വഖഫ് ബോർഡ് പുനഃസംഘടന: 'സമസ്തയുമായി അകല്‍ച്ചയില്ല, എല്ലാവരുടേയും ചെയര്‍മാനാണ്'; എം സി മായിന്‍ ഹാജി

മുനമ്പം വിഷയം രമ്യമായും മാന്യമായും പരിഹരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് എം സി മായിന്‍ ഹാജി പറഞ്ഞു

വഖഫ് ബോർഡ് പുനഃസംഘടന: 'സമസ്തയുമായി അകല്‍ച്ചയില്ല, എല്ലാവരുടേയും ചെയര്‍മാനാണ്'; എം സി  മായിന്‍ ഹാജി
dot image

കോഴിക്കോട്: സമസ്തയുമായി നനിക്ക് അകല്‍ച്ച ഇല്ലെന്ന് പുതുതായി ചുമതല ഏറ്റ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം സി മായിന്‍ ഹാജി. അകല്‍ച്ച ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സമസ്ത തനിക്കെതിരെ പരാതി പറയില്ല. വഴിയേ പോയവര്‍ക്കെല്ലാം സമസ്തയുടെ പരാതി പറയാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിം ഇതര അംഗങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയില്‍ അറിയിക്കും എന്നായിരുന്നു മായിന്‍ ഹാജിയുടെ നിലപാട്.

സര്‍ക്കാര്‍ ഉത്തരവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് ചുമതല ഏല്‍ക്കുന്നതെന്നും ചുമതല ഏറ്റെടുത്തതോടെ എല്ലാവരുടെയും ചെയര്‍മാന്‍ ആണ് താനെന്ന് മായിന്‍ ഹാജി പറഞ്ഞു. പഴയ ചെയര്‍മാന്റെ അടക്കം ചെയര്‍മാനാണ്. കെ എസ് ഹംസ ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നില്ല. സമസ്തയുടെ പരാതി നിയമിച്ചവരോടാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം വിഷയം രമ്യമായും മാന്യമായും പരിഹരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. മുനമ്പം വിഷയത്തില്‍ മുന്‍ ബോര്‍ഡുകള്‍ എടുത്ത തീരുമാനത്തിന് ഒപ്പം ആണ്. താന്‍ 15 കൊല്ലം വഖഫ് ബോര്‍ഡ് അംഗം ആയിരുന്നു. വഖഫില്‍ നിന്ന് താന്‍ ഒന്നും അപഹരിച്ചതായി പരാതി ഇല്ല. കേസുകള്‍ രമ്യമായി പരിഹരിക്കുക എന്നതാണ് പ്രധാനമെന്നും ചെയര്‍മാന്‍ വിശദീകരിച്ചു. വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കാന്‍ കഴിയുന്നത് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നായിരുന്നു വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എം സി മായിന്‍ ഹാജി ചെയര്‍മാനായ കമ്മിറ്റിയില്‍ എം ബി മുസ്തഫല്‍ ഫൈസി, ഷിറാസ് ബി കപ്പാസി, കുറുക്കോളി മൊയ്തീന്‍, അബ്ദുള്‍ മജീദ് സലാഹി തുടങ്ങിയവരവുമുണ്ട്. സര്‍ക്കാര്‍ അമുസ്‌ലീങ്ങളെ നമനിര്‍ദ്ദേശം ചെയ്തിട്ടില്ല. നിലവിലെ ബോര്‍ഡ് പിരിച്ചുവിട്ടുകൊണ്ട് സമ്പൂര്‍ണ പുനഃസംഘടനയാണ് സര്‍ക്കാര്‍ നടത്തിയത്. സമസ്തയുടെ അംഗമായി എം ബി മുസ്തഫല്‍ ഫൈസിയെയാണ് തീരുമാനിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് നേരത്തെ സമസ്ത പുറത്താക്കിയിട്ടുള്ള മുശാവറ അംഗമാണ് മുസ്തഫല്‍ ഫൈസി. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇരു സമസ്തകള്‍ക്കും പ്രാധിനിത്യം ഇല്ലാത്ത സര്‍ക്കാര്‍ തീരുമാനം അനീതിയും അന്യായവും ആണെന്നായിരുന്നു എപി വിഭാഗം നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം പ്രതികരിച്ചത്.

കോടതി വിധി അനുസരിച്ചാണ് ഇപ്പോൾ പുനഃസംഘടന നടന്നിരിക്കുന്നത്. പുനഃസംഘടനയില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ശക്തമാക്കിയത്. പിന്നാലെ കെ എസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. പുനഃസംഘടനയില്‍ കെ എസ് ഹംസ കോടതിയെ സമീപിക്കാനാണ് സാധ്യത.

Content Highlights: Newly appointed Waqf Board chairman MC Mayin Haji has denied having any differences with Samastha, saying he wants to maintain a good relationship with the organisation. He said Samastha would not lodge a complaint against him and questioned whether everyone could speak on its behalf. Mayin Haji also said the government’s decision regarding non-Muslim members of the Waqf Board would be conveyed to the court.

dot image
To advertise here,contact us
dot image