പാസ്പോര്‍ട്ട് പുതുക്കാന്‍ കഴിയാതെ വരുന്നര്‍ക്ക് ഇളവം ഗുണകരമാകും

ഇമിഗ്രേഷൻ നപടികളിൽ ഇളവുമായി ആഭ്യന്തര മന്ത്രാലയം; പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും മതന്യൂനപക്ഷങ്ങൾക്കും ഇളവ്
dot image

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ഥിരതാമസമാക്കുന്നതിനായി 2009 ഡിസംബര്‍ 31-ന് മുന്‍പ് ഇന്ത്യയില്‍ എത്തിയ പാകിസ്താന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ള വിദേശ പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട്, വിസ നിബന്ധനകളില്‍ ഇളവ് വരുത്തി ആഭ്യന്തര മന്ത്രാലയം. പാകിസ്താന്‍ സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ തങ്ങളുടെ പാസ്പോര്‍ട്ട് പുതുക്കാന്‍ കഴിയാതെ വരുന്നര്‍ക്ക് ഇളവ് ഗുണകരമാകും. ഉത്തരവ് പ്രകാരം പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പൗരന്മാര്‍, ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍, ടിബറ്റുകാര്‍ എന്നിവരെയാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനോ ഇന്ത്യയില്‍ നിന്ന് പുറത്തുപോകുന്നതിനോ ഉള്ള യാത്രാ, തിരിച്ചറിയല്‍ നടപടിക്രമങ്ങളും ഈ ഉത്തരവ് ലഘൂകരിക്കുന്നു. വിസ മാനുവലില്‍ വ്യക്തമാക്കിയിട്ടുള്ള രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിക്കൊണ്ട് അവര്‍ക്ക് ഇന്ത്യയിലേക്ക് വരാനോ പോകാനോ സാധിക്കും. എന്നാല്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയൊഴികെയുള്ള മറ്റ് സ്ഥലങ്ങളില്‍ നിന്നാണ് അവര്‍ ഇന്ത്യയിലേക്ക് വരുന്നതെങ്കിലോ അല്ലെങ്കില്‍ അവിടങ്ങളിലേക്കാണ് പോകുന്നതെങ്കിലോ, അവരുടെ കൈവശം സാധുവായ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. ചൈന, മക്കാവു, ഹോങ്കോങ്, അല്ലെങ്കില്‍ പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്ര ആരംഭിച്ചതോ അല്ലെങ്കില്‍ ആ സ്ഥലങ്ങളിലൂടെ കടന്നുപോന്നതോ ആയ നേപ്പാള്‍, ഭൂട്ടാന്‍ പൗരന്മാരുടെ കൈവശവും സാധുവായ പാസ്പോര്‍ട്ടും വിസയും ഉണ്ടായിരിക്കണം.

ഇന്ത്യ വിഭജനത്തിനുശേഷം (1947 ഓഗസ്റ്റ് 15-നും 1965 ഡിസംബര്‍ 31-നും ഇടയില്‍) പാകിസ്താനിലേക്ക് പോവുകയും, എന്നാല്‍ തന്റെ കുടുംബത്തെ ഇന്ത്യയില്‍ ഉപേക്ഷിച്ചുപോവുകയും ചെയ്ത, യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പൗരനായിരുന്ന ഒരു മുസ്‌ലിമിന്റെ കാര്യത്തില്‍ സാധുവായ പാസ്പോര്‍ട്ടും വിസയും വേണമെന്ന നിബന്ധന ബാധകമല്ല. ഇദ്ദേഹം 2009 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയിലേക്ക് തിരികെ വരികയും, അന്ന് കൈവശമുണ്ടായിരുന്ന പാകിസ്താന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് കേരളത്തില്‍ താമസമാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, ആ പാസ്പോര്‍ട്ട് പിന്നീട് കാലാവധി തീര്‍ന്നതോ നഷ്ടപ്പെട്ടതോ ആണെങ്കില്‍ പോലും, അദ്ദേഹത്തിന് ഈ ഇളവ് ബാധകമായിരിക്കും.

എന്നിരുന്നാലും, അത്തരം ഒരാള്‍ പാകിസ്താനില്‍ ആയിരുന്നപ്പോള്‍ വിവാഹം കഴിക്കുകയോ സ്ഥാവര സ്വത്തുക്കള്‍ സമ്പാദിക്കുകയോ ചെയ്തിട്ടുണ്ടാകരുത്. പാകിസ്താനിലേക്ക് പോയപ്പോള്‍ ഇന്ത്യന്‍ പൗരന്മാരായ കുടുംബാംഗങ്ങളെ ഇന്ത്യയില്‍ ഉപേക്ഷിച്ചിട്ടുണ്ടാകണം. പാകിസ്താനിലേക്ക് തിരികെ പോകാന്‍ പാടില്ല. കൂടാതെ പൊലീസ് അല്ലെങ്കില്‍ സുരക്ഷാ ഏജന്‍സികളില്‍ നിന്ന് അത്തരം വ്യക്തിയെക്കുറിച്ച് പ്രതികൂലമായ റിപ്പോര്‍ട്ടുകളൊന്നും ഉണ്ടായിരിക്കാനും പാടില്ലെന്നും നിബന്ധനയുണ്ട്. നേപ്പാളില്‍ നിന്നോ ഭൂട്ടാനില്‍ നിന്നോ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതോ, അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കോ ഭൂട്ടാനിലേക്കോ കരമാര്‍ഗ്ഗമോ വ്യോമമാര്‍ഗ്ഗമോ യാത്ര ചെയ്യുന്നതോ ആയ ഒരു ഇന്ത്യന്‍ പൗരന്‍, തന്റെ തിരിച്ചറിയല്‍ തെളിയിക്കുന്നതിനായി 'വിസ മാനുവലില്‍' പരാമര്‍ശിച്ചിട്ടുള്ള രേഖകളില്‍ ഒന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കേണ്ടതാണ്. എന്നാല്‍, നേപ്പാള്‍ അല്ലെങ്കില്‍ ഭൂട്ടാന്‍ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് പോകുകയോ അവിടെ നിന്ന് മടങ്ങിവരികയോ ചെയ്യുന്ന സാഹചര്യത്തില്‍, ഇന്ത്യ-നേപ്പാള്‍ അല്ലെങ്കില്‍ ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി വഴിയോ വ്യോമമാര്‍ഗ്ഗമോ ആണെങ്കില്‍ പോലും, ഈ ഇളവ് ബാധകമായിരിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സാധുവായ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. കൂടാതെ ഇന്ത്യയിലേക്കുള്ള പ്രവേശനവും ഇന്ത്യയില്‍ നിന്നുള്ള പുറപ്പെടലും നിശ്ചിത ഇമിഗ്രേഷന്‍ പോയിന്റുകള്‍ വഴി മാത്രമേ അനുവദിക്കൂ.

ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും, അവിടെ താമസിക്കുന്നതിനും, അവിടെ നിന്ന് പുറത്തുപോകുന്നതിനും സാധുവായ പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ വിസയോ ആവശ്യമാണെന്ന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ ചില വിഭാഗങ്ങള്‍ക്ക് ബാധകമല്ല. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ അവിടെ നിന്ന് പുറത്തുപോവുകയോ ചെയ്യുന്ന ഇന്ത്യന്‍ നാവികസേന, കരസേന, വ്യോമസേന എന്നിവയിലെ അംഗങ്ങള്‍, സര്‍ക്കാര്‍ ഗതാഗത സംവിധാനത്തില്‍ അവരോടൊപ്പം യാത്ര ചെയ്യുന്ന അവരുടെ കുടുംബാംഗങ്ങള്‍, 2015 ജനുവരി 9-ന് മുന്‍പായി ഇന്ത്യയില്‍ അഭയം പ്രാപിച്ച, രജിസ്റ്റര്‍ ചെയ്ത ശ്രീലങ്കന്‍ തമിഴ് പൗരന്മാര്‍, അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യയില്‍ എത്തുന്ന വിദേശ സൈനിക കപ്പലുകളിലെ ജീവനക്കാര്‍ (ഇവര്‍ക്ക് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ 'മിലിട്ടറി ഷിപ്പ് റിപ്പയര്‍ പെര്‍മിറ്റ്' നല്‍കിയിരിക്കണം, കൂടാതെ ഇവര്‍ തങ്ങളുടെ സൈനിക തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ചിരിക്കുകയും വേണം). ടിബറ്റന്‍ വംശജര്‍ ( 1959-ന് ശേഷവും എന്നാല്‍ 2003 മെയ് 30-ന് മുന്‍പും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നല്‍കിയ എന്‍ട്രി പെര്‍മിറ്റ് (പ്രവേശന അനുമതി) വഴി ഇന്ത്യയില്‍ പ്രവേശിച്ചവര്‍, അല്ലെങ്കില്‍ 2003 മെയ് 30-ന് ശേഷം, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ നിശ്ചിത ഇമിഗ്രേഷന്‍ പോസ്റ്റ് വഴി നല്‍കിയ പ്രത്യേക എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് ഇന്ത്യയില്‍ പ്രവേശിക്കുകയും, ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനില്‍ നിന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തവരോ അയിരിക്കണം) എന്നിവര്‍ക്കാണ് ഇളവുള്ളത്.

പാകിസ്താനിലെ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, ജൈന, പാര്‍സി വിഭാഗങ്ങളില്‍പ്പെട്ട മതപരമായ പീഡനം അനുഭവിക്കുന്നവര്‍ക്കം ഇളവ് ലഭിക്കും. പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെയോ, കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുമായോ 2024 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചിട്ടുണ്ടെങ്കിലാണ് ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുക. എന്നിരുന്നാലും, ഇന്ത്യയില്‍ തുടര്‍ന്നും താമസിക്കുന്നതിനായി, ഇവര്‍ ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഉചിതമായ വിഭാഗത്തിലുള്ള വിസ നേടേണ്ടതുണ്ട്. സാധുവായ പാസ്പോര്‍ട്ടും വിസയും ഉണ്ടായിരിക്കണം എന്ന നിബന്ധനയില്‍ നിന്ന് മറ്റുചില വിഭാഗത്തിലുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വംശജരായ വ്യക്തികള്‍, പിന്നീട് മലേഷ്യയിലെയോ സിംഗപ്പൂരിലെയോ പൗരത്വം നേടുകയും, ആ രാജ്യങ്ങള്‍ നല്‍കിയ സാധുവായ പാസ്പോര്‍ട്ടുമായി 2009 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തവര്‍. ആ രാജ്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ ഇവരുടെ പാസ്പോര്‍ട്ടുകളുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നല്‍കിയിട്ടില്ലെങ്കില്‍, തങ്ങള്‍ ഇന്ത്യന്‍ വംശജരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇവര്‍ ഹാജരാക്കേണ്ടതുണ്ട്.

Content Highlights: The Union Home Ministry has relaxed passport and visa requirements for certain foreign nationals, including Pakistani citizens, who entered India before December 31, 2009, to settle permanently. The exemption is expected to benefit those unable to renew their passports because they do not possess identity cards issued by the Pakistani government. The amended rules cover members of religious minorities from Pakistan and Afghanistan, Sri Lankan Tamil refugees and Tibetans.

dot image
To advertise here,contact us
dot image