

ജറുസലേമിൽ എംബസി തുറക്കാനുള്ള കൊളംബിയയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഒമാനും സൗദിയും ഉൾപ്പെടെ 18 രാജ്യങ്ങൾ രംഗത്തെത്തി. പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പാടേ തകർക്കുന്ന നടപടിയാണിതെന്നും ഈ തീരുമാനം കൊളംബിയൻ ഭരണകൂടം ഉടൻ പിൻവലിക്കണമെന്നും വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ ലംഘിക്കുന്നതും മേഖലയിലെ സമാധാന സാധ്യതകളെ തകർക്കുന്നതുമാണ് കൊളംബിയയുടെ ഈ നീക്കമെന്ന് വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. 1980-ൽ പാസാക്കിയ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രമേയങ്ങളായ 476, 478 എന്നിവ ഉദ്ധരിച്ചുകൊണ്ട്, ജറുസലേമിന്റെ പദവി ഏകപക്ഷീയമായി മാറ്റാനോ അതിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനോ ഉള്ള ശ്രമങ്ങൾക്ക് യാതൊരു നിയമപരമായ പ്രാബല്യവുമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
മുൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ കാലത്ത് ഗാസ യുദ്ധത്തെത്തുടർന്ന് ഇസ്രയേലുമായി വിയോജിപ്പിലായിരുന്ന നയതന്ത്ര ബന്ധം, പുതിയ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല വന്നതോടെയാണ് പുനഃസ്ഥാപിക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് ബുധനാഴ്ച കൊളംബിയൻ എംബസി ജറുസലേമിൽ ഉദ്ഘാടനം ചെയ്തത്.
കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു പലസ്തീൻ രാഷ്ട്രം നിലവിൽ വരണമെന്ന തത്വം അംഗീകരിക്കാനും അന്താരാഷ്ട്ര ബാധ്യതകൾ നിറവേറ്റാനും കൊളംബിയ തയ്യാറാകണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ഖത്തർ, തുർക്കി, പാകിസ്താൻ, ഇന്തോനേഷ്യ, പലസ്തീൻ തുടങ്ങിയ പ്രമുഖ രാജ്യങ്ങളും ഈ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
Content Highlights: Colombia officially opened its embassy in Jerusalem on October 14, 2026, prompting a joint condemnation from Oman and 17 other countries. The foreign ministers said the move conflicts with relevant UN Security Council resolutions and could undermine efforts toward a two-state solution.