

നിവിൻ പോളി നായകനായി എത്തിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മാസത്തിൽ ഒരു സിനിമ എങ്കിലും കാണുമായിരുന്നുവെന്നും ഇത്തവണ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു തീർത്തെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട് ഒരുപാട് ചിരിച്ചുവെന്നും ഇടയ്ക്ക് വിഷമിച്ചെന്നും വി ഡി സതീശൻ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശൻ സിനിമ കണ്ട ശേഷം കുറിപ്പ് പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്‌തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്‌നേഹം, ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്. നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു… ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ. ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്. സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എൻ്റെ മനസിൽ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ. സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞദിവസം എറണാകുളത്ത് സംഘടിപ്പിച്ചിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത പരിപാടി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. ഓഗസ്റ്റ് 21ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ തേരോട്ടം നടത്തിയിരുന്നു. 300 കോടി കളക്ഷൻ ഇതിനകം ചിത്രം പിന്നിട്ടു കഴിഞ്ഞു. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്‌ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു.
Content Highlights: V D Satheesan About Bethlehem Kudumba unit movie