

ആഗോളതലത്തിൽ സ്വർണവില അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരാൻ സാധ്യതയെന്ന് പ്രമുഖ നിക്ഷേപകരുടെയും ധനകാര്യ വിദഗ്ധരുടെയും വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും, സർക്കാർ കടബാധ്യതകളിലെ വർധന, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് ഡോളറിൻ്റെ ആധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയും സ്വർണത്തിന് വലിയ തോതിൽ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ടെന്നും 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീതിയെത്തുടർന്ന് ബുധനാഴ്ച സ്വർണവിലയിൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തികൊണ്ട് ട്രോയ് ഔൺസിന് 4,075 ഡോളറിലെത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ ട്രോയ് ഔൺസിന് 5,500 ഡോളർ എന്ന റെക്കോർഡ് നിലവാരം തൊട്ടതിന് ശേഷമായിരുന്നു ഈ ഇടിവ്.
എന്നാൽ, നിലവിലെ ഇടിവ് താൽക്കാലികമാണെന്നും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വൈകാതെ ശക്തമായി തിരിച്ചുവരുമെന്നും ഫണ്ട് മാനേജർമാർ വിലയിരുത്തുന്നു.
ലോകത്തെ വിവിധ കേന്ദ്രബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം യുഎസ് ഡോളറിൽ നിന്ന് മാറ്റി സ്വർണത്തിലേക്ക് വൈവിധ്യവത്കരിക്കുന്നത് വിലവർധനയ്ക്ക് പ്രധാന കാരണമാകുന്നുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ മാത്രം കേന്ദ്രബാങ്കുകൾ 63 ടൺ സ്വർണമാണ് വാങ്ങിയത്. 2024 നവംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ശേഖരണമാണിത്. ചൈനീസ് സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ കൈവശമുള്ള സ്വർണശേഖരം 2,410 ടണ്ണായി ഉയർന്നു. ഇത് ആകെ കരുതൽ ശേഖരത്തിൻ്റെ 9 ശതമാനത്തോളമാണ്.
വിലവർധനവിന് പിന്നിലെ പ്രധാന ഘടകങ്ങൾ
നിലവിലെ വിപണി സാഹചര്യത്തിൽ ട്രോയ് ഔൺസിന് 4,000 ഡോളർ എന്നത് ഒരു താഴ്ന്ന പരിധി ആയിരിക്കാമെന്നും, അവിടെനിന്ന് വില അടുത്ത ഘട്ട കുതിപ്പിലേക്ക് കടക്കാനാണ് സാധ്യതയെന്നും എൻഡവർ മൈനിംഗ് സിഇഒ ഇയാൻ കോക്കറിലും അഭിപ്രായപ്പെടുന്നു . ഹ്രസ്വകാല വിപണി വ്യതിയാനങ്ങൾക്കിടയിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം കൂടുതൽ തിളങ്ങുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വിപണി വിദഗ്ധർ.
Content Highlights: Gold Prices Could Surge to Record Highs Within the Next Two Years, Investors and Financial Experts Predict, Driven by Central Bank Buying, Global Economic Uncertainty and Rising Geopolitical Tensions