ഗ്യാനേഷിനെതിരെ പ്രതിഷേധം തുടരാൻ പ്രതിപക്ഷം; രാജ്യദ്രോഹികളായ വോട്ടുകള്ളന്മാൻ രക്ഷപ്പെടില്ലെന്ന് രാഹുൽ ഗാന്ധി

വരും ദിവസങ്ങളിലും രാജ്യതലസ്ഥാനം സമരങ്ങളാല്‍ പ്രക്ഷുബ്ധമാകും

ഗ്യാനേഷിനെതിരെ പ്രതിഷേധം തുടരാൻ പ്രതിപക്ഷം; രാജ്യദ്രോഹികളായ വോട്ടുകള്ളന്മാൻ രക്ഷപ്പെടില്ലെന്ന് രാഹുൽ ഗാന്ധി
dot image

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. വരും ദിവസങ്ങളിലും രാജ്യതലസ്ഥാനം സമരങ്ങളാല്‍ പ്രക്ഷുബ്ധമാകും. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചതിന് പിന്നാലെ സമരം തുടരുമെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു. വോട്ടുകള്ളന്മാര്‍ രാജ്യദ്രോഹികളാണെന്നും രക്ഷപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച് കുറിച്ചു. സമരം തുടരുമെന്നാണ് പ്രിയങ്ക ഗാന്ധി എംപിയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

എസ്‌ഐആറില്‍ അടക്കം ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചുവെന്നുള്ള സഹ കമ്മീഷണര്‍മാരുടെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രവര്‍ത്തനങ്ങള്‍ സംശയമുനയിലായത്. ഇതോടെ ഗ്യാനേഷ് കുമാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ വ്യാപക വിമര്‍ശനവുമയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടിയാണ് ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗ്യാനേഷ് കുമാര്‍ പുറത്തുപോകണമെന്ന ആവശ്യം ഉയര്‍ന്നു. സിജെപിയും ഐസയും എഐഎസ്എഫും അടക്കം പ്രതിഷേധമുഖത്തേയ്ക്ക് എത്തി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടാം തീയതി സിജെപിയുടെ പ്രതിഷേധങ്ങള്‍ക്ക് മുംബൈയില്‍ തുടക്കമിട്ടു. ഗ്യാനേഷ് രാജിവെയ്ക്കും വരെ സമരം നടത്തുമെന്നായിരുന്നു അന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഐസ നേതാവ് നേഹ ബോറയുടെ നേതൃത്വത്തില്‍ ഇടത് സംഘടനകളുടെ പ്രതിഷേധമാണ് രാജ്യതലസ്ഥാനം കണ്ടത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍, നിത്യ രാമകൃഷ്ണന്‍, പല്ലവ് സിസോദിയ, യോഗേന്ദ്ര യാദവ് അടക്കമുള്ളവര്‍ സമരമുഖത്തേയ്ക്ക് എത്തി. നേഹ ബോറയെ അടക്കം ബലം പ്രയോഗിച്ചായിരുന്നു പൊലീസ് സ്ഥലത്തുനിന്ന് നീക്കിയത്. സമരം തുടരുമെന്ന് നേഹ ബോറ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുകുടക്കീഴില്‍ അണിനിരക്കുന്ന മനോഹരക്കാഴ്ചയ്ക്ക് രാജ്യം സാക്ഷ്യംവഹിച്ചു. ഇരുന്നൂറോളം എംപിമാരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.

പാര്‍ലമെന്റ് പരിസരത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു പ്രതിപക്ഷം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആകാശവാണി ഭവന് പരിസരത്തുവെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. ഇതോടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ പ്രതിഷേധിച്ചു. ബാരിക്കേഡിന് മുകളില്‍ നിന്ന് രാഹുല്‍ ദേശീയപതാക വീശി. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. നേതാക്കളെ പൊലീസ് തടഞ്ഞു. ഇതോടെ കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പൊലീസിനെ തിരിച്ചും തടഞ്ഞു. ഇതിനിടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ ആകാശവാണി ഭവന് അകത്ത് പ്രവേശിച്ച് അവിടെ നിലയുറച്ചു. ഇതോടെ പൊലീസുകാര്‍ കുഴങ്ങി. നേതാക്കളുടെ പ്രതിഷേധം രാത്രിവരെ തുടര്‍ന്നു. രാത്രി 8.10 ഓടെ രാഹുല്‍, പ്രിയങ്ക, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, ദീപേന്ദര്‍ ഹൂഡ എന്നിവരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശക്തമായ പ്രതിരോധമാണ് പൊലീസിനെതിരെ രാഹുല്‍ തീര്‍ത്തത്. ഏറെ നേരത്തെ ചെറുത്തുനില്‍പ്പിനൊടുവില്‍ കിംഗ്സ് വേ ക്യാമ്പിലേക്ക് നേതാക്കളെ എത്തിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് നേതാക്കളെ പൊലീസ് വിട്ടയച്ചത്. പുറത്തിറങ്ങി കാറില്‍ പോകുന്നതിനിടെ രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിക്കാട്ടിയിരുന്നു.

Content Highlights- Rahul Gandhi said the opposition would continue its protest against Gyanesh and alleged that those involved in vote fraud would not escape. 

dot image
To advertise here,contact us
dot image