

ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം സ്വീകരിക്കുന്ന നടപടികളാണ് ബിസിനസ് മേഖലയ്ക്കും പൊതുഗതാഗത്തിനും തടസ്സങ്ങളുണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് അഭിജീത് ദീപ്കെ. സമാധാനപരമായ പ്രതിഷേധങ്ങൾ മൂലമല്ല ബിസിനസുകൾക്ക് തിരിച്ചടിയുണ്ടാകുന്നത്. മറിച്ച്, ഒരു നഗരം മുഴുവൻ അടച്ചിടാനും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാനും സ്വന്തം പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കാനും നഗരത്തെ ഒരു യുദ്ധമേഖലയാക്കി മാറ്റാനും സർക്കാർ തീരുമാനിക്കുമ്പോഴാണ് ബിസിനസുകൾക്ക് തിരിച്ചടിയുണ്ടാകുന്നത് എന്നായിരുന്നു എക്സിൽ പങ്കുവെച്ച കുറിപ്പിൽ അഭിജീത് ദീപ്കെ വ്യക്തമാക്കിയത്.
'രൂപീകരണം മുതൽ തന്നെ ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും പാതയിലൂടെയായിരിക്കും തങ്ങൾ സഞ്ചരിക്കുകയെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ പ്രതിബദ്ധതയിൽ ഞങ്ങൾ ഉറച്ചുനിൽക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ, പൂനെ, ജയ്പുർ, ലഖ്നൗ, ബെംഗളൂരു, നാഗ്പുർ എന്നിവിടങ്ങളിൽ ഞങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. അവയെല്ലാം സമാധാനപരമായിരുന്നു. ജയ്പുരിൽ വ്യക്തിപരമായി ഞാൻ ആക്രമിക്കപ്പെട്ടു. എന്നിട്ടും തിരിച്ചടിക്കാൻ ഞാൻ തയ്യാറായില്ല. കാരണം, അക്രമത്തിന് അക്രമംകൊണ്ട് മറുപടി നൽകുന്നത് ഞങ്ങൾ വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണ്' എന്നും അഭിജീത് ദീപ്കെ എക്സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചു.
ശാരീരികമായ ബലപ്രയോഗത്തിലേക്ക് നീങ്ങുന്നതിനുപകരം ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ വിനിയോഗിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും സിജെപി നേതാവ് വ്യക്തമാക്കി. 'ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയിലാണ് ഞങ്ങളുടെ ശക്തി. എത്രത്തോളം പ്രകോപനങ്ങളുണ്ടായാലും ആ മൂല്യങ്ങൾ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറല്ല. എന്നാൽ മൗനം പാലിക്കാൻ വിസമ്മതിക്കുന്നതിന്റെ പേരിൽ ഞങ്ങളെ അരാജകവാദികളായി ചിത്രീകരിക്കാനുള്ള നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നത് അരാജകത്വമല്ല. അനീതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതും അരാജകത്വമല്ല. പൊതുപദവികൾ വഹിക്കുന്നവരെ ചോദ്യം ചെയ്യുന്നതും തീർച്ചയായും അരാജകത്വമല്ല. ഇവയെല്ലാം ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ആവിഷ്കാരങ്ങളാണെന്നും' അഭിജീത് ദീപ്കെ കുറിച്ചു.
ഇന്ന് അധികാരത്തിലിരിക്കുന്ന പാർട്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ പതിറ്റാണ്ടുകളോളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും തെരുവിലിറങ്ങുകയും അന്നത്തെ സർക്കാരുകളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും എക്സ് പോസ്റ്റിൽ സിജെപി നേതാവ് ചൂണ്ടിക്കാണിച്ചു. അന്ന് അവർക്കെതിരെയും ഇതേ നിയന്ത്രണങ്ങളും ഭീഷണികളും പൊലീസ് അടിച്ചമർത്തലുകളും പ്രയോഗിച്ചിരുന്നെങ്കിൽ ഇന്ന് അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ പലർക്കും ആ സ്ഥാനങ്ങളിൽ എത്താൻ കഴിഞ്ഞെന്നുവരില്ലായിരുന്നു.
പ്രതിപക്ഷത്തായിരിക്കുമ്പോൾ പ്രതിഷേധങ്ങളെ ജനാധിപത്യപരമായ അവകാശമായി വാഴ്ത്തുകയും അധികാരത്തിലെത്തുമ്പോൾ അതേ പ്രവൃത്തിയെ പൊതുസമാധാനത്തിന് ഭീഷണിയായി കാണുകയും ചെയ്യുന്നത് കടുത്ത കാപട്യമാണെന്നും അഭിജീത് ദീപ്കെ കുറ്റപ്പെടുത്തി.
പ്രത്യേക പരിഗണനകളോ ആനുകൂല്യങ്ങളോ ഒന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ഏത് പാർട്ടി അധികാരത്തിലിരുന്നാലും ഈ രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ട അവകാശങ്ങൾ വിനിയോഗിക്കാനുള്ള അവസരം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അതുകൊണ്ട് നമ്മൾ തിരഞ്ഞെടുക്കുന്നവരോട് ചോദ്യങ്ങൾ ചോദിച്ചും അവരിൽനിന്ന് ഉത്തരവാദിത്വം ആവശ്യപ്പെട്ടും അനീതി കാണുമ്പോഴെല്ലാം അതിനെതിരെ ശബ്ദമുയർത്തിയും ഈ രാജ്യത്തെ പൗരന്മാരെന്ന നിലയിലുള്ള കടമ നമുക്ക് നിർവഹിക്കാം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ജനങ്ങളെ കേൾക്കാൻ ബാധ്യസ്ഥരാണ്, അവരെ നിശ്ശബ്ദരാക്കാനല്ല. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ ജനാധിപത്യം അവസാനിക്കുന്നില്ലെന്നും അഭിജീത് ദീപ്കെ ചൂണ്ടിക്കാണിച്ചു.
Content Highlights: Abhijeet Dipke says an elected government has a responsibility to listen to the people, highlighting the importance of public voices and democratic accountability.