

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. നരേന്ദ്ര മോദി ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതിനെക്കാള്‍ കൂടുതല്‍ വിദേശത്തേയ്ക്കാണ് പോയതെന്ന് എം എ ബേബി പ്രതികരിച്ചു. മണിപ്പൂര്‍ കത്തുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദിയെന്നും വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ വിമര്‍ശിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ആരോപണങ്ങള്‍ ഉന്നയിക്കുന്ന നരേന്ദ്ര മോദി ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആ സമയങ്ങളില്‍ മണിപ്പൂര്‍ ദിവസങ്ങളായി കത്തിക്കൊണ്ടിരിക്കുകയാണ്, മണ്ണിപ്പൂരിലെ രക്തച്ചൊരിച്ചിലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ തുടര്‍ന്നും പ്രത്യക്ഷപ്പെടുന്നു. അത്തരം വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതില്‍ പരാജയപ്പെട്ട നരേന്ദ്ര മോദിയും അമിത് ഷായും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാണ് ഈ പരാമര്‍ശങ്ങള്‍ നടത്തുന്നത്'; എം എ ബേബി പറഞ്ഞു.
സമരം എങ്ങനെ കൊണ്ടുപോകണമെന്നത് പാര്‍ട്ടികളുടെ താല്‍പര്യമാണ്. ഇൻഡ്യാസഖ്യം യോജിച്ചാണ് സമരരംഗത്തുള്ളത്. യോജിച്ച സമരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ പ്രതിപക്ഷ സമരം ശക്തമാകുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ വിമര്‍ശിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. സ്വന്തം സമരങ്ങളോട് പോലും ആത്മാര്‍ത്ഥത ഇല്ലാത്ത ആളാണ് രാഹുല്‍ എന്നാണ് ബിജെപിയുടെ പരിഹാസം. രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ത്ഥത ഇല്ലെന്നും പാര്‍ടൈം രാഷ്ട്രീയക്കാരന്‍ മാത്രമാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിമര്‍ശിച്ചിരുന്നു. ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം രാഹുല്‍ഗാന്ധി അവധി ആഘോഷങ്ങളിലാണ്. വിദേശത്ത് വിശ്രമിച്ച ശേഷം വോട്ട് ചോരി ആരോപണം ഉന്നയിച്ചിട്ട് എന്ത് കാര്യമെന്നാണ് ബിജെപി പരിഹസിച്ചത്. രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണമുണ്ടായത്.
Content Highlights: CPI(M) General Secretary M. A. Baby has responded to Rahul Gandhi’s foreign trip, drawing attention in political circles.