'ഗ്യാനേഷ് കുമാറിനെ കാണുന്നതുമായി ബന്ധപ്പെട്ട് ഒരു ആശയവിനിമയവും നടത്തിയില്ല'; കോണ്‍ഗ്രസിനെതിരെ എ എ റഹീം എംപി

രാജ്യത്തെ ജനാധിപത്യത്തെ തകര്‍ത്ത കുറ്റവാളിയെ കാണുന്നതില്‍ എന്ത് ഔചിത്യമാണുള്ളതെന്ന് എ എ റഹീം

'ഗ്യാനേഷ് കുമാറിനെ കാണുന്നതുമായി ബന്ധപ്പെട്ട് ഒരു ആശയവിനിമയവും നടത്തിയില്ല'; കോണ്‍ഗ്രസിനെതിരെ എ എ റഹീം എംപി
dot image

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കാണാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ വിമര്‍ശനവുമായി എ എ റഹീം എംപി. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഗ്യാനേഷ് കുമാറിനെ കാണാന്‍ പോകുന്നു എന്ന രീതിയിലുള്ള ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് എ എ റഹീം കുറ്റപ്പെടുത്തി. ഗ്യാനേഷിനെ കാണുന്നത് എന്തിനാണെന്നും റഹീം ചോദിച്ചു. രാജ്യത്തെ ജനാധിപത്യത്തെ തകര്‍ത്ത കുറ്റവാളിയെ കാണുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്? ഗ്യാനേഷിനെ കാണാന്‍ പോകേണ്ട ഒരാവശ്യവുമില്ലായിരുന്നു. പ്രതിഷേധ മാര്‍ച്ച് മാത്രം സംഘടിപ്പിച്ചാല്‍ മതിയായിരുന്നുവെന്നും റഹീം പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു റഹീമിന്റെ പ്രതികരണം.

ഇന്നലെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തില്‍ അവകാശലംഘന നോട്ടീസ് നല്‍കുമെന്നും എ എ റഹീം എംപി പറഞ്ഞു. റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മോശമായ രീതിയിലാണ് പൊലീസ് പെരുമാറിയത്. പ്രദേശത്ത് പാരാ മിലിറ്ററി ഫോഴ്‌സിന്റെ സാന്നിധ്യം എന്തിനായിരുന്നുവെന്നും റഹീം ചോദിച്ചു. പി സന്തോഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍ എന്നിവര്‍ക്കൊപ്പം രാജ്യസഭാ സെക്രട്ടേറിയറ്റില്‍ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും റഹീം വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെയായിരുന്നു ഡല്‍ഹിയില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ്, ഡെറിക് ഒബ്രിയാന്‍, എ എ റഹീം, ജോണ്‍ ബ്രിട്ടാസ്, പി സന്തോഷ് കുമാര്‍, വി ശിവദാസന്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു.

പാര്‍ലമെന്റ് പരിസരത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു പ്രതിപക്ഷം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആകാശവാണി ഭവന് പരിസരത്തുവെച്ച് മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ പ്രതിഷേധിച്ചു. ബാരിക്കേഡിന് മുകളില്‍ നിന്ന് രാഹുല്‍ ദേശീയപതാക വീശി. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. നേതാക്കളെ പൊലീസ് തടഞ്ഞു. ഇതോടെ കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പൊലീസിനെ തിരിച്ചും തടഞ്ഞു. ഇതിനിടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ ആകാശവാണി ഭവന് അകത്ത് പ്രവേശിച്ച് അവിടെ നിലയുറച്ചു. ഇതോടെ പൊലീസുകാര്‍ കുഴങ്ങി. ഗ്യാനേഷ് കുമാറിനെ കാണണമെന്ന ആവശ്യമായിരുന്നു നേതാക്കള്‍ ഉന്നയിച്ചത്. എന്നാല്‍ അനുമതി ലഭിച്ചില്ല.

രാത്രി 8.10 ഓടെ രാഹുല്‍, പ്രിയങ്ക, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, ദീപേന്ദര്‍ ഹൂഡ എന്നിവരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശക്തമായ പ്രതിരോധമാണ് പൊലീസിനെതിരെ രാഹുല്‍ തീര്‍ത്തത്. ഏറെ നേരത്തെ ചെറുത്തുനില്‍പ്പിനൊടുവില്‍ കിംഗസ് വേ ക്യാമ്പിലേക്ക് നേതാക്കളെ എത്തിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് നേതാക്കളെ പൊലീസ് വിട്ടയച്ചത്.

Content Highlights- CPI(M) Rajya Sabha MP A A Rahim said there had been no communication with Congress regarding a meeting with Gyanesh Kumar.

dot image
To advertise here,contact us
dot image