

വ്യാജ ഇലക്ടോണിക് സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയ ക്ലിനിക്ക് ജീവനക്കാരിക്ക് ജയിൽ ശിക്ഷ. ദുബായിലെ ഒരു ക്ലിനിക്കിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന ഇവർ പണം വാങ്ങി പലർക്കും വ്യാജ സിക്ക് ലീവ് നിർമ്മിച്ച് നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മതിയായ വെെദ്യപരിശോധനകൾ നടത്താതെ തന്നെ ജീവനക്കാർക്ക് ഇവർ സർട്ടിഫിക്കറ്റുകൾ നൽകിയതായി ദുബായ് പൊലീസ് പറഞ്ഞു.
ഒരു സിക്ക് ലീവ് സർട്ടിഫിക്കറ്റിന് നൂറ് ദിർഹം മുതൽ 1000 ദിർഹം വരെ ഇവർ കൈൈപ്പറ്റിയിരുന്നു. കുറ്റകൃത്യത്തിൽ പങ്കാളികളായവരെയും കോടതി ശിക്ഷിച്ചു. രേഖകൾ വ്യാജമായി ഉണ്ടാക്കുക, വിശ്വാസ വഞ്ചന, കോർപ്പറേറ്റ് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാർക്കിടയിൽ ആവർത്തിച്ചുള്ള അസുഖ അവധികൾ വർധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സർട്ടിഫിക്കറ്റുകളിൽ ഒരേ ക്ലിനിക്കിന്റെ ഡിജിറ്റൽ സ്റ്റാമ്പുകൾ കണ്ടതിനെ തുടർന്ന് കമ്പനിയുടെ ഹ്യൂമൺ റിസോഴ്സസ് വിഭാഗം ആഭ്യന്തര പരിശോധ നടത്തുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
ക്ലിനിക്കിന്റെ ഇലക്ട്രോണിക് ഹെൽത്ത് പോർട്ടൽ ഉപയോഗിച്ച് മുൻ തീയതി വെച്ച് സിക്ക് ലീവ് രേഖകൾ ഉണ്ടാക്കുകയും ഡോക്ടർമാരുടെ തന്നെ വ്യാജ ഡിജിറ്റൽ ഒപ്പുകൾ ചേർത്ത് സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിക്കുകയായിരുന്നു. ക്ലർക്കിനും കൂട്ടുപ്രതികൾക്കും വിവിധ കാലയളവിലുള്ള തടവുശിക്ഷയാണ് കോടതി വിധിച്ചത്. വിദേശികളായ പ്രതികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ പിഴയും നഷ്ടപരിഹാരവും നൽകാനും കോടതി പറഞ്ഞു.
Content Highlights: Dubai court has sentenced a clinic employee to prison for forging electronic sick-leave certificates and helping workers obtain paid leave without medical examinations.