

ന്യൂഡല്ഹി: നേഹ ബോറയെ ചൊല്ലി എന്എസ്യുഐയില് തര്ക്കം ഉടലെടുക്കുന്നതായി റിപ്പോര്ട്ട്. നേഹയ്ക്ക് അധിക പ്രാധാന്യം നല്കുന്നു എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. പ്രതിഷേധ സൂചകമായി എന്എസ്യുഐ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് 'വീ ദി ഛോട്ടു' എന്ന് മാറ്റിയിരുന്നു. നേതാക്കളില് ഒരാളാണ് പേര് മാറ്റിയത് എന്നാണ് വിവരം. നേതൃത്വം നേതാക്കളുമായി സംസാരിച്ചതിന് പിന്നാലെ പ്രശ്നം പരിഹരിച്ചതിന്റെ ഭാഗമായി എന്എസ്യുഐ എന്ന പേരിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ ഇന്ഡ്യ സഖ്യ യോഗത്തില് രാഹുല് ഗാന്ധി നേഹ ബോറയെ കൂടെ നിര്ത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്ഡ്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്ച്ചിലും രാഹുല് ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം നേഹ ബോറയാണ് മുന്പന്തിയില് ഉണ്ടായിരുന്നത്. ഇതാണ് കോണ്ഗ്രസിന്റെ വിദ്യാര്ത്ഥി വിഭാഗത്തെ ചൊടിപ്പിക്കാന് കാരണമായിരിക്കുന്നത്. എന്എസ്യുഐ ദേശീയ അധ്യക്ഷന് അടക്കമുള്ളവര് മാര്ച്ചില് ഉണ്ടായിട്ടും അവര്ക്ക് വേണ്ടത്ര പ്രാധാന്യം നല്കിയിരുന്നില്ലെന്ന വിമര്ശനവും ശക്തമാണ്. ഇതിന് പിന്നാലെയാണ് തങ്ങളെ പുഴുക്കളായാണ് കാണുന്നത് എന്ന് അര്ത്ഥം വരുന്ന പേര് വാട്സാപ് ഗ്രൂപ്പില് എന്എസ്യുഐ നേതാവ് തന്നെ ഇടുന്നത്.
തങ്ങള് കോണ്ഗ്രസിന്റെ ആശയം മുറുകെ പിടിച്ച് നിരന്തരം സമരം ചെയ്യുന്നുണ്ട്. ഡല്ഹിയിലെ തരുവില് പൊലീസ് മര്ദ്ദനം ഏല്ക്കുന്നുണ്ട്. എന്നാല് അതിനൊന്നും പ്രധാന്യം നല്കാതെയാണ് മറ്റൊരു പാര്ട്ടിയിലെ വിദ്യാര്ത്ഥി നേതാവിന് കോണ്ഗ്രസ് അമിത പ്രധാന്യം നല്കുന്നതെന്നാണ് നേതാക്കള് ഉയര്ത്തുന്ന വിമര്ശനം. ഇന്നലെ നടന്ന തിരംഗ മാര്ച്ചില് അടക്കം വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന നിലയിലായിരുന്നു നേഹ ബോറയുടെ സമരം. ഇന്നലെ വൈകുന്നേരം പൊലീസ് അറസ്റ്റ് ചെയ്ത നേഹയെ ഇന്ന് പുലര്ച്ചെയാണ് വിട്ടയച്ചത്.
Content Highlights: A reported dispute has emerged within NSUI over the prominence given to Neha Bora. As a mark of protest, the organisation’s WhatsApp group was renamed ‘We the Chhotu’, reportedly by one of its leaders. Following discussions between the leadership and members, the group’s name was changed back to NSUI as part of efforts to resolve the issue.