സിജെപിയുടെ പ്ലാന്‍ ബി; ദീപ്കെയുടെ വിശ്വസ്തൻ, ആരാണ് ഇനി പ്രതിഷേധം മുന്നോട്ട് നയിക്കുന്ന അജിങ്ക്യ ഷിന്‍ഡെ

മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവാണ് അജിങ്ക്യ ഷിന്‍ഡെ

സിജെപിയുടെ പ്ലാന്‍ ബി; ദീപ്കെയുടെ വിശ്വസ്തൻ, ആരാണ് ഇനി പ്രതിഷേധം മുന്നോട്ട് നയിക്കുന്ന അജിങ്ക്യ ഷിന്‍ഡെ
dot image

ന്യൂഡല്‍ഹി: അഭിജീത് ദീപ്‌കെയും സൗരഭ് ദാസും അശുതോഷ് റാങ്കയും അടക്കമുള്ള കോക്രോച്ച് ജനതാ പാര്‍ട്ടി നേതൃത്വത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്ലാന്‍ ബിയുമായി മുന്നോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുന്നോട്ടുള്ള നീക്കം സിജെപി ഇന്‍ചാര്‍ജ് അജിങ്ക്യ ഷിന്‍ഡെ നയിക്കും. ഇക്കാര്യം അറിയിച്ചുകൊണ്ട് അഭിജീത് ദീപ്‌കെ എക്‌സില്‍ വീഡിയോ പങ്കുവെച്ചു. ശനിയാഴ്ച റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രതിഷേധത്തിനെത്തുന്ന സിജെപി നേതൃത്വത്തെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്ന സാധ്യത മുന്നില്‍ കണ്ടാകാം ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചത്. വര്‍ഷങ്ങളായി അഭിജീത് ദിപ്‌കെയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നയാളാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള അജിങ്ക്യ ഷിന്‍ഡെ. മുന്‍പ് ആംആദ്മി പാര്‍ട്ടിയുടെ യുവജന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഈ 35കാരന്‍ പിന്നീട് സിജെപി നേതൃത്വത്തിലേക്ക് വരികയായിരുന്നു. കോക്രോച്ച് ജനതാപാര്‍ട്ടി രൂപീകരിച്ച ഘട്ടത്തില്‍ നേതൃനിരയെ നയിക്കുന്ന 12 വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ എന്ന ചര്‍ച്ച ഉയര്‍ന്നപ്പോള്‍ അജിങ്ക്യ ഷിന്‍ഡെയും ശ്രദ്ധേയമായിരുന്നു.

ഡോ. ബി ആര്‍ അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിടെക് ബിരുദം നേടിയ അജിങ്ക്യ പൂനെയിലെ ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയും അതിന് ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയുമായിരുന്നു.

ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനായിട്ടായിരുന്നു അജിങ്ക്യ തന്റെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചത്. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. പിന്നീടാണ് പ്രവര്‍ത്തനം മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. മഹാരാഷ്ട്രയിലെ തീരദേശ പട്ടണമായ അലിബാഗ് സ്വദേശിയാണ് അജിങ്ക്യ. 2016ല്‍ ഗോവയില്‍ വെച്ചാണ് ദീപ്‌കെയും അജിങ്ക്യയും പരിചയപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ.

സിജെപി പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസ് നീക്കം ആരംഭിച്ചതോടെ കലുഷിതമാണ് രാജ്യതലസ്ഥാനം. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ അഭിജീത് ദീപ്‌കെ അടക്കമുള്ള നേതാക്കളെ വിമാനത്തില്‍ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് പോലും ഈ രീതിയില്‍ ഏകാധിപത്യം ഉണ്ടായിരുന്നില്ലെന്നും ഇതൊന്നും കണ്ട് ഭയപ്പെടില്ലെന്നും അഭിജീത് ദീപ്‌കെ പ്രതികരിച്ചു. നിങ്ങളുടെ അവകാശത്തിനും നീതിക്കും വേണ്ടി ജന്തര്‍ മന്തറിലേക്ക് വരൂ എന്നും പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് അഭിജീത് വ്യക്തമാക്കി.

Content Highlights: Ajinkya Shinde has emerged as a figure leading the ongoing protest drawing attention to his background and role in the movement

dot image
To advertise here,contact us
dot image