

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് ദേവ(ദേവനേശന് ചൊക്കലിംഗം) അന്തരിച്ചു. 76വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് വച്ചാണ് മരിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങള്ക്ക് സംഗീതം നല്കിയിട്ടുണ്ട്. 'തെന്നിസൈ തെന്ട്രല്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹൃദയസംബന്ധമായ പ്രശ്നത്തെ തുടര്ന്ന് ശനിയാഴ്ച രാവിലെ 8.30ഓടെയാണ് ദേവയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്ന് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വ്യത്യസ്തമായ ഈണങ്ങള്, നാടോടി അധിഷ്ഠിത രചനകള് കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങള് ശ്രദ്ധേയമായിരുന്നു. അണ്ണാമലൈ, ഭാഷ, ആശയ്, കാതല് കോട്ടൈ, നേര്ക്കു നേര്, നിനൈത്തേന് വന്തൈ, പ്രിയമുദന്, വാലെ, കുശി എന്നീ സിനിമകളിലെ പാട്ടുകള് ശ്രദ്ധേയമായിരുന്നു. 1990 കളില് വാണിജ്യപരമായി വിജയിച്ച നിരവധി സിനിമകളുടെ സൗണ്ട് ട്രാക്കുകള് രൂപപ്പെടുത്തുന്നതില് അദ്ദേഹത്തിന്റെ സംഗീതം പ്രധാന പങ്ക് വഹിച്ചു.
1950 നവംബര് 20ന് ജനിച്ച ദേവനേശന് ചൊക്കലിംഗം എന്ന ദേവ 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലുമാണ് തമിഴ് സിനിമയില് തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. മലയാളത്തില് ദ പ്രിന്സ്, കിങ് സോളമന്, ഫാന്റം എന്നീ ചിത്രങ്ങള്ക്കാണ് ദേവ സംഗീതം ഒരുക്കിയത്. അവ്വൈ ഷണ്മുഖി എന്ന ചിത്രത്തിന്റ ഹിന്ദി പതിപ്പായ ആയ ചാച്ചി420യുടെ പശ്ചാത്തല സംഗീതം നിര്വഹിച്ചതും അദ്ദേഹമാണ്.
തമിഴ്നാട് സര്ക്കാരിന്റെ കലൈമാമണി അവാര്ഡ്, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം മുതല് നിരവധി ബഹുമതികള് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകന് ശ്രീകാന്ത് ദേവ, സബേഷ്, മുരളി എന്നിവരാണ് മക്കള്.
Content Highlights: Music director Deva has passed away. He was known for his contributions to film music, particularly in Tamil cinema.