

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ രവി നായരുടെ ഡൽഹിയിലെയും പാലക്കാട്ടെയും വീടുകളില്‍ റെയ്ഡ്. രവി നായരുടെയും അദ്ദേഹത്തിന്റെ മകന്റെയും സുഹൃത്തിന്റെയും ലാപ്ടോപ്പ് അടക്കമുള്ള ഉപകരണങ്ങള്‍ ഗുജറാത്ത് പൊലീസ് പിടിച്ചെടുത്തു. റെയ്ഡിനെതിരെ ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. തിങ്കളാഴ്ചയാണ് റെയ്ഡ് നടന്നത്. അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി പുറത്തിറക്കിയ വാറണ്ടിലാണ് പൊലീസ് നടപടി. വാറണ്ടില്‍ രവി നായരുടെ വീടുകള്‍ പരിശോധിക്കാമെന്നും അത്യാവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ പൊലീസ് അദ്ദേഹത്തിന്റെ മകന്റെയും സഹപ്രവര്‍ത്തകന്‍ സച്ചി ഹെഗ്ഡേയുടെയും ലാപ്‌ടോപ്പും ഐപ്പാഡും അടക്കം പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ രവി നായരുടെ മകനോ സഹപ്രവര്‍ത്തകനോ യാതൊരു ബന്ധവും ഇല്ലാതിരിക്കെയാണ് പൊലീസ് നടപടി.
അദാനി ഗ്രൂപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ രവി നായര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ തള്ളാന്‍ ഗുജറാത്ത് ഹൈക്കോടതി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി. വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന ലേഖനവുമായി ബന്ധപ്പെട്ടാണ് അദാനി ഗ്രൂപ്പ് രവി നായര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എല്‍ഐസി അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തി എന്നായിരുന്നു ലേഖനത്തിലെ പ്രധാന ആക്ഷേപം.
ഗുജറാത്തില്‍ റെയ്ഡ് നടക്കുമ്പോള്‍ രവി നായര്‍ കേരളത്തിലായിരുന്നു. പൊലീസ് പരിശോധനയ്ക്കായി എത്തിയ സമയം രവി നായരുടെ ഡൽഹിയിലെ വീട്ടില്‍ സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. അഞ്ചോളം ഇലക്ട്രോണിക് ഉപകരണങ്ങളാണ് പൊലീസ് ഇവിടെനിന്ന് പിടിച്ചെടുത്തത്. എന്നാല്‍ മൂന്നുപേരിലൊരാള്‍ക്ക് പോലും ഉപകരണങ്ങളുടെ ഹാഷ് വാല്യൂ ലഭ്യമാക്കിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിൽ നിയമപാലകർ നടത്തുന്ന അനിയന്ത്രിതമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്ന 2023 നവംബര്‍ 7ന് സുപ്രീം കോടതി നടത്തിയ പരാമർശത്തിന്റെ ലംഘനമാണിതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
2026 മെയ് 31നാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ രവി നായര്‍ക്കെതിരെ അദാനി ജീവനക്കാരനായ ദുഷ്യന്ത് ജോഷി പരാതി നല്‍കുന്നത്. വ്യാജവും കെട്ടിച്ചമച്ചതുമായ വാര്‍ത്തയാണ് രവി നല്‍കിയതെന്നാണ് ആരോപണം.
Content Highlights: Gujarat Police conducted a raid at journalist Ravi Nair's residence and seized his laptop along with other items. The search reportedly involved electronic devices as part of the police action