

ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില് പ്രതിപക്ഷത്തെയും രാഹുല് ഗാന്ധിയെയും കോക്രോച്ച് ജനതാപാര്ട്ടിയെയും കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജനാധിപത്യം എന്നാല് അരാജകത്വം പ്രചരിപ്പിക്കല് അല്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ യുവാക്കളെ രാഷ്ട്രീയത്തില് കരുക്കളായി ഉപയോഗിക്കുന്നു. ബംഗ്ലാദേശിന് സമാനമായി ചിലര് ഭരണമാറ്റം ആഗ്രഹിക്കുകയും ബംഗ്ലാദേശിലെ സാഹചര്യത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഇതെല്ലാമെന്ന് പരസ്യമായി സമ്മതിക്കുകയും ചെയ്യുന്നു. മറ്റുചിലര് സര്ക്കാരിനെ താഴെയിറക്കാന് ധിക്കാരത്തോടെ ആഹ്വാനം ചെയ്യുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ജനാധിപത്യ സ്ഥാപനങ്ങളെ തകര്ത്ത് രാജ്യത്തെ കത്തിക്കുകയെന്നതാണ് അവരുടെ ഏക അജണ്ടയെന്ന് ഇതില് നിന്നും മനസ്സിലാക്കാം. തെരഞ്ഞെടുപ്പ് സംവിധാനത്തെ പുനഃക്രമീകരിക്കുകയോ എസ്ഐആറോ ഗ്യാനേഷ് കുമാറോ അല്ല അവരുടെ ലക്ഷ്യം. രാജ്യത്തെ യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയല്ല. മറിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണിതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാഷ്ട്രീയ താല്പ്പര്യത്തിന് വേണ്ടി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാനാകില്ല. അത് മനസ്സിലാക്കണം. തെറ്റായ പ്രചാരണങ്ങളിലൂടെയും സ്ഥാപനങ്ങളെ അപകീര്ത്തിപ്പെടുത്താനുള്ള ശ്രമങ്ങളിലൂടെയും രാഷ്ട്രീയ അവസരവാദത്തിലൂടെയും ഇന്ത്യയുടെ വികസന യാത്രയെ തടസ്സപ്പെടുത്താന് സാധിക്കില്ല. രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യുന്നതിന് പകരം രാഹുല് ഗാന്ധി പൊതുജനതാല്പര്യം തിരിച്ചറിയുകയും ആത്മപരിശോധന നടത്തുകയും വേണം', രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് മാപ്പ് അര്ഹിക്കാത്ത തെറ്റ് ആണ്. കോണ്ഗ്രസ് സംരക്ഷണയില് 1984ലെ സിക്കിം കൂട്ടക്കൊലയാണ് മറ്റൊന്ന്. കര്സേവകരുടെയും രാമവിശ്വാസികളുടെയും രക്തം ചിന്തി 1990ല് സര്ക്കാരിനെ സംരക്ഷിച്ചതാണ് മാപ്പ് നല്കാനാകാത്ത മറ്റൊരു തെറ്റ്. ഇന്ന് രാഹുല് ഗാന്ധി ഭരണഘടന പോക്കറ്റില് വെച്ചുകൊണ്ട് കുഴപ്പങ്ങള് സൃഷ്ടിക്കാന് ശ്രമിക്കുകയാണ്. കോണ്ഗ്രസിന്റെ ചരിത്രത്തിന്റെ താളുകള് മറിച്ചുനോക്കിയാല് നിങ്ങള്ക്ക് നിരവധി ഇരുണ്ട അധ്യായങ്ങള് കണ്ടെത്താന് കഴിയും എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Content Highlights: Defence Minister Rajnath Singh criticised the opposition, Rahul Gandhi and the Cockroach Janata Party over protests demanding the resignation of Chief Election Commissioner Gyanesh Kumar