

ന്യൂഡൽഹി: ദസറയുടെ ഭാഗമായി ഡല്‍ഹിയിലെ പ്രീതംപുരയില്‍ പാറ്റയുടെ കോലം കത്തിച്ചതില്‍ പ്രതികരിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്‌കെ. സൗജന്യ പ്രചാരണത്തിന് നന്ദിയെന്ന് അഭിജീത് ദീപ്‌കെ എക്‌സിൽ പങ്കുവെച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതംപുരയിലുള്ള നേതാജി സുഭാഷ് പ്ലേസ് (എന്‍എസ്പി) ഗ്രൗണ്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്ന വീഡിയോയ്ക്ക് മറുപടി നല്‍കിയാണ് ദീപ്‌കെ രംഗത്തെത്തിയത്.
രാവണന്‍, കുംഭകര്‍ണ്ണന്‍, മേഘനാഥന്‍ എന്നിവരുടെ പരമ്പരാഗത പ്രതിമകള്‍ക്കൊപ്പം 30 അടി ഉയരമുള്ള ഒരു പാറ്റയുടെ പ്രതിമയും കത്തിക്കാനായി ഒരുക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പങ്കിട്ടിരുന്നു. തുടര്‍ന്നാണ് അഭിജീത് ദീപ്‌കെ പ്രതികരിച്ചത്.
Thank you for the free publicity.
— Abhijeet Dipke (@abhijeet_dipke) October 20, 2026
രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് പാറ്റയുടെ കോലം കത്തിക്കാനുള്ള സംഘാടകരുടെ തീരുമാനം. ബിജെപി എംഎല്‍എയായ അശോക് ഗോയല്‍ ദേവരഹ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ശ്രീ കേശവ് രാംലീല കമ്മിറ്റി ആണ് മറ്റ് കോലങ്ങള്‍ക്കൊപ്പം പാറ്റയുടെ കോലവും കത്തിക്കുന്നത്. വീടുകള്‍, ചുറ്റുപാടുകള്‍, സമൂഹം എന്നിവിടങ്ങളില്‍ നിന്ന് മാലിന്യം പൂര്‍ണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് കമ്മിറ്റി പ്രസിഡന്റും മോഡല്‍ ടൗണ്‍ എംഎല്‍എയുമായ അശോക് ഗോയല്‍ ദേവരഹ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അതിനിടെ, ഡല്‍ഹി എകെജി ഭവന് മുന്നില്‍ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് സിപിഐഎം പ്രതിഷേധിച്ചിരുന്നു. എസ്‌ഐആര്‍, വോട്ട് ചോരി എന്നെഴുതിയ കോലമാണ് കത്തിച്ചത്. ദസറ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ത്ത ദുഷ്ട ശക്തിയെ കത്തിച്ച് കളയുകയാണെന്നാണ് സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് പ്രതികരിച്ചത്. തിന്‍മയ്ക്ക് മേലുള്ള നന്‍മയുടെ വിജയമാണ് ദസറയെന്നും തിന്മയുടെ നാശമാണ് ഈ സമരം ലക്ഷ്യമിടുന്നതെന്നും എസ്എഫ്‌ഐ ആഖിലേന്ത്യ അധ്യക്ഷന്‍ ആദര്‍ശ് എം സജിയും പറഞ്ഞു.
Content Highlights: Abhijeet Deepke mocked the giant cockroach effigy set up in Delhi for Dussehra, responding with the remark, “Thanks for the free publicity.”