അബുദാബിയെ ആവേശത്തിലാക്കി പരുന്ത് ലേലം; ലക്ഷങ്ങൾക്ക് വിറ്റഴിഞ്ഞ് യുഎഇ പരുന്തുകൾ

തദ്ദേശീയമായി ഉത്പ്പാദിപ്പിച്ച പെൺ പരുന്തുകൾക്കും അതീവ അപൂർവ്വമായ വെള്ള 'ജീർ പ്യുവർ' പരുന്തുകൾക്കുമായി വ്യാപാരികളും ഫാൽക്കണർമാരും തമ്മിൽ വാശിയേറിയ മത്സരം നടന്നു.

അബുദാബിയെ ആവേശത്തിലാക്കി പരുന്ത് ലേലം; ലക്ഷങ്ങൾക്ക് വിറ്റഴിഞ്ഞ് യുഎഇ പരുന്തുകൾ
dot image

അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷന്റെ (ADIHEX) ഭാഗമായി വൻ ഫാൽക്കൺ ലേലത്തിന് വഴിതുറന്നു. അബുദാബി എഡിനെക് (ADNEC) സെന്ററിൽ സംഘടിപ്പിച്ച ലേലത്തിൽ ഒരൊറ്റ രാത്രി കൊണ്ട് ആറ് അപൂർവ്വയിനം ഫാൽക്കണുകളാണ് വിറ്റഴിച്ചത്. മൊത്തം 3,26,000 (85,000ത്തോളം ഇന്ത്യൻ രൂപ) ദിർഹത്തിന്റെ ലേലവിളികളാണ് ഹാളിൽ മുഴങ്ങികേട്ടത്. തദ്ദേശീയമായി ഉത്പ്പാദിപ്പിച്ച പെൺ പരുന്തുകൾക്കും അതീവ അപൂർവ്വമായ വെള്ള 'ജീർ പ്യുവർ' പരുന്തുകൾക്കുമായി വ്യാപാരികളും ഫാൽക്കണർമാരും തമ്മിൽ വാശിയേറിയ മത്സരം നടന്നു.

വൈഎസ്എൽ (YSL) ഫാമിൽ നിന്നുള്ള അപൂർവ്വയിനം വെളുത്ത 'ജീർ പ്യുവർ' പരുന്തിനെ സ്റ്റാൻഡിൽ അവതരിപ്പിച്ച നിമിഷം ലേലഹാളിൽ ആകാംഷയും നിശബ്ദതയും നിറഞ്ഞുനിന്നു. 20,000 ദിർഹത്തിൽ ആരംഭിച്ച ലേലം വിളി, ക്രമേണ ഉയർന്ന് 38,000 ദിർഹത്തിലാണ് അവസാനിച്ചത്.

ലേലത്തിൽ ഏറ്റവും കൂടുതൽ ആവേശം വിതറിയത് ഭൈരാൻ ഫാമിൽ നിന്നുള്ള യുഎഇ നിർമ്മിത 'ഖർമൗഷ പ്യുവർ' പരുന്തിന്റെ വിൽപ്പനയായിരുന്നു. 20,000 ദിർഹത്തിൽ തുടങ്ങിയ ഈ ലേലം നിമിഷങ്ങൾക്കകം കുതിച്ചുയർന്ന് 2,00,000 ദിർഹമെന്ന (52 ലക്ഷത്തിലധം ഇന്ത്യൻ രൂപ) വൻ തുകയിലെത്തിയാണ് അവസാനിച്ചത്. യുഎഇയിലെ പ്രാദേശിക മത്സരങ്ങളിൽ മികച്ച റെക്കോർഡുള്ള ഈ പക്ഷിയുടെ ശരീരഘടനയും തൂവലുകളുടെ വിന്യാസവും ലേലക്കാരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

ഉദ്ഘാടന ദിനത്തിലെ ലേലത്തിൽ 2,50,000 ദിർഹത്തിന് 'ജീർ പ്യുവർ സൂപ്പർ വൈറ്റ്' പരുന്തിനെ സ്വന്തമാക്കിയ പ്രമുഖ ഫാൽക്കണർ ഖാലിദ് ബിൻ സൈഫാൻ അൽ മുഹൈരി തന്നെയായിരുന്നു ഈ ചടങ്ങിലെയും പ്രധാന താരം. യുഎഇയിൽ തന്നെ പ്രജനനം നടത്തുന്ന ഇത്തരം ശുദ്ധമായ പരുന്തുകളെ പിന്തുണയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വേട്ടയാടൽ, മത്സരങ്ങൾ, സൗന്ദര്യമത്സരങ്ങൾ എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ അപൂർവ്വ ഇനങ്ങൾക്കായി ഒരു മില്യൺ ദിർഹം വരെ ചെലവഴിക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 1983 മുതൽ കുടുംബപരമായി ലഭിച്ച ഫാൽക്കൺ അഭിനിവേശവും സഹിഷ്ണുതയുമാണ് ഈ രംഗത്ത് തുടരാൻ തനിക്ക് പ്രചോദനമേകുന്നതെന്നും അദ്ദേഹം പങ്കുവെച്ചു.

മറ്റ് പ്രമുഖ ഇനങ്ങളിൽ ബ്രിട്ടീഷ് ജീർ പ്യുവർ 30,000 ദിർഹത്തിനും ബ്രിട്ടീഷ് വൈറ്റ് ഖർമൗഷ പ്യുവർ 23,000 ദിർഹത്തിനും വിറ്റഴിഞ്ഞു. മറ്റ് തദ്ദേശീയ ഇനങ്ങൾ 13,000 മുതൽ 22,000 ദിർഹം വരെയുള്ള വിലമതിപ്പിലാണ് ലേലത്തിൽ പോയത്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ആറ് വരെയുള്ള ദിവസങ്ങളിൽ എഡിഹെക്‌സ് പ്രദർശനത്തിന്റെ ഭാഗമായി കൂടുതൽ ലേലങ്ങൾ നടക്കാനിരിക്കുകയാണ്.

Content Highlights: A falcon auction in Abu Dhabi attracted considerable attention, with UAE falcons being sold for thousands of dirhams. The event highlighted the region's enduring cultural connection with falconry.

dot image
To advertise here,contact us
dot image