'രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നു, അതിനെതിരെ ഒന്നിച്ച് പോരാടണം', ദസറ ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി

എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്നതാണ് രാമരാജ്യ സങ്കല്‍പ്പമെന്നും അവിടെ വിവേചനങ്ങള്‍ ഇല്ലെന്നും മോദി

'രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നു, അതിനെതിരെ ഒന്നിച്ച് പോരാടണം', ദസറ ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി
dot image

ന്യൂഡല്‍ഹി: രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതിനെതിരെ ഒന്നിച്ച് പോരാടണമെന്നും ദസറ ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. പൊതു നന്മക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്നതാണ് രാമരാജ്യ സങ്കല്‍പ്പമെന്നും അവിടെ വിവേചനങ്ങള്‍ ഇല്ലെന്നും രാജ്യത്തിന്റെ നന്മക്കായി എല്ലാവരും ഒന്നിക്കണമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം നടന്നുവരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പരോക്ഷ പ്രതികരണം.

അതേസമയം, ഭരണമാറ്റ പ്രക്ഷോഭങ്ങള്‍ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന പ്രസ്താവനയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകര്‍ക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയാണ് വിദ്യാര്‍ഥി സമരമെന്നും അദ്ദേഹം ആരോപിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്നുവരുന്നതില്‍ താല്‍പര്യമില്ല. അടുത്ത തലമുറയാണ് ഭാരതത്തെ നയിക്കേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ നടന്ന വിജയ ദശമി പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയെ നീച ഉദ്ദേശ്യങ്ങളില്‍ നിന്ന് രക്ഷിക്കണം. ഭരണമാറ്റം ഒരിക്കലും പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല. ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടാകില്ല. 'ഫ്രാന്‍സ്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഇന്ത്യയിലും അത്തരം ശ്രമങ്ങള്‍ തുടരുകയാണ്. എന്നാലിവിടെ ഭരണമാറ്റം സംഭവിക്കില്ല. ഇന്ത്യ ഉറച്ച ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുകയാണ്', നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

'പ്രശ്‌നങ്ങള്‍ നിലനില്‍ക്കും, ജനാധിപത്യത്തില്‍ പ്രതിഷേധങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ പ്രതിഷേധങ്ങളുടെ ഉദ്ദേശ്യം എന്തായിരിക്കണം? കൃത്യമായ പരിഹാരങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കണം', ഇത്തരം സമരങ്ങള്‍ പൊതുജനക്ഷേമം ഒഴികെയുള്ള ലക്ഷ്യങ്ങളിലേക്ക് നയിക്കപ്പെടുമ്പോള്‍ അവ രാഷ്ട്രീയ ഉപകരണങ്ങളായി മാറുമെന്നും വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ പ്രത്യയ ശാസ്ത്രങ്ങള്‍ക്കോ നേരെയുള്ള ശത്രുത വളര്‍ത്തിയെടുക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Content Highlights: PM Modi Calls for National Unity Against Attempts to Divide India at Dussehra Celebrations.

dot image
To advertise here,contact us
dot image