നരേന്ദ്ര മോദിയുടെ വിദേശനയം സംബന്ധിച്ച രാഹുലിൻ്റെ വിമർശനം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം സമീപ വര്‍ഷങ്ങളില്‍ എല്ലാ മേഖലകളിലും കൂടുതല്‍ ശക്തിപ്പെടുകയും വിപുലപ്പെടുകയും ചെയ്തതായി ജയ്സ്വാള്‍ വ്യക്തമാക്കി

നരേന്ദ്ര മോദിയുടെ വിദേശനയം സംബന്ധിച്ച രാഹുലിൻ്റെ വിമർശനം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം
dot image

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ വിമര്‍ശിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ പരാമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. നയതന്ത്ര സംഭാഷണങ്ങളില്‍ പരസ്പര ബഹുമാനം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സന്ദീപ് ദീക്ഷിത്തിനുമാണ് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയത്.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം സമീപ വര്‍ഷങ്ങളില്‍ എല്ലാ മേഖലകളിലും കൂടുതല്‍ ശക്തിപ്പെടുകയും വിപുലപ്പെടുകയും ചെയ്തതായി ജയ്സ്വാള്‍ വ്യക്തമാക്കി. പരസ്പര ധാരണയും ബഹുമാനവും കാത്തുസൂക്ഷിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനിലാണ് മോദിയുടെ വിദേശനയത്തെ രാഹുല്‍ ഗാന്ധി വിമർശിച്ചത്. വിദേശനയം എന്നത് വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്നതാണെന്ന ആശയം എവിടെ നിന്നാണ് വന്നതെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. കുട്ടിക്കാലത്ത് മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിക്കൊപ്പം അമേരിക്ക സന്ദര്‍ശിച്ച അനുഭവവും രാഹുല്‍ ഗാന്ധി പങ്കുവച്ചിരുന്നു.

രാജ്യാന്തര സന്ദര്‍ശനങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോകുന്നതുപോലെയല്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആര്‍എസ്എസിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇപ്പോഴത്തെ ആര്‍എസ്എസ് വന്‍കിട മൂലധനത്തിന്റെ ഉപകരണമായി മാറിയെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. രാജ്യത്തെ മനസ്സിലാക്കാന്‍ പുരാതന ചരിത്രത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോരെന്നും ഇന്ത്യ ഇന്ന് എങ്ങനെയാണെന്ന് മനസ്സിലാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രസ്താവനയ്ക്കിടെ രാഹുല്‍ വേദിയില്‍ സന്ദീപ് ദീക്ഷിത്തിനെ ആലിംഗനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിയെയും പരാമര്‍ശിച്ചായിരുന്നു ഇരുവരുടെയും സംഭാഷണം. ഈ വിഷയത്തിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മറുപടി നല്‍കിയത്. സമീപ വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായെന്നും അത് തുടര്‍ന്നും മെച്ചപ്പെടുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ജയ്സ്വാള്‍ വ്യക്തമാക്കി.

വിദേശ നേതാക്കളുമായുള്ള വ്യക്തിബന്ധങ്ങളെയാണ് പ്രധാനമന്ത്രി വിദേശനയമായി കാണുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിദേശനയത്തെ പരാമര്‍ശിച്ച അദ്ദേഹം, ഇന്ത്യയുടെ വിദേശനയം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും അഭിപ്രായപ്പെട്ടു.

Content Highlights: Rahul Gandhi’s ‘hug diplomacy’ jibe over Giorgia Meloni draws an MEA response, with India stressing strong Italy ties and mutual respect in diplomacy

dot image
To advertise here,contact us
dot image