

കാലിഫോർണിയ: കാലിഫോർണിയയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 548 തടവുകാരുടെയും ശിക്ഷ ഇളവ് ചെയ്യാൻ പദ്ധതി. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമാണ് പദ്ധതി പ്രഖ്യാപിച്ചത്. നടപ്പിലാക്കുകയാണെങ്കിൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വധശിക്ഷ ഇളവായി ഇത് മാറും. ഇതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ പകരം പരോൾ ലഭിക്കാത്ത ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. അമേരിക്കയിൽ ഏറ്റവും കൂടുതൽ വധശിക്ഷ വിധിച്ച സംസ്ഥാനമാണ് കാലിഫോർണിയ. ഗവർണറുടെ പുതിയ പ്രഖ്യാപനത്തോടെ അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണത്തിൽ ദേശീയതലത്തിൽ 30 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
വ്യാഴാഴ്ച പുറത്തിറക്കിയ മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് കാലിഫോർണിയയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഗാവിൻ ന്യൂസം പദ്ധതി പ്രഖ്യാപിച്ചത്. വധശിക്ഷയോടുള്ള തൻ്റെ എതിർപ്പ് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. 'വധശിക്ഷകൾ കാലിഫോർണിയയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും നമ്മുടെ നിയമവ്യവസ്ഥയുടെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും നമ്മളെ ഓരോരുത്തരെയും ദുർബലപ്പെടുത്തുമെന്നും ഉറച്ചു വിശ്വസിക്കുന്നതിനാലാണ് ഞാൻ ഈ നടപടി സ്വീകരിക്കുന്നത്', കത്തിലൂടെ ഗാവിൻ പറഞ്ഞു. ഗവർണർ എന്ന നിലയിലുള്ള നാല് വർഷത്തെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഗാവിൻ ന്യൂസത്തിൻ്റെ ഈ നീക്കം. മുൻ സാൻഫ്രാൻസിസ്കോ മേയറും ലഫ്റ്റനന്റ് ഗവർണറുമായിരുന്ന ഗാവിൻ 2028-ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
അധികാരമേറ്റ് രണ്ട് മാസത്തിന് ശേഷം 2019 മാർച്ചിൽ തന്നെ ന്യൂസം സ്റ്റേറ്റിൽ വധശിക്ഷകൾ നടപ്പിലാക്കുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. റിപ്പബ്ലിക്കൻ ഗവർണറായിരുന്ന ആർനോൾഡ് ഷ്വാസ്നെഗറിന്റെ ഭരണകാലത്ത് 2006-ലാണ് കാലിഫോർണിയയിൽ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. നിലവിൽ അമേരിക്കയിലെ 27 സംസ്ഥാനങ്ങളിൽ വധശിക്ഷ നിയമപരമാണെങ്കിലും, 23 സംസ്ഥാനങ്ങൾ ഇത് പൂർണ്ണമായും നിർത്തലാക്കിയിട്ടുണ്ട്.
എന്നാൽ, കാലിഫോർണിയ ഗവർണറുടെ നിലപാടുകൾക്ക് വിരുദ്ധമായി ഗുരുതരമായ ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകണമെന്ന വാദക്കാരനാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫയറിങ് സ്ക്വാഡുകൾ ഉപയോഗിച്ച് ഫെഡറൽ വധശിക്ഷകൾ നടപ്പിലാക്കുന്നത് വിപുലീകരിക്കുമെന്ന് ട്രംപ് ഭരണകൂടം കഴിഞ്ഞ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: California Governor Gavin Newsom has announced plans to commute the death sentences of 548 inmates to life imprisonment without parole. If implemented, it would be the largest mass commutation of death sentences in US history