

കോഴിക്കോട്: വഖഫ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേരള മുസ്ലിം ജമാഅത്ത് മറ്റന്നാള്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചു. പ്രശ്‌നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി പ്രതികരിച്ചു. എ പി വിഭാഗത്തെ അനുനയിപ്പിക്കാനും പുതിയ ഫോര്‍മുല ചര്‍ച്ച ചെയ്യാനും വഖഫ് മന്ത്രി എന്‍ ഷംസുദ്ദീന്‍ ഇന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചുവെന്നും വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുമെന്നും മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പരിഗണിക്കാതിരുന്നത് ബോധപൂര്‍വ്വം അല്ലെന്ന് കാന്തപുരത്തെ ബോധ്യപ്പെടുത്തിയെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കി.
വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ പ്രാതിനിധ്യം കിട്ടാത്തതിനെത്തുടര്‍ന്ന് സര്‍ക്കാരിന് എതിരെ എപി വിഭാഗം രംഗത്ത് എത്തിയതിന് പിന്നാലെയാണ് അനുനയ നീക്കങ്ങള്‍ തുടങ്ങിയത്. കാന്തപുരത്തെ എതിര്‍ ചേരിയിലെത്തിക്കരുതെന്ന് നിലപാട് എടുത്ത മുഖ്യമന്ത്രി വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചു. പൊന്നാനി എംഎല്‍എ കെപി നൗഷാദലി മുന്‍കയ്യെടുത്ത് കാന്തപുരവുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ രൂപപ്പെട്ടത്. ദക്ഷിണ കേരള ജംഇയത്തുല്‍ മുഅ്ല്ലിമീന്‍ പ്രതിനിധിയായി ബോര്‍ഡില്‍ എത്തിയ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി രാജിവെക്കും. കാന്തപുരം വിഭാഗം പറയുന്നയാളാവും പകരം എത്തുക. കാന്തപുരത്തിന്റെ നോമിനിയായ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കും. വഖഫ് ബോര്‍ഡില്‍ നിന്ന് രാജിവെക്കുന്ന തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവിയാണ് പുതിയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനാവുക.
Content Highlights: Kerala Muslim Jamaath withdraws its planned protest march over the Waqf reorganisation dispute.