ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ വൻ കുതിച്ചുചാട്ടം: ഇറക്കുമതിക്ക് പൂട്ടിട്ട് ഇന്ത്യ; 69,000 കോടിയുടെ നിക്ഷേപം

ഇലക്ട്രോണിക്സ് ഘടകങ്ങളുടെ പ്രാദേശിക ഉൽപ്പാദനം വർധിച്ചതോടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ത്യ വൻതോതിൽ കുറച്ചിരിക്കുകയാണ്.

ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ വൻ കുതിച്ചുചാട്ടം: ഇറക്കുമതിക്ക് പൂട്ടിട്ട് ഇന്ത്യ; 69,000 കോടിയുടെ നിക്ഷേപം
dot image

ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമ്മാണ രംഗത്ത് വൻ മുന്നേറ്റവുമായി ഇന്ത്യ. രാജ്യത്തെ ഇലക്ട്രോണിക്സ് ഘടകഭാഗ നിർമ്മാണ പദ്ധതിക്ക് (ഇലക്ട്രോണിക്സ് കോംപോണേന്റ് മാനുഫാക്ച്ചറിങ് സ്‌കീം - ഇസിഎംഎസ്) കീഴിൽ ആകെ നിക്ഷേപം 69,000 കോടി രൂപ കടന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്ന 59,000 കോടി രൂപയുടെ പ്രാഥമിക ലക്ഷ്യത്തെ മറികടന്നാണ് ഈ നേട്ടം.

ഇലക്ട്രോണിക്സ് ഘടകങ്ങളുടെ പ്രാദേശിക ഉൽപ്പാദനം വർധിച്ചതോടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ത്യ വൻതോതിൽ കുറച്ചിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ നിലവിൽ അഞ്ച് ഘട്ടങ്ങളിലായി 106 പ്രൊജക്റ്റുകൾക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്. 31 പുതിയ നിർദ്ദേശങ്ങൾ കൂടി പദ്ധതിയുടെ ഭാഗമായി അടുത്തിടെ അംഗീകരിച്ചു.

59,000 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് ലഭിച്ചത് 69,000 കോടിയിലധികം രൂപയുടെ സ്വകാര്യ നിക്ഷേപം. എൻക്ലോസറുകൾ, റിലേകൾ, ഓപ്റ്റിക്കൽ ട്രാൻസീവറുകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ പൂർണ്ണ ആത്മനിർഭരത കൈവരിച്ചു. ലിഥിയം അയൺ സെല്ലുകളിൽ 60 ശതമാനവും ലാമിനേറ്റുകളിൽ 80 ശതമാനവും കണക്ടറുകളിൽ 75 ശതമാനവും ആവശ്യകതകൾ രാജ്യം തന്നെ ഉൽപ്പാദിപ്പിക്കുന്നു.

ഈ പദ്ധതിയിലൂടെ 75,000 നേരിട്ടുള്ള തൊഴിലവസരങ്ങളും, പരോക്ഷമായി 2.5 ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പാദനം ഏഴിരട്ടി വർധിച്ച് 13 ലക്ഷം കോടി രൂപയോളമെത്തി. കയറ്റുമതിയിൽ 11 ഇരട്ടിയുടെ വൻ വളർച്ചയാണുണ്ടായത്. പിസിബി, ആനോഡ് മെറ്റീരിയലുകൾ എന്നിവ ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇപ്പോൾ കയറ്റി അയക്കുന്നുമുണ്ട്.

ഡിസൈൻ ശേഷി വർദ്ധിപ്പിക്കൽ, പ്രാദേശിക സപ്ലൈ ചെയിൻ ശക്തിപ്പെടുത്തൽ, സിക്സ് സിഗ്മ ഗുണനിലവാരം പുലർത്തൽ, വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കൽ എന്നിവയിലാണ് ഇനി രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights:Investments under the Electronics Component Manufacturing Scheme (ECMS) crossed ₹69,000 crore, exceeding the government's target of ₹59,000 crore.India achieved 100% self-reliance in key components like enclosures, relays, optical transceivers, and anode materials.Shifted from import substitution to exporting critical components—including exporting Printed Circuit Boards to China.Over 106 total projects cleared across five tranches, expected to generate 75,000 direct jobs and around 2.5 lakh indirect jobs.

dot image
To advertise here,contact us
dot image