

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കയുടെ മൂന്നാം ദിനം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ടെസ്റ്റില്‍ 350 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ട ജഡേജ മറ്റൊരു നേട്ടവും സ്വന്തമാക്കി.
മുന്‍ ഇന്ത്യൻ നായകന്‍ കപില്‍ ദേവിനൊപ്പം എലൈറ്റ് ക്ലബ്ബിലാണ് താരം ഇടം നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 4,000 റൺസും 350-വിക്കറ്റുകളും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായാണ് ജഡേജ മാറിയത്. ലോകത്തിലെ നാലാമത്തെ മാത്രം ഓള്‍ റൗണ്ടറുമെന്ന നേട്ടവും ഇതോടപ്പമുണ്ട്.
കപിൽ ദേവ് (5,248 റൺസ്, 434 വിക്കറ്റ്), ഇംഗ്ലണ്ടിന്‍റെ ഇയാൻ ബോഥം (5,200 റൺസ്, 383 വിക്കറ്റ്), ന്യൂസിലൻഡിന്‍റെ ഡാനിയൽ വെട്ടോറി (4,531 റൺസ്, 362 വിക്കറ്റ്) എന്നിവരാണ് ഈ നേട്ടത്തില്‍ ജഡേജയുടെ മുന്‍ഗാമികള്‍.
ഇന്ത്യൻ താരങ്ങളില്‍ അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ, കപിൽ ദേവ്, ഹർഭജൻ സിംഗ് എന്നിവർക്ക് ശേഷം ടെസ്റ്റില്‍ 350 വിക്കറ്റുകൾ പൂർത്തിയാക്കുന്ന അഞ്ചാമത്തെ ബൗളർ മാത്രമാണ് ജഡേജ.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇടങ്കയ്യൻ സ്പിന്നർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ജഡേജയിപ്പോള്‍. ശ്രീലങ്കയുടെ രംഗണ ഹെറാത്ത് (433), ന്യൂസിലൻഡിന്‍റെ ഡാനിയൽ വെട്ടോറി (362) എന്നിവരാണ് ജഡേജയ്ക്ക് മുന്നിലുള്ളത്.
content highlights: ravindra jadeja joins kapil dev rare test record