

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിമത സ്വരം ഉയര്‍ത്തിയ എംഎല്‍എമാരുമായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇന്ന് കൂടിക്കാഴ്ച നടത്തും. നാഷണല്‍ കോണ്‍ഫറന്‍സിലെ 41 എംഎല്‍എമാരില്‍ 18 പേര്, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ പരിഷ്കാരങ്ങളും ഉത്തരവാദിത്തവും ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, മുഖ്യമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവിനെ നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും യോഗത്തില്‍ പങ്കെടുക്കും. നിര്‍ണായക യോഗത്തിന് മുന്നോടിയായി വിമത എംഎല്‍എമാര്‍ യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങളില്‍ തങ്ങളുടെ നിലപാട് ഉറപ്പിക്കാനായിരുന്നു ഈ കൂടിക്കാഴ്ച.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന നാസിര്‍ അസ്ലം വാനിയെ നീക്കം ചെയ്യണമെന്നതിന് പുറമെ, ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയില്‍ നിന്ന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഉടന്‍ എടുത്തുമാറ്റണമെന്നും വിമത വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ചൗധരിക്കെതിരെ മോശം പെരുമാറ്റവും അഴിമതിയും ആരോപിച്ച എംഎല്‍എമാര്‍ അദ്ദേഹത്തിനെതിരെ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷകളും സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയും തമ്മിലുള്ള അകലം വര്‍ധിച്ചുവരുന്നതില്‍ അതൃപ്തിയും എംഎല്‍എമാര്‍ പ്രകടിപ്പിച്ചു. ഭരണപരമായ വീഴ്ചകള്‍, ഉത്തരവാദിത്തമില്ലായ്മ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി കൂടിയാലോചനകള്‍ ഇല്ലാത്ത സ്ഥിതി എന്നിവയും അവര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി നേതൃത്വം, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള അകലം വര്‍ധിക്കുന്നതിന് കാരണം നാസിര്‍ അസ്ലം വാനിയാണെന്നും എംഎല്‍എമാര്‍ ആരോപിച്ചു.
പ്രകടനം മോശമായ മന്ത്രിമാരെ മാറ്റണമെന്നും, തെരഞ്ഞെടുപ്പ് പ്രകടനപത്രിക നടപ്പാക്കണമെന്നും, ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കുന്നതിനായി വീണ്ടും പോരാടണമെന്നും വിമതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മുതല്‍ ഈ സംഘം നാല് തവണ യോഗം ചേരുകയും, നാഷണല്‍ കോണ്‍ഫറന്‍സില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനും ഭരണത്തില്‍ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും വേണ്ടി പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. തങ്ങള്‍ വിമതര്‍ അല്ലെന്നും, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
Content Highlights: Jammu and Kashmir Chief Minister Omar Abdullah is scheduled to meet dissenting National Conference MLAs amid growing differences over the functioning of the government. Of the party's 41 MLAs, 18 are reportedly demanding comprehensive administrative reforms and greater accountability. They have also called for the removal of the Chief Minister's principal adviser. National Conference president and former Chief Minister Farooq Abdullah will attend the meeting. The dissenting MLAs had held a separate meeting ahead of the discussions to reaffirm their demands submitted to the Chief Minister.