

സംഗീതരംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിനായുള്ള നിയമം പുറപ്പെടുവിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച നിയമം പുറപ്പെടുവിച്ചത്.
ദുബായിയെ പ്രാദേശികവും അന്തർദേശീയവുമായ സംഗീത-കലാ കേന്ദ്രമായി ഉയർത്തുക, എമിറാത്തി സംഗീത പൈതൃകം സംരക്ഷിക്കുക, പ്രാദേശിക പ്രതിഭകളെ ആഗോളതലത്തിൽ പരിചയപ്പെടുത്തുക എന്നിവയാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. ദുബായിൽ സ്വന്തമായി ഓർക്കസ്ട്ര രൂപീകരിക്കുക, യുഎഇയിലും വിദേശത്തും സംഗീത പരിപാടികളിൽ പങ്കെടുക്കുക, വളർന്നു വരുന്ന സംഗീത പ്രതിഭകൾക്ക് അവസരങ്ങൾ ഒരുക്കുക തുടങ്ങിയ ചുമതലകളും ഫൗണ്ടേഷനുണ്ടാകും. നിശ്ചയദാർഢ്യമുള്ളവർക്ക് സംഗീതരംഗത്ത് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന് പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര ഓർക്കസ്ട്രകളെ ദുബായിലേക്ക് ക്ഷണിക്കുക, സംഗീത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ലോകമെമ്പാടുമുള്ള സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പ്രാദേശിക സംഗീതജ്ഞർക്ക് കൂടുതൽ വേദികൾ ഒരുക്കുന്നതിനായി വാർഷിക സംഗീത പരിപാടികളുടെ കലണ്ടറും തയ്യാറാക്കും. ട്രസ്റ്റീസ് ബോർഡിന്റെ മേൽനോട്ടത്തിലായിരിക്കും ഫൗണ്ടേഷൻ പ്രവർത്തിക്കുക. ദൈനംദിന പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും എക്സിക്യൂട്ടീവ് സംഘം നേതൃത്വം നൽകും. പ്രധാന നയങ്ങൾ, പദ്ധതികൾ, ബജറ്റുകൾ എന്നിവയ്ക്ക് അംഗീകാരം നൽകുന്നതും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ആർട്ടിസ്റ്റിക് ഡയറക്ടറെയും നിയമിക്കുന്നതും ബോർഡായിരിക്കും. കൂടാതെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാൻ സർക്കാർ സ്ഥാപനങ്ങളോടും നിർദേശിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ ബോർഡ് ചെയർമാൻ പുറപ്പെടുവിക്കുമെന്നും അറിയിച്ചു.
Content Highlights: Dubai has issued Law No. 20 of 2026 establishing the Dubai Orchestra Foundation to promote orchestral music, preserve Emirati musical heritage and support local talent.