രാജ്യസഭാ തെരഞ്ഞെടുപ്പ്: ഉത്തർപ്രദേശിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP; ഹർദീപ് സിങ് പുരി പുറത്ത്

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 16ന് നടക്കും

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഉത്തർപ്രദേശിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP; ഹർദീപ് സിങ് പുരി പുറത്ത്
dot image

ലഖ്നൌ: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിൽ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രിയായ ഹര്‍ദീപ് സിങ് പുരി അടക്കടമുള്ള സിറ്റിങ് എം പിമാരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബിജെപി ജനറല്‍ സെക്രട്ടറിയായി അടുത്തിടെ നിയമിതയായ സ്മൃതി ഇറാനിയുടെ പേരും പട്ടികയിലില്ല.

ധരംപാല്‍ സിംഗ്, രാധാകാന്ത് ഓജ, പ്രകാശ് പാല്‍, വിദ്യാസാഗര്‍ സോങ്കര്‍, ഗോപി കൃഷ്ണ പാണ്ഡെ, പ്രിയങ്ക സിങ് റാവത്ത്, രാം പ്രതാപ് സിങ് ചൗഹാന്‍, ശ്രുതി ഗാംഗ്വാര്‍ എന്നിവരാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സാമൂഹിക, പ്രാദേശിക, ജാതി സംയോജനങ്ങള്‍ കണക്കിലെടുത്താണ് ഈ എട്ട് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പാര്‍ട്ടി അംഗീകരിച്ചതെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 16ന് നടക്കും. വോട്ടെണ്ണലും അന്നുതന്നെ നടക്കും.

ബിജെപി ഹര്‍ദീപ് പുരിയെ രണ്ടുതവണ രാജ്യസഭയിലേക്ക് അയച്ചിട്ടുണ്ട്. ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിലവിലെ രാജ്യസഭാ കാലാവധി നവംബറില്‍ അവസാനിക്കും. അതിനുശേഷവും ആറ് മാസം കൂടി സാങ്കേതികമായി അദ്ദേഹത്തിന് മന്ത്രിസ്ഥനത്ത് തുടരാനാകുമെന്നാണ് വിവരം. അതിനിടെ വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുക്കുമ്പോള്‍ മോദി മന്ത്രിസഭയിലെ ഏക സിഖ് മന്ത്രിയായ പുരിയെ അതുവരെ നിലനിര്‍ത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം,കേന്ദ്ര മന്ത്രിസഭയില്‍ ഒരു പുനഃസംഘടനയ്ക്കുള്ള സാധ്യതയും ഇതിലൂടെ വ്യക്തമാകുന്നുണ്ട്. കാലാവധി കഴിയുന്ന മറ്റ് സിറ്റിങ് എംപിമാരും പുതിയ പട്ടികയില്‍ ഇല്ലെന്നതും അത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്.

Content Highlights: The BJP has announced eight candidates for the Uttar Pradesh Rajya Sabha elections, leaving Union Minister Hardeep Singh Puri out of the list.

dot image
To advertise here,contact us
dot image