സിദ്ധരാമയ്യയെ ലക്ഷ്യമിട്ടുള്ള സ്റ്റിങ് ഓപ്പറേഷൻ ആരോപണം; അന്വേഷണത്തിൽ പ്രിയങ്ക് ഖര്‍ഗയ്‌ക്കെതിരെ കുമാരസ്വാമി

ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെ സന്ദർശനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കുമാരസ്വാമി നിഷേധിച്ചു

സിദ്ധരാമയ്യയെ ലക്ഷ്യമിട്ടുള്ള സ്റ്റിങ് ഓപ്പറേഷൻ ആരോപണം; അന്വേഷണത്തിൽ പ്രിയങ്ക് ഖര്‍ഗയ്‌ക്കെതിരെ കുമാരസ്വാമി
dot image

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സ്റ്റിങ് ഓപ്പറേഷൻ വീഡിയോകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി. അതേസമയം ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെ സന്ദർശനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കുമാരസ്വാമി നിഷേധിച്ചു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടാണ് വ്യാഴാഴ്ച കമ്മീഷണറെ കാണാനെത്തിയതെന്നാണ് കുമാരസ്വാമിയുടെ വിശദീകരണം. അന്വേഷണത്തിനിടെ സംശയത്തിന്റെ നിഴലിൽ വരുന്ന ആരെയും ചോദ്യം ചെയ്യുമെന്നും അതിൽ കേന്ദ്രമന്ത്രിയും ഉൾപ്പെടാമെന്നും നേരത്തെ അഭ്യന്തരമന്ത്രിയായ പ്രിയങ്ക് ഖർഗെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെയും അന്വേഷണം നടത്താൻ തയ്യാറാണെന്ന് കുമാരസ്വാമി അറിയിച്ചത്.

സിദ്ധരാമയ്യക്കെതിരായ സ്റ്റിങ് ഓപ്പറേഷൻ നടത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ജെഡിഎസ് നേതാവായ കുമാരസ്വാമിയും അനുയായികളും ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ്ങിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. തനിക്കെതിരെ അപകീർത്തികരമായ സാമൂഹികമാധ്യമ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും തടയാൻ സിദ്ധരാമയ്യ ബുധനാഴ്ച കോടതിയിൽനിന്ന് ഉത്തരവ് നേടിയിരുന്നു. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചെന്നാരോപിച്ച് രണ്ട് ജെഡിഎസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെയും കേന്ദ്രമന്ത്രി വിമർശിച്ചു. വീഡിയോ തയ്യാറാക്കിയവരെ സംരക്ഷിക്കുമ്പോൾ നിരപരാധികളായ പാർട്ടി പ്രവർത്തകരെ പൊലീസ് പിടികൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരെയെങ്കിലും ഭീഷണിപ്പെടുത്താനല്ല ഞാൻ അവിടെ പോയത്. അന്വേഷണം എന്നിൽനിന്ന് ആരംഭിക്കണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത് എന്നും കുമാരസ്വാമി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ആരെ വേണമെങ്കിലും അന്വേഷണത്തിന് വിധേയമാക്കാമെന്ന പ്രിയങ്ക് ഖർഗെയുടെ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്നും കുമാര സ്വാമി കൂട്ടിച്ചേർത്തു. സ്റ്റിങ് ഓപ്പറേഷൻ സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിക്ക് എന്തുകൊണ്ടാണ് സംരക്ഷണം നൽകുന്നതെന്നും കുമാര സ്വാമി ചോദിച്ചു. യഥാർഥ കുറ്റവാളികളെ കണ്ടെത്തുന്നതിലായിരിക്കണം അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ യുവാക്കളെ ചോദ്യം ചെയ്യുന്നതിനെയും അദ്ദേഹം എതിർത്തു. ഇവരെ സംശയിക്കാനുള്ള അടിസ്ഥാനമെന്താണെന്നും കുമാരസ്വാമി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും കുമാരസ്വാമി നിഷേധിച്ചു. കമ്മീഷണറുടെ ഓഫീസിലെ തന്റെ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ലഭ്യമാണെന്നും കുമാരസ്വാമി പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടത്താൻ സമയം വേണമെന്ന് കമ്മീഷണർ തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. യഥാർഥ കുറ്റവാളികളെ കണ്ടെത്തി അവർക്കെതിരെ കർശനമായ അന്വേഷണം നടത്തണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. അതിനെയാണ് നിങ്ങൾ ഭീഷണിയെന്ന് വിളിക്കുന്നത് എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്താൻ പൊലീസ് സംവിധാനത്തെ ഉപയോഗിക്കുകയാണോയെന്ന് ചോദിച്ച അദ്ദേഹം പൊലീസിന്റെ നടപടികളിൽ പക്ഷപാതമുണ്ടെന്നും ആരോപിച്ചു.

ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി പേരുകൾ ഉയർന്നുവരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നത് നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ചാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രിയങ്ക് ഖർഗെ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. പൊതുവേദികളിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം തന്റെ കൈവശമുള്ള തെളിവുകൾ പൊലീസിനോ കോടതിയിലോ സമർപ്പിക്കണമെന്നും അദ്ദേഹം കുമാരസ്വാമിയോട് ആവശ്യപ്പെട്ടു. ആദ്യം അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടു. ഇപ്പോൾ പൊലീസ് അന്വേഷണം നടത്തുകയും അന്വേഷണത്തിനിടെ പേരുകൾ ഉയർന്നുവന്നവരെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ അദ്ദേഹം അതിനെ എതിർക്കുകയാണ്. പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. കുമാരസ്വാമി തെറ്റ് ചെയ്തതായി തെളിവുകൾ ലഭിച്ചാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുമെന്നും ഖർഗെ പറഞ്ഞിരുന്നു.

ഇതിനിടെ കർണാടകയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കുമാരസ്വാമി നേരത്തെ ആരോപിച്ചിരുന്നു. കർണാടക പബ്ലിക് സർവീസ് കമ്മീഷൻ വഴി 24 എൻജിനീയർമാരെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഷയവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ 10 ഉദ്യോഗാർഥികളുടെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇവരുടെ നിയമനം റദ്ദാക്കാൻ ശുപാർശ ചെയ്തിട്ടും സർക്കാർ നിയമനങ്ങളുമായി മുന്നോട്ടുപോയെന്നുമാണ് കുമാരസ്വാമിയുടെ ആരോപണം. കെപിഎസ്സി വഴി വെറ്ററിനറി ഡോക്ടർമാരെ നിയമിച്ചതിലും വ്യാപകമായ ക്രമക്കേടുകൾ നടന്നതായി അദ്ദേഹം ആരോപിച്ചു. കോടതി നിർദേശിച്ച അന്വേഷണ നടപടികളെ സർക്കാർ എതിർക്കുന്നതെന്തിനാണെന്നും കുമാരസ്വാമി ചോദിച്ചു. കേന്ദ്രമന്ത്രിയായിരിക്കെ തന്റെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ലാഭം 200 കോടി രൂപയിൽനിന്ന് 1,500 കോടി രൂപയിലധികമായി ഉയർന്നുവെന്നും കുമാരസ്വാമി അവകാശപ്പെട്ടു. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ 3,500 കോടി രൂപയുടെ ലാഭത്തിലേക്ക് നീങ്ങുകയാണെന്നും അടുത്ത വർഷത്തേക്ക് 10,000 കോടി രൂപയുടെ ലാഭലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കാൻ നിർബന്ധിതനാക്കിയത് അന്നത്തെ ഉപമുഖ്യമന്ത്രിയും നിലവിലെ മുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ നടത്തിയെന്ന് പറയപ്പെടുന്ന ഒരു ഒളികാമറ ഓപ്പറേഷനിലെ വിവരങ്ങൾ ഉപയോഗിച്ചാണെന്ന് നേരത്തെ എച്ച് ഡി കുമാരസ്വാമി ആരോപിച്ചിരിന്നു. ഡി കെ ശിവകുമാർ സിദ്ധരാമയ്യക്കെതിരെ ഒളികാമറ ഓപ്പറേഷനിലൂടെ ചില വിവരങ്ങൾ ശേഖരിച്ചെന്നും പിന്നീട് അത് ഉപയോഗിച്ച് സിദ്ധരാമയ്യക്ക് മേൽ സമ്മർദം ചെലുത്തിയെന്നുമായിരുന്നു കുമാരസ്വാമിയുടെ ആരോപണം. സ്വമേധയാ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാകാതിരുന്ന സിദ്ധരാമയ്യയെ ഒളികാമാറ ഓപ്പറേഷനിലെ വിവരങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാൻ ഡി കെ ശിവകുമാർ സമ്മർദ്ദം ചെലുത്തുകയായിരുന്നുമെന്നാണ് കുമാരസ്വാമിയുടെ ആരോപിച്ചത്. എന്നാൽ ഈ ആരോപണത്തിന് ആധാരമായ ഒളികാമറ ഓപ്പറേഷൻ എന്തായിരുന്നുവെന്നോ അതിൽ എന്താണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുകയോ അതിൻ്റെ തെളിവുകൾ പുറത്തുവിടുകയോ കുമാരസ്വാമി ചെയ്തിരുന്നില്ല.

Union Minister H D Kumaraswamy has accused Karnataka Home Minister Priyank Kharge of misusing his authority in the investigation into sting operation videos targeting Chief Minister Siddaramaiah

dot image
To advertise here,contact us
dot image