പ്രതിഷേധം മൗലികാവകാശത്തിന്റെ ഭാഗം, പൊതുസൗകര്യങ്ങള്‍ തടയാനാകില്ല: കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

പൊതുസൗകര്യങ്ങള്‍ തടയുന്നത് സാധാരണ പൗരന്മാരെ ബാധിക്കും. കേന്ദ്രസര്‍ക്കാര്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചുവെന്നും സുപ്രീംകോടതി

പ്രതിഷേധം മൗലികാവകാശത്തിന്റെ ഭാഗം, പൊതുസൗകര്യങ്ങള്‍ തടയാനാകില്ല: കേന്ദ്രത്തിനെതിരെ സുപ്രീംകോടതി
dot image

ന്യൂഡല്‍ഹി: നാളെ നടക്കാനിരിക്കുന്ന സിജെപി സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും നീക്കത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രതിഷേധങ്ങള്‍ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ കോടതി, പൊതുസൗകര്യങ്ങള്‍ സമ്പൂര്‍ണമായി തടയാനാകില്ലെന്നും വ്യക്തമാക്കി. പൊതുസൗകര്യങ്ങള്‍ തടയുന്നത് സാധാരണ പൗരന്മാരെ ബാധിക്കും. കേന്ദ്രസര്‍ക്കാര്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചുവെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. എന്തിനാണ് ഈ അസന്തുലിതാവസ്ഥയെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ ഉറച്ച് നാളെയാണ് ജന്തര്‍ മന്തറിലേക്ക് സിജെപി മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിനെ നേരിടാന്‍ സകല തന്ത്രവും പയറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വിവിധ ഇടങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ കരുതല്‍ തടങ്കലിലാണ്. എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ ലെവോവ പൊലീസ് നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലാണ്. എസ്എഫ്ഐ ജില്ലാ കണ്‍വീനര്‍ ആരിഫിനെയും സമാനമായ രീതിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഷഹരാന്‍പൂരില്‍ നിന്നും അറസ്റ്റ് ചെയ്തതായി സംഘടന ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐ ഉത്തര്‍പ്രദേശ് പ്രസിഡന്റ് രാജ് കുമാറും വീട്ടുതടങ്കലിലാണ്.

ഡല്‍ഹിയിലെ 57 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടാനാണ് നീക്കം. ഇതുസംബന്ധിച്ച് ഡിഎംആര്‍സിക്ക് ഡല്‍ഹി പൊലീസ് കത്ത് നല്‍കിയിരുന്നു. ന്യൂഡല്‍ഹി, ഹസ്രത്, നിസാമുദ്ദീന്‍ എന്നീ സ്റ്റേഷനുകളിലേക്ക് എത്തേണ്ട ട്രെയിനുകള്‍ റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാല് മുതല്‍ വൈകീട്ട് നാല് വരെ എത്തേണ്ട ട്രെയിനുകള്‍ റദ്ദാക്കാനാണ് നീക്കം. സംഘര്‍ഷ മേഖലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തും. പ്രതിഷേധം നേരിടാന്‍ കേന്ദ്രസേനയെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്.

Also Read:

നിയന്ത്രണങ്ങള്‍ക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം പ്രതിഷേധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് സിജെപി പ്രതികരിച്ചത്. സിജെപിയുടെ ജന്തര്‍ മന്തര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സിപിഐഎമ്മും അറിയിച്ചിട്ടുണ്ട്. എം എ ബേബിയും പിണറായി വിജയനമുടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്നാണ് വിവരം.

Content Highlights: The Supreme Court has criticised the Centre and Delhi Police over alleged efforts to suppress the CJP protest scheduled for tomorrow.

dot image
To advertise here,contact us
dot image